LiveTV

Live

Entertainment

മഞ്ജു വാര്യര്‍, മംമ്ത,റിമി ടോമി; താര വിവാഹമോചനങ്ങളില്‍ മലയാളിക്കെന്താണ് ഇത്ര അസഹിഷ്ണുത?

അടക്കവും ഒതുക്കവുമുള്ള മലയാളി പെണ്ണുങ്ങള്‍ക്ക് മുഴുവന്‍ ചീത്തപ്പേരുണ്ടാക്കുന്നവളായിട്ടാണ് തുടക്കം തൊട്ടു തന്നെ മലയാളി റിമിയെ കണ്ടത്.

 മഞ്ജു വാര്യര്‍, മംമ്ത,റിമി ടോമി; താര വിവാഹമോചനങ്ങളില്‍ മലയാളിക്കെന്താണ് ഇത്ര അസഹിഷ്ണുത?

മലയാളിയുടെ സദാചാരത്തിന്റെ ചൂരല്‍വടിയുടെ ചൂട് ഏറ്റവും കൂടുതല്‍ ഏല്‍ക്കാറുള്ള വിഭാഗമാണ് താരങ്ങള്‍, പ്രത്യേകിച്ചും സിനിമാതാരങ്ങള്‍ തന്നെ. താരങ്ങളുടെ സിനിമകള്‍ മാത്രമല്ല കേശാദിപാദം മുതല്‍ വസ്ത്രധാരണം, വ്യക്തി ജീവിതം എന്നിവയെല്ലാം വിമര്‍ശന വിധേയമാകാറുണ്ട്. തങ്ങള്‍ വരച്ച ചട്ടക്കൂടിനുള്ളില്‍ നിന്നും പുറത്തുകടന്നാല്‍ അവരെയെല്ലാം നമ്മള്‍ വാക്കുകളിലൂടെ ആക്രമിക്കും, പരിഹസിക്കും എങ്ങിനെയും നാണം കെടുത്തിക്കൊണ്ടേയിരിക്കും. സോഷ്യല്‍ മീഡിയയുടെ കടന്നുവരവോടെ അതിന് പൊതുവായ ഒരു വേദി കൂടി കിട്ടി. മലയാളിയുടെ കണ്ണില്‍ പിടിക്കാത്ത ഒന്നാണ് വിവാഹ മോചനങ്ങള്‍. അത് സിനിമാ താരങ്ങളാണെങ്കില്‍ പിന്നെ പറയുകയെ വേണ്ടാ. തെറിവിളികളും ഇക്കിളിക്കഥകളുമൊക്കെയായി നാമടങ്ങുന്ന സമൂഹം അതിനെ ആഘോഷമാക്കി മാറ്റും.

ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒന്നാണ് നടിയും അവതാരകയും ഗായികയുമായ റിമി ടോമിയുടെ വിവാഹ മോചന വാര്‍ത്ത. കാത്തിരുന്ന ഒരു വാര്‍ത്ത പോലെ സോഷ്യല്‍ മീഡിയ അതിനെ ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ അതിനെക്കുറിച്ച് റിമി ടോമിയോ ഭര്‍ത്താവ് ഇതുവരെ സ്ഥിരീകരണവുമായി രംഗത്തു വന്നില്ലെങ്കിലും അവരുടെ വിവാഹ മോചനക്കേസ് സമൂഹം തന്നെ തീര്‍പ്പാക്കിക്കൊടുത്തിട്ടുണ്ട്. ഇത്തരം വാര്‍ത്തകളോട് മലയാളി പ്രതികരിക്കുന്ന രീതിയാണ് ഏറ്റവും ദയനീയം. അശ്ലീല കമന്റുകളും ചീത്ത വിളികളുമാണ് ഇത്തരം വാര്‍ത്തകളുടെ താഴെ കമന്റുകളായി നിറയുന്നത്. ഇവളെ കല്ലടയില്‍ കയറ്റി കൊന്നൂടെ, ഇവള്‍ക്കൊക്കെ എന്തിന്റെ സൂക്കേടാണ്, അയാളെ സമ്മതിക്കണം എന്നിങ്ങനെ പോകുന്നു വഷളന്‍ കമന്റുകള്‍.

അടക്കവും ഒതുക്കവുമുള്ള മലയാളി പെണ്ണുങ്ങള്‍ക്ക് മുഴുവന്‍ ചീത്തപ്പേരുണ്ടാക്കുന്നവളായിട്ടാണ് തുടക്കം തൊട്ടു തന്നെ മലയാളി റിമിയെ കണ്ടത്. ഗാനമേളകളില്‍ ആടിപ്പാടി ഡാന്‍സ് ചെയ്യുന്ന റിമിയെ അത്രക്കൊന്നും നമുക്ക് പിടിക്കുന്നുണ്ടായിരുന്നില്ല. അവതാരകയുടെ റോള്‍ കൂടി ഏറ്റെടുത്തതോടെ എത്ര അടക്കി വച്ചിട്ടും സദാചാര ചിന്തകള്‍ വീണ്ടും മുള പൊട്ടാന്‍ തുടങ്ങി. ചാനലുകളില്‍ ഏതൊരു ഗൌരവക്കാരനെയും മസ്സില് വിട്ട് പൊട്ടിച്ചിരിപ്പിക്കുന്ന അവതാരകയാണ് റിമി. സ്വന്തം ഇമേജ് പോലും നോക്കാതെ അവര്‍ക്കൊപ്പം ആടിപ്പാടി, ചേര്‍ത്തു പിടിച്ചു. റിമിയുടെ ഷോ വന്‍വിജയമാകുന്നത് പലപ്പോഴും ഒന്നും നോക്കാതെയുള്ള ഈ പെരുമാറ്റത്തിലൂടെയായിരുന്നു. എന്ത് വിചാരിക്കും എന്ന ചിന്ത റിമിക്കുണ്ടായിരുന്നില്ല, തനിക്കെന്തു തോന്നുന്നു എന്ന രീതിയിലായിരുന്നു അവര്‍ അവതാരകയായി പ്രേക്ഷകരോട് സംസാരിച്ചത്. അപ്പോഴെല്ലാം മലയാളി ചോദ്യ ശരങ്ങളുമായി ഞെളിഞ്ഞു നിന്നു. ഇവളുടെ ഭര്‍ത്താവിന് നട്ടെല്ലില്ലേ.., അയാള്‍ എങ്ങിനെ ഇവളെ സഹിക്കുന്നു...സമൂഹത്തിന്റെ സംശയങ്ങള്‍ തീരുന്നുണ്ടായിരുന്നില്ല. ഒരു ടെക്സ്റ്റൈല്‍സിന്റെ ഉദ്ഘാടനത്തിനെത്തിയ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ റിമിയെ വേദിയില്‍ വച്ച് എടുത്തു പൊക്കിയതുമെല്ലാം മലയാളിക്ക് അങ്ങേയറ്റം സഹിക്കാവുന്നിതനുമപ്പുറമായിരുന്നു.

ചാനലുകളില്‍ മിന്നിത്തിളങ്ങുമ്പോഴാണ് റിമിയെക്കുറിച്ചുള്ള ഏറ്റവും പുതിയ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. അതും വിവാഹ മോചനം....ഇനി അതിന്റെ പിന്നാലെയുള്ള പരക്കംപാച്ചിലിലായിരിക്കും സോഷ്യല്‍ മീഡിയയും സമൂഹത്തിലെ കുറച്ചു പേരെങ്കിലും.

ഇതിനു മുന്‍പ് വിവാഹ മോചന വാര്‍ത്ത ഏറ്റവും ചര്‍ച്ചയായത് മഞ്ജു വാര്യരുടെതായിരുന്നു. മഞ്ജുവിന്റെ രണ്ടാം വരവും ഇതിന് ആക്കം കൂട്ടി. കുടുംബത്തെ വിട്ട് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്കിറങ്ങിയ മോശം സ്ത്രീ എന്ന പട്ടം നല്ല നടി എന്ന പേര് കേള്‍പ്പിച്ച മഞ്ജുവിന് ചാര്‍ത്തിക്കൊടുത്തു. മഞ്ജു-ദിലീപ് ദമ്പതികളുടെ മകള്‍ മീനാക്ഷി അമ്മക്കൊപ്പം നില്‍ക്കാതെ അച്ഛനോടൊപ്പം പോയതും മഞ്ജുവിനെ കുറ്റക്കാരിയാക്കാന്‍ സമൂഹത്തിന് കിട്ടിയ ഒരു പിടിവള്ളിയായിരുന്നു. ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ മഞ്ജുവിനെ നല്ല കുടുംബിനിയാക്കാന്‍ ശ്രമിക്കുന്നവരുണ്ട്. ഇപ്പോഴും മഞ്ജു ഒരു ഫോട്ടോ ഇടുമ്പോള്‍ അതിന് താഴെ വരുന്ന കമന്റുകള്‍ ശ്രദ്ധിച്ചാല്‍ മനസിലാകും മലയാളിയുടെ അസഹിഷ്ണുതയുടെ ആഴം എത്രത്തോളമുണ്ടെന്ന്.

മംമ്ത മോഹന്‍ദാസ്, പ്രിയങ്കാ നായര്‍, ദിവ്യാ ഉണ്ണി തുടങ്ങിയവരുടെ വിവാഹ മോചന പുറത്തുവന്നപ്പോഴും ഇതു തന്നെയായിരുന്നു അവസ്ഥ. ഈ നടിമാരെയെല്ലാം 'സൂക്കേട്' എന്ന ഒറ്റ വാക്കില്‍ കൊരുത്ത് മലയാളി അധിക്ഷേപിച്ചു. രണ്ട് കുട്ടികളുള്ള ദിവ്യാ ഉണ്ണിയുടെ പുനര്‍വിവാഹ വാര്‍ത്ത ഒട്ടും ഇഷ്ടപ്പെട്ടില്ല പ്രബുദ്ധ സമൂഹത്തിന്. വിവാഹ മോചിതയായതും പോരാ വീണ്ടും കല്യാണം കഴിച്ചതായിരുന്നു ദിവ്യ ചെയ്ത രണ്ടാമത്തെ തെറ്റ്. പുനര്‍വിവാഹത്തിന്റെ പിന്നാമ്പുറക്കഥകളുണ്ടാക്കി ചില മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും.

നടീനടന്‍മാരുടെ വിവാഹ വാര്‍ത്ത പുറത്തു വരുമ്പോഴും ഇതു തന്നെയാണ് അവസ്ഥ. ഇത് എത്ര ദിവസത്തെക്കാണ്, എത്രാമത്തെയാണ് എല്ലാം അറിയണം നമുക്ക്. ഈയിടെ യുവതാരം ഐമ സെബാസ്റ്റ്യന്‍ ഭര്‍ത്താവിനൊടൊപ്പം ഇട്ട ഫോട്ടായ്ക്ക് താഴെ വന്ന കമന്റിന് നടി തന്നെ ചുട്ട മറുപടി കൊടുത്തിരുന്നു. പ്രസവ ശേഷമുള്ള നടി ശരണ്യ മോഹന്റെ ഫോട്ടോ കണ്ട് അശ്ലീല കമന്റ് നടത്തിയ അഭ്യുദയകാംക്ഷിക്കെതിരെ ശരണ്യയുടെ ഭര്‍ത്താവ് തന്നെ രംഗത്ത് വന്നിരുന്നു.

സിനിമയോ സ്പോര്‍ട്സോ ഏത് മേഖലയിലെ താരങ്ങളായാലും അവര്‍ തങ്ങളുടെ പൊതുസ്വത്താണെന്ന ധാരണ വച്ചുപുലര്‍ത്തുന്നവരാണ് പൊതുവെ മലയാളികള്‍. തങ്ങളുടെ കുടുംബാംഗത്തെ പോലെയാണ് അവരെ കാണുന്നതെന്ന സ്നേഹത്തിന്റെ മറ അതിനോട് ചേര്‍ത്തു വയ്ക്കാറുണ്ടെങ്കിലും നമ്മള്‍ വരച്ച വരയിലൂടെ മാത്രമേ താരങ്ങള്‍ നടക്കാവൂ എന്ന ശാഠ്യം അറിഞ്ഞോ അറിയാതെയോ നമുക്കുണ്ട്. അതുകൊണ്ടാണ് അവരുടെ വ്യക്തിജീവിതത്തിലേക്ക് കൂടി ഒളിഞ്ഞു നോക്കി അതിന് മാര്‍ക്കിടാനും അവരെ ചട്ടം പഠിപ്പിക്കാനും മലയാളി ശ്രമിക്കുന്നത്.