LiveTV

Live

Entertainment

തവളകളെക്കുറിച്ചൊരു ഡോക്യുമെന്‍ററിയൊരുക്കി ബേഡി സഹോദരന്മാര്‍

വര്‍ഷകാലത്ത് മാത്രം കാണുന്ന പര്‍പ്പിള്‍ തവളയെയും നൃത്തം ചെയ്ത് ഇണയെ മയക്കുന്ന ടോറന്റ് തവളയെക്കുറിച്ചുമാണ് 45 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമ വിവരിക്കുന്നത്

തവളകളെക്കുറിച്ചൊരു ഡോക്യുമെന്‍ററിയൊരുക്കി ബേഡി സഹോദരന്മാര്‍

പശ്ചിമഘട്ട മലനിരകളിലെ തവളകളെക്കുറിച്ചൊരു ഡോക്യുമെന്ററിയുമായി ചലച്ചിത്രകാരന്മാരായ അജയ് ബേഡിയും വിജയ് ബേഡിയും. ഏതാണ്ട് മൂന്ന് വര്‍ഷമെടുത്താണ് ദി സീക്രട്ട് ലൈഫ് ഓഫ് ഫ്രോഗ്‌സ് എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം പൂര്‍ത്തീകരിച്ചത്. തങ്ങള്‍ പ്രതീക്ഷിച്ചതിനപ്പുറം നന്നായി ചെയ്യാന്‍ കഴിഞ്ഞെന്ന് സംവിധായകര്‍ സ്‌ക്രോള്‍ ഡോട്ട് ഇന്നിനോട് പറഞ്ഞു.

അത്യപൂര്‍വമായ ഗണത്തില്‍പ്പെട്ട തവളകളെക്കുറിച്ചാണ് അജയ് ബേഡി ക്യാമറയില്‍ പകര്‍ത്തി വിജയ് വിവരിക്കുന്ന ദി സീക്രട്ട് ലൈഫ് ഓഫ് ഫ്രോഗ്‌സ് പറയുന്നത്. വര്‍ഷകാലത്ത് മാത്രം കാണുന്ന പര്‍പ്പിള്‍ തവളയെയും നൃത്തം ചെയ്ത് ഇണയെ മയക്കുന്ന ടോറന്റ് തവളയെക്കുറിച്ചുമാണ് 45 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമ വിവരിക്കുന്നത്.

പല തരത്തിലുള്ള കാലാവസ്ഥകളില്‍ ഷൂട്ട് ചെയ്ത് ശീലമുള്ളതുകൊണ്ട് ഈ ചെറിയ ജീവികളെ ഷൂട്ട് ചെയ്യുക എന്നത് നിസാരമായിരിക്കുമെന്നാണ് ഞങ്ങള്‍ കരുതിയിരുന്നത്. പക്ഷെ ഷൂട്ട് തുടങ്ങി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇതത്ര എളുപ്പമല്ലെന്ന് ഞങ്ങള്‍ക്ക് മനസിലായി ‘ - വിജയ് ബേഡി പറഞ്ഞു

സംഭാഷണങ്ങളോട് കൂടെ ആളുകളെ രസിപ്പിക്കുന്ന ചിത്രമായിരിക്കും ഇതെന്ന് പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫര്‍ നരേഷ് ബേഡിയുടെ മക്കളും പുരസ്‌ക്കാര ജേതാക്കളുമായ അവര്‍ അറിയിച്ചു. ചിത്രത്തിന്റെ ആദ്യ സംപ്രേക്ഷണം മെയ് 1 ന് അനിമല്‍ പ്ലാനറ്റില്‍ നടക്കും.

തവളകളെക്കുറിച്ചൊരു ഡോക്യുമെന്‍ററിയൊരുക്കി ബേഡി സഹോദരന്മാര്‍

തവളകള്‍ക്ക് വംശനാശം സംഭവിക്കുന്നെന്ന തിരിച്ചറിവാണ് ഇത്തരത്തിലൊരു ഡോക്യുമെന്ററിയെടുക്കാന്‍ ബേഡി സഹോദരന്മാരെ പ്രേരിപ്പിച്ചത്. 1970 കള്‍ക്ക് ശേഷം ഇരുന്നൂറോളം ഗണത്തില്‍പ്പെടുന്ന തവളകള്‍ക്ക് ലോകത്ത് വംശനാശം സംഭവിക്കപ്പെട്ടുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നൂറുകണക്കിന് ഗണത്തില്‍പ്പെട്ട തവളകള്‍ ഈ നൂറ്റാണ്ടോടുകൂടി ഭൂമുഖത്ത് നിന്ന് ഇല്ലാതാക്കപ്പെടുമെന്നും ദി ന്യൂയോര്‍ക്ക് ടൈംസ് 2018 ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫംഗസ് രോഗങ്ങളാണ് അര നൂറ്റാണ്ടിനിടെ നൂറോളം വിഭാഗത്തില്‍പ്പെടുന്ന ഉപയജീവികളുടെ വംശനാശത്തിന് കാരണമായത്.

ലോകത്തെ ആകെ ഉപയജീവി വര്‍ഗ്ഗത്തില്‍ മൂന്നില്‍ ഒന്ന് ഭാഗവും വംശനാശ ഭീഷണി നേരിടുന്നവയാണ്. അന്തരീക്ഷ മലിനീകരണം, ആവാസ വ്യവസ്ഥയുടെ ചൂഷണം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവയാണ് ഉപയജീവികള്‍ നേരിടുന്ന പ്രധാന പ്രശ്‌നം. ഡോക്യുമെന്ററി ചിത്രീകരണത്തിനിടെ പലപ്പോഴും തവളകള്‍ക്ക് പരിവര്‍ത്തനം സംഭവിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കാലുകളും കണ്ണുകളും ഇല്ലാത്ത തവളകളെയും കാലുകളുടെ എണ്ണം കൂടുതലുള്ള തവളകളെയും അവര്‍ കണ്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

വംശനാശ ഭീഷണി നേരിടുന്ന വലിയ പൂച്ചകള്‍ക്കും മറ്റ് സസ്തനികള്‍ക്കും പ്രത്യേക പരിഗണന നല്‍കി പരിപാലിക്കുന്നതിനിടക്ക് പലപ്പോഴും ഈ ചെറിയ ജീവികള്‍ ഒഴിവാക്കപ്പെടുന്നു. ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ രാജ്യം സാമ്പത്തികമായി ഉയര്‍ച്ച പ്രാപിക്കുമ്പോള്‍ ഒരുപക്ഷെ ഈ വര്‍ഗം തന്നെ ഭൂമുഖത്ത് നിന്ന് ഇല്ലാതായേക്കാം. പറ്റുന്നത്ര ഇന്ത്യക്കാരിലേക്ക് ഈ സിനിമ എത്തിക്കുകയും അതോടൊപ്പം നമ്മുടെ നാട്ടിലെ ഇത്തരം ചെറിയ ജീവികളെ സംരക്ഷിക്കാന്‍ അവരെ ആഹ്വാനം ചെയ്യുകയുമാണ് ഈ ഡോക്യുമെന്ററിയുടെ വലിയൊരു ഉദ്ദേശമെന്നും അവര്‍ പറഞ്ഞു.

ഈ ചിത്രത്തിലൂടെ തവളകളുടെ പെരുമാറ്റരീതികള്‍ എടുത്തുകാണിക്കാന്‍ ബേഡി സഹോദരന്മാര്‍ ശ്രമിക്കുന്നു.

തവളകളെക്കുറിച്ചൊരു ഡോക്യുമെന്‍ററിയൊരുക്കി ബേഡി സഹോദരന്മാര്‍

‘ഒരുപാട് കഷ്ട്ടപ്പാടുകള്‍ സഹിച്ചാണ് ഞങ്ങള്‍ ഇത് ചിത്രീകരിച്ചത്. ഷൂട്ട് ചെയ്യുന്ന സമയത്താണ് വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നത്. തവളകള്‍ ലൈറ്റിങ്ങിനോട് വിമുഖത പ്രകടിപ്പിച്ചിരുന്നു. അവരിലേക്ക് വെളിച്ചം കാണിക്കുമ്പോഴൊക്കെ അവര്‍ ഒന്നും ചെയ്യാതെ അനങ്ങാതിരിക്കും. അവരെ ഞങ്ങളുമായി ഇണക്കിയെടുക്കുന്നതിന് ആദ്യം ചുവന്ന നിറത്തിലുള്ള പ്രകാശമാണ് ഞങ്ങള്‍ ഉപയോഗിച്ചിരുന്നത്. അതിനോട് അവര്‍ പൊരുത്തപ്പെട്ടെന്ന് മനസിലായപ്പോള്‍ ഞങ്ങള്‍ ധവളപ്രകാശം ഉപയോഗിച്ച് തുടങ്ങി’ - അജയ് കൂട്ടിച്ചേര്‍ത്തു.

1970 കള്‍ക്ക് ശേഷം ഇരുന്നൂറോളം ഗണത്തില്‍പ്പെടുന്ന തവളകള്‍ക്ക് ലോകത്ത് വംശനാശം സംഭവിക്കപ്പെട്ടുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്

പുലിയേയും മറ്റ് മൃഗങ്ങളേയും ഷൂട്ട് ചെയ്യുന്നതുപോലെ ഒരിടത്ത് നിന്നുകൊണ്ടോ ഇരുന്നുകൊണ്ടോ ഷൂട്ട് ചെയ്യാവുന്ന ഒന്നല്ല ചെറിയ ജീവികള്‍. നിലത്ത് കിടന്നും അതിസൂക്ഷമമായി നിരീക്ഷിച്ചും വേണം അവയെ കാമറയില്‍ പകര്‍ത്താന്‍. അവര്‍ക്ക് ഒരിടത്ത് നിന്ന് മറ്റൊരിടത്തെത്താന്‍ ഒന്ന് കണ്ണടച്ച് തുറക്കാനുള്ള സമയം തന്നെ ധാരാളമാണ്. തവളകളുടെ പരിസരവുമായി ഇണങ്ങിച്ചേരുന്നതിന് വേണ്ടി മണിക്കൂറുകളോളം വെള്ളത്തില്‍ വെറുതെ ഇരിക്കേണ്ടിവന്നിട്ടുണ്ട് വിജയ് പറഞ്ഞു.

തവളകളെക്കുറിച്ചൊരു ഡോക്യുമെന്‍ററിയൊരുക്കി ബേഡി സഹോദരന്മാര്‍

ബേഡി സഹോദരന്മാര്‍ ചെയ്ത മറ്റൊരു ഡോക്യുമെന്ററിയാണ് ചെരൂബ് ഓഫ് ദി മിസ്റ്റ്. കിഴക്കന്‍ ഹിമാലയത്തില്‍ കണ്ടുവരുന്ന ചുവന്ന പാണ്ടകളെക്കുറിച്ചുള്ള പഠനമായിരുന്നു അത്. നരേഷ് ബേഡി സംവിധാനം ചെയ്ത ചിത്രം ദ്യശ്യവത്ക്കരിച്ചത് ബേഡി സഹോദരന്മാര്‍ ചേര്‍ന്നാണ്.

അച്ചനെയും മുത്തശ്ശനെയും കണ്ട് വളര്‍ന്നത് കൊണ്ടാണ് ബേഡി സഹോദരന്മാര്‍ക്ക് വന്യജീവികളോട് ഇത്ര അടുപ്പം തോന്നിയത്.

ഇന്നത്തെ തലമുറ പെട്ടന്ന് പണമുണ്ടാക്കാനുള്ള വഴികള്‍ തേടുന്ന തിരക്കിലാണ്. എന്നാല്‍ ഞങ്ങള്‍ അച്ചനില്‍ നിന്നും മുത്തശ്ശനില്‍ നിന്നും പഠിച്ച മറ്റൊരു കാര്യം ക്ഷമയും കഠിന പരിശ്രമവുമാണ്’ - അവര്‍ പറഞ്ഞു

ഈ ഡോക്യുമെന്ററിക്ക് വേണ്ടി അവര്‍ മൂന്ന് വര്‍ഷം പരിശ്രമിച്ചെങ്കിലും അതൊരു നഷ്ടമായി അവര്‍ക്ക് തോന്നിയിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.