LiveTV

Live

Entertainment

വൈരമുത്തുവിനെ നേരില്‍ കണ്ടാല്‍ കരണത്തടിക്കുമെന്ന് ചിന്മയി

തെന്നിന്ത്യന്‍ കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ ലൈംഗികാരോപണങ്ങളുമായി തെന്നിന്ത്യന്‍ ഗായിക ചിന്മയി ശ്രീപദ രംഗത്തെത്തുന്നു.

വൈരമുത്തുവിനെ നേരില്‍ കണ്ടാല്‍  കരണത്തടിക്കുമെന്ന്  ചിന്മയി

തെന്നിന്ത്യന്‍ കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ വീണ്ടും തെന്നിന്ത്യന്‍ ഗായിക ചിന്മയി ശ്രീപദ. തെന്നിന്ത്യയില്‍ മീടു ആരോപണങ്ങള്‍ക്ക് തുടക്കം കുറിച്ച സംഭവങ്ങളിലൊന്നായിരുന്നു വൈരമുത്തുവിനെതിരെ ചിന്മയി നല്‍കിയ ആദ്യ പരാതി. ആ പരാതിയുടെ തുടര്‍ച്ചയാണ് ചിന്മയിയുടെ പുതിയ പ്രതികരണം. വൈരമുത്തുവിനെ ഇനി നേരില്‍ കണ്ടാല്‍ താന്‍ കരണത്ത് അടിക്കുമെന്നാണ് ചിന്മയി പറഞ്ഞത്.

സ്വിറ്റ്‌സര്‍ലന്റിലെ ഒരു പരിപാടിക്കിടെ വൈരമുത്തുവിനെ ഒരു ഹോട്ടലില്‍ ചെന്ന് കാണണമെന്ന ആവശ്യവുമായി സംഘാടകരിലൊരാള്‍ സമീപിച്ചുവെന്നാണ് ഗായിക ആരോപിച്ചത്. താനും അമ്മയും ഇന്ത്യയിലേക്ക് മടങ്ങാനൊരുങ്ങുകയാണെന്ന് പറഞ്ഞ് ചിന്മയി ആ ആവശ്യം നിരസിച്ചു. ഈ സംഭവത്തിന് മുന്‍പും വൈരമുത്തു തന്നെ ജോലി സ്ഥലത്തുവച്ച് അപമാനിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും സംഭവത്തിന്റെ പിന്നാമ്പുറമെന്നോണം ചിന്മയി കൂട്ടിച്ചേര്‍ത്തു.

വൈരമുത്തുവിനെതിരെ ദേശീയ വനിതാ കൗണ്‍സിലിലടക്കം പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഇതുവരെയും അവര്‍ സ്വീകരിച്ചില്ലെന്ന് ചിന്മയി പറയുന്നു. കേന്ദ്രമന്ത്രി മനേക ഗാന്ധി ഈ വിഷയത്തില്‍ ഇടപെട്ടുവെങ്കിലും പരിഹാരം ഉണ്ടായില്ലെന്നും ചിന്മയി പറയുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോശമായി പെരുമാറിയ യുവാവിന്റെ മുഖത്ത് നടി ഖുശ്ബു അടിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു ചിന്മയി.

സ്ത്രീകളോട് മോശമായി പെരുമാറുന്നവര്‍ക്കെതിരെ പ്രതികരിക്കുന്ന ഖുശ്ബുവിനെയും ചിന്മയിയേയും അഭിനന്ദിച്ചുകൊണ്ട് ഒരാള്‍ ട്വീറ്റ് ചെയ്തിരുന്നു. അതിനു മറുപടിയായാണ് അവസരം ലഭിച്ചാല്‍ വൈരമുത്തുവിനെ അടിക്കുമെന്ന് ചിന്മയി പറഞ്ഞത്. വൈരമുത്തുവിനെ ഒരിക്കല്‍കൂടി നേരിട്ട് കാണാന്‍ അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും ഒന്നും നോക്കാതെ കരണത്തടിക്കുമെന്നും ആ ഒരു നീതി മാത്രമേ തനിക്ക് ലഭിക്കുകയുള്ളൂവെന്നും ട്വീറ്റിന് മറുപടി നല്‍കികൊണ്ട് ചിന്മയി പ്രതികരിച്ചു. ഇപ്പോള്‍ തനിക്കതിനുള്ള പ്രായവും കരുത്തും ആയെന്നും ചിന്മയി കൂട്ടിച്ചേര്‍ത്തു.