LiveTV

Live

Entertainment

‘ഭര്‍ത്താവിന്റെ വോട്ടര്‍ ഐ.ഡിയില്‍ ഭാര്യയുടെ പേര് നല്‍കാത്തതെന്ത്?’; സ്ത്രീ-പുരുഷ തുല്യത വേണമെന്ന് നടി പദ്മ പ്രിയ

‘ഭര്‍ത്താവിന്റെ വോട്ടര്‍ ഐ.ഡിയില്‍ ഭാര്യയുടെ പേര് നല്‍കാത്തതെന്ത്?’; സ്ത്രീ-പുരുഷ തുല്യത വേണമെന്ന് നടി പദ്മ പ്രിയ

മലയാള സിനിമയിലെ സ്ത്രീ ഇടപെടലുകളിലെ ശ്രദ്ധേയമായ നടിയാണ് പദ്മപ്രിയ. മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയെയും പുരുഷാധിപത്യങ്ങളെയും ചോദ്യം ചെയ്യുന്ന നടി ഇപ്പോള്‍ രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ട്വിറ്ററില്‍ രംഗത്ത് വന്നിരിക്കുകയാണ്. താരത്തിന്റെയും ഭര്‍ത്താവിന്റെയും വോട്ടര്‍ ഐഡി കാര്‍ഡുകള്‍ ട്വിറ്ററില്‍ പങ്കുവെച്ച് കൊണ്ടാണ് നടി പ്രതിഷേധ കുറിപ്പ് എഴുതിയിരിക്കുന്നത്.

പദ്മപ്രിയയുടെ വോട്ടര്‍ ഐഡിയില്‍ ഭര്‍ത്താവ് ജാസ്മിന്‍ ഷായുടെ പേരാണ് ചേര്‍ത്തിരിക്കുന്നത് എന്നാല്‍ ഭര്‍ത്താവ് ജാസ്മിന്റെ കാര്‍ഡില്‍ അദ്ദേഹത്തിന്റെ അച്ഛന്റെ പേരും. ഇതിനു പകരം, ഭർത്താവിന്റെ ഐഡിയില്‍ ഭാര്യയുടെ പേര് ചേര്‍ക്കാനാണ് ഭര്‍ത്താവ് ജാസ്മിന്‍ താല്‍പര്യപ്പെടുന്നതെന്നും ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പ് പുരുഷ കേന്ദ്രീകൃതമാക്കുന്നത് ഒഴിവാക്കണമെന്നും നടി ആവശ്യപ്പെടുന്നു. ഭർത്താവിന്റെ ഐഡിയിൽ ഭാര്യയുടെ പേരു കൂടി ചേർക്കുകയാണെങ്കിൽ രണ്ടുപേരും തുല്യരാണെന്ന തോന്നലുണ്ടാകുമെന്നും പദ്മപ്രിയ പറയുന്നു.

മലയാള സിനിമയിലെ സ്ത്രീ പക്ഷ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ സജീവ പ്രവര്‍ത്തകയാണ് പദ്മപ്രിയ.