LiveTV

Live

Entertainment

ഗെയിം ഓഫ് ത്രോണ്‍സിന്റെ പുതിയ എപ്പിസോഡിന്റെ വ്യാജ പതിപ്പ് തമിഴ് റോക്കേഴ്സില്‍

എന്നാൽ ഇവയൊന്നും ഗെയിം ഓഫ് ത്രോൺസിനെ ബാധിക്കില്ല എന്നാണ് അണിയറ പ്രവർത്തകരുടെ വാദം

ഗെയിം ഓഫ് ത്രോണ്‍സിന്റെ പുതിയ എപ്പിസോഡിന്റെ വ്യാജ പതിപ്പ് തമിഴ് റോക്കേഴ്സില്‍

ഗെയിം ഓഫ് ത്രോണ്‍സിന്റെ പുതിയ എപ്പിസോഡിന്റെ വ്യാജ പതിപ്പ് പുറത്ത്. തമിഴ് റോക്കേഴ്സാണ് എട്ടാം സീസണിന്റെ മൂന്നാം എപ്പിസോഡ് പുറത്ത് വിട്ടിരിക്കുന്നത്.

ഗെയിം ഓഫ് ത്രോണ്‍സ് ഷോയിലെ ഇതുവരെയുള്ള ഏറ്റവും വലിയ യുദ്ധം കണ്ട എപ്പിസോഡാണ് വ്യാജ പതിപ്പ് പുറത്ത് വിടുന്നതില്‍ വിരുതന്‍മാരായ തമിഴ് റോക്കേഴ്സ് പുറത്ത് വിട്ടത്. ലോകത്തെമ്പാടും ആരാധകരുള്ള സീരീസ്, ഏറ്റവും കൂടുതല്‍ പൈറസിക്ക് ഇരയായ ഷോകളിലൊന്ന് എന്നീ വിശേഷങ്ങള്‍കൊണ്ട് ശ്രദ്ധേയമാണ് ഗെയിം ഓഫ് ത്രോണ്‍സ്. സിനിമാ ടെലിവിഷന്‍ മേഖലക്ക് തലവേദനയായി മാറിക്കൊണ്ടിരിക്കുന്ന തമിഴ് റോക്കേഴ്സ് ബിഗ് ബജറ്റ് സിനിമകള്‍ക്ക് പുറമേ ടെലിവിഷന്‍ ഷോകളും റിലീസിന് മുന്നേ പുറത്തുവിടാറുണ്ട്. തുടക്കത്തില്‍ ദക്ഷിണേന്ത്യയില്‍ മാത്രമായിരുന്നു തമിഴ് റോക്കേഴ്സിന്റെ പ്രവര്‍ത്തന മേഖല. എന്നാല്‍ ഇപ്പോള്‍ ബോളിവുഡില്‍ നിന്നും ഹോളിവുഡില്‍ നിന്നും ഒരുപോലെ വ്യാജപതിപ്പുകള്‍ ഇറക്കുന്നുണ്ട്. നേരത്തെ നെറ്റ് ഫ്ലിക്സിന്റെ സീക്രട്ട് ഗെയിംസ്, അമേരിക്കന്‍ ഷോയായ ഫ്രണ്ട്സ്, ഷെര്‍ലോക് തുടങ്ങിയവയും തമിഴ് റോക്കേഴ്സ് ചോര്‍ത്തിയിട്ടുണ്ട്.

പൈറസിയിലൂടെ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ടിവി സീരിസ് എന്ന റെക്കോർഡ് ഗെയിം ഓഫ് ത്രോണ്‍സിനു സ്വന്തമാണ്. ഏഴാം സീസണിന്റെ ആദ്യ എപ്പിസോഡ് ഏകദേശം 91.74 ദശലക്ഷം ആളുകളാണ് കണ്ടത് എന്ന റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഇത് വർഷംതോറും കൂടിവരുകയാണ്. എന്നാൽ ഇവയൊന്നും ഗെയിം ഓഫ് ത്രോൺസിനെ ബാധിക്കില്ല എന്നാണ് അണിയറ പ്രവർത്തകരുടെ വാദം. കൂടുതൽ ആളുകളിലേക്ക് ഗെയിം ഓഫ് ത്രോൺസ് എത്തുന്നത് നല്ലതാണ് എന്നും അവരൊക്കെ പിന്നീട് സബ്സ്ക്രൈബ് ചെയ്ത കാണുന്നുണ്ട് എന്നും അണിയറ പ്രവർത്തകർ പറയുന്നു. കഴിഞ്ഞ ഗെയിം ഓഫ് ത്രോൺസ് സീസണുകൾ ഹോട്ട്‌സ്റ്റാറിന് ഇന്ത്യയിൽ ഉണ്ടാക്കിയ വരുമാനം ഈ വസ്തുതയെ സാധൂകരിക്കുന്നുണ്ട്. ഓരോ സീസണും ശരാശരി 100 ദശലക്ഷം ഡോളറാണ് ഗെയിം ഓഫ് ത്രോൺസിന്റെ ബജറ്റ്. യുദ്ധ രംഗങ്ങൾ കൊണ്ട് സമ്പുഷ്ടമായ ഗെയിം ഓഫ് ത്രോൺസ് അങ്ങിനെ പൈറസിയെയും മറ്റുള്ള ടിവി സീരീസുകളെയും പടവെട്ടി മുന്നേറുകയാണ്.