LiveTV

Live

Entertainment

മുപ്പതിന്‍റെ നിറവില്‍ വരവേൽപ്പ്

വരവേൽപ്പ് പുറത്തിറങ്ങിയിട്ട് മുപ്പത് വർഷം. ശ്രീനിവാസന്‍റെ എക്കാലത്തെയും മികച്ച തിരക്കഥകളിൽ ഒന്ന്. 

മുപ്പതിന്‍റെ നിറവില്‍ വരവേൽപ്പ്

സത്യൻ അന്തിക്കാട് - ശ്രീനിവാസൻ - മോഹൻലാൽ കൂട്ടുകെട്ടിലൊരുക്കിയ വരവേൽപ്പ് പുറത്തിറങ്ങിയിട്ട് 30 വർഷം. തൊഴിലാളി യൂണിയൻ സംസ്കാരത്തെ ആക്ഷേപഹാസ്യത്തിലൂടെ വിമർശിച്ച വരവേൽപ്പ് ശ്രീനിവാസന്‍റെ എക്കാലത്തെയും മികച്ച തിരക്കഥകളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.

ഗൾഫിൽ നിന്ന് വിസ ക്യാൻസൽ ചെയ്ത് നാട്ടിലെത്തിയ മുരളിയും എയർപോർട്ട് മുതൽ അയാൾക്കൊപ്പം കൂടുന്ന തലവേദനകളും. അതായിരുന്നു വരവേൽപ്പ്. ഏഴ് വർഷം ഗൾഫിൽ നിന്ന് ഉണ്ടാക്കിയ സമ്പാദ്യം കൊണ്ട് മുരളി വാങ്ങിയ ബസും ആ ബസ് നിറയെ പ്രശ്നങ്ങളും. തൊഴിലാളി യൂണിയനുകളും അതിന്‍റെ നേതൃത്വവും മൂലം ജീവിതം ഇരുട്ടിലായി പോകുന്നവരുടെ കഥ ആക്ഷേപഹാസ്യത്തിന്‍റെ മേമ്പൊടി ചേർത്ത് ശ്രീനിവാസൻ എഴുതിയപ്പോൾ അത് തലമുറകൾ ഏറ്റെടുത്തു.

സത്യൻ അന്തിക്കാട്-ശ്രീനിവാസൻ-മോഹൻലാൽ കൂട്ടുകെട്ടിന്‍റെ ആറാമത്തെ സിനിമയായിരുന്നു വരവേൽപ്പ്. മുരളി ആയുള്ള മോഹൻലാലിന്‍റെ പ്രകടനമായായിരുന്നു സിനിമയുടെ ഹൈലൈറ്റ്. കൂട്ടിന് മുരളി, തിലകൻ, ഇന്നസെന്‍റ്, മാമുക്കോയ, ജഗദീഷ്, രേവതി തുടങ്ങിയവരും. പിന്നീട് ഹിന്ദിയിലേക്കും സിനിമ റീമേക്ക് ചെയ്തു. 2003ൽ പ്രധാനമന്ത്രിയായിരിക്കെ കൊച്ചിയിലെത്തിയ എ.ബി വാജ്പേയിയും വരവേൽപ്പിനെക്കുറിച്ച് പരാമർശിച്ചിരുന്നു. സ്വദേശിവത്ക്കരണത്തിന്‍റെ ഭാഗമായി പ്രവാസികൾ നാട്ടിലേക്ക് തിരിച്ചുവരേണ്ടിവരുന്ന ഇക്കാലത്ത് വരവേൽപ്പിന്‍റെ കഥാപ്രമേയം പ്രസക്തമാണ്.