LiveTV

Live

Entertainment

അപ്പാനി ഇനി ശങ്കര്‍; ഓട്ടോ ശങ്കര്‍

സീരിയല്‍ കില്ലര്‍ ഗൌരി ശങ്കറിന്‍റെ ജീവിതം പ്രമേയമാകുന്ന ‘ഓട്ടോ ശങ്കര്‍’ സീരീസിന്‍റെ ടീസര്‍ പുറത്ത്

അപ്പാനി ഇനി ശങ്കര്‍; ഓട്ടോ ശങ്കര്‍

1988-89 കാലഘട്ടത്തില്‍ തമിഴ്നാടിനെ ഭയപ്പെടുത്തിയ തുടര്‍ കൊലകളുടെ കഥ പറയുന്ന ‘ഓട്ടോ ശങ്കര്‍’ സീരീസിന്‍റെ ടീസര്‍ പുറത്ത്. സീരിയല്‍‌ കില്ലര്‍ ഗൌരി ശങ്കറിന്‍റെയും സംഘത്തിന്‍റെയും ജീവിതമാണ് സീരീസ് പ്രമേയമാക്കിയിരിക്കുന്നത്. അങ്കമാലി ‍‍ഡയറീസിലെ അപ്പാനി രവിയിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കിയ ശരത്താണ് ഓട്ടോ ശങ്കറായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. ഇതിനോടകം ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

ട്രി‍‍ഡന്‍ട് ആര്‍ട്ട്സും ബേബി ഷൂ പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മിക്കുന്ന ഈ സീരീസിലൂടെ ഗൌരി ശങ്കറിനെ കുറിച്ച് അറിയപ്പെടാതെപോയ പല കാര്യങ്ങളും പ്രേക്ഷകരിലേക്കെത്തുമെന്നാണ് സംവിധായകന്‍ രംഗ പറയുന്നത്. കൊലപാതകങ്ങള്‍ക്ക് ശേഷം മൃതശരീരം വീടുകള്‍ക്കുള്ളില്‍ കുഴിച്ചിടുകയോ കത്തിച്ചുകളയുകയോ ചെയ്യുന്ന ഗൌരി ശങ്കറിന്‍റെ രീതികളും സീരീസില്‍ ചിത്രീകരിച്ചിട്ടുണ്ട്.

കൊലപാതകത്തിന്‍റെ പേടിപ്പിക്കുന്ന പശ്ചാത്തലത്തിന് പുറമേ സത്പ്രവര്‍ത്തികളുടെ കഥയും പറയാനുണ്ട് ഓട്ടോ ശങ്കറിന്‍റെ ജീവിതത്തിനെന്ന് സംവിധായകന്‍ രംഗ പറയുന്നു. അപ്പാനി രവിക്ക് ശേഷം തനിക്ക് ലഭിച്ച ഏറ്റവും മികച്ച കഥാപാത്രമാണ് ഓട്ടോ ശങ്കര്‍ എന്നും അതിരറ്റ പ്രതീക്ഷയും വിശ്വാസവും ഈ കഥാപാത്രത്തിലുണ്ടെന്നും അപ്പാനി ശരത് പറഞ്ഞു. ഏപ്രില്‍ 23ന് സി 5 ചാനലിലൂടെ ‘ഓട്ടോ ശങ്കര്‍‌’ പ്രേക്ഷകരിലേക്കെത്തും.