LiveTV

Live

Entertainment

മോദി ചിത്രം ‘പി.എം നരേന്ദ്ര മോദി’ നാളെ തിയേറ്ററുകളില്‍  

മോദി ചിത്രം ‘പി.എം നരേന്ദ്ര മോദി’ നാളെ തിയേറ്ററുകളില്‍  

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ചിത്രം പി.എം നരേന്ദ്രമോദി നാളെ റിലീസ് ചെയ്യും. ഇന്ത്യയ്ക്കും ജിസിസിയ്ക്കും പുറമെ ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ, ഫിജി തുടങ്ങി നിരവധി രാജ്യങ്ങളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

വിവേക് ഒബ്‌റോയ് ആണ് ചിത്രത്തില്‍ മോദിയായെത്തുന്നത്. ചിത്രം അഞ്ചിന് തിയ്യറ്ററുകളിലെത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ വിവാദങ്ങളെത്തുടര്‍ന്ന് റിലീസ് മാറ്റിവെക്കുകയായിരുന്നു.

മോദിയെക്കുറിച്ചുള്ള ചിത്രം 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് റിലീസ് ചെയ്യുന്നത് വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തു വന്നിരുന്നു. കേസില്‍ ഏപ്രില്‍ എട്ടിനാണ് സുപ്രീം കോടതി വാദം കേള്‍ക്കുന്നത്. സിനിമ നാല് ബി.ജെ.പി അനുഭാവികളാണ് നിര്‍മിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവായ അമന്‍ പന്‍വാര്‍ പരാതിയില്‍ പറഞ്ഞിരുന്നു. നേരത്തെ മധ്യപ്രദേശ്, ബോംബെ ഹൈക്കോടതികള്‍ സിനിമയുടെ റിലീസ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചിരുന്നു.

പിഎം നരേന്ദ്രമോദി എന്ന ചിത്രം ഒമുങ് കുമാറാണ് സംവിധാനം ചെയ്യുന്നത്. മേരി കോം, സരബ്ജിത്ത്, ഭൂമി എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ഒമുങ്. വിവേക് ഒബ്‌റോയിയുടെ പിതാവും പ്രശസ്ത നിര്‍മാതാവുമായ സുരേഷ് ഒബ്‌റോയിയും സന്ദീപ് സിംഗും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കഥാപാത്രത്തിന്റെ പൂര്‍ണതക്ക് വേണ്ടി ശില്‍പ്പശാലകളില്‍ പങ്കെടുത്തിരുന്നു വിവേക്.