LiveTV

Live

Entertainment

മോദി ചിത്രം പ്രദര്‍ശിപ്പിക്കേണ്ടെന്ന് സുപ്രീംകോടതി

ഇലക്ഷൻ കമ്മീഷന്റെ തീരുമാനത്തിൽ കെെകടത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് കോടതി അറിയിക്കുകയായിരുന്നു

മോദി ചിത്രം പ്രദര്‍ശിപ്പിക്കേണ്ടെന്ന് സുപ്രീംകോടതി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന പി.എം നരേന്ദ്രമോദി പ്രദര്‍ശിപ്പിക്കേണ്ടെന്ന് സുപ്രീം കോടതി. ചിത്രത്തിന്റെ പ്രദർശനം തടയണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് നിർമ്മാതാക്കൾ സമർപ്പിച്ച ഹരജി തള്ളിയ കോടതി, ഇലക്ഷൻ കമ്മീഷന്റെ തീരുമാനത്തിൽ കെെകടത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് അറിയിക്കുകയായിരുന്നു.

പൊതുതെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം തുടങ്ങുന്നതിനോടൊപ്പം പുറത്തിറക്കാനുദ്ദേശിച്ചിരുന്ന മോദി ചിത്രം പക്ഷെ, രാഷ്ട്രീയ ഉള്ളടക്കത്തിന്റെ പേരിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ തടയുകയായിരുന്നു. തെരഞ്ഞെടുപ്പിനെ സ്വാധിനിക്കാൻ ഉദ്ദേശിച്ചുള്ള ഒന്നും പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. എന്നാൽ ഇത് ചോദ്യം ചെയ്താണ് നിർമ്മാതാക്കൾ സുപ്രീകോടതിയെ സമീപിച്ചത്.

എന്നാൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ഉൾപ്പെട്ട ബെഞ്ച്, ഇലക്ഷൻ കമ്മീഷൻ വിധി സ്റ്റേ ചെയ്യണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യം തള്ളുകയാണുണ്ടായത്. നേരത്തെ, ചിത്രം വിലക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധിക്ക് പിറകെ, ഏപ്രിൽ 15ന് ചിത്രം കണ്ട് റിപ്പോർട്ട് നൽകാൻ കമ്മീഷന് കോടതി നിർദേശം നൽകിയിരുന്നു.