LiveTV

Live

Entertainment

ഓര്‍മ്മകളുടെ വെള്ളിത്തിരയില്‍ സുകുമാരി

മലയാളസിനിമയുടെ സൌകുമാര്യം. അതായിരുന്നു സുകുമാരി. ചെയ്തവേഷങ്ങളിലെല്ലാം അത് പ്രകടമായിരുന്നു.

ഓര്‍മ്മകളുടെ വെള്ളിത്തിരയില്‍ സുകുമാരി

സുകുമാരി ഇല്ലാത്ത മലയാളസിനിമക്ക് ആറാണ്ട്. മലയാളത്തിലും തമിഴിലുമായി ആറ് പതിറ്റാണ്ടോളം നിറഞ്ഞുനിന്ന സുകുമാരി ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ സിനിമയിൽ വേഷമിട്ട നടിയാണ്.

മലയാളസിനിമയുടെ സൌകുമാര്യം. അതായിരുന്നു സുകുമാരി. ചെയ്തവേഷങ്ങളിലെല്ലാം അത് പ്രകടമായിരുന്നു. നൃത്തസംഘത്തിൽ നിന്ന് കൊച്ചുവേഷങ്ങളിലൂടെ തുടക്കം. പിന്നീട് ദക്ഷിണേന്ത്യ കണ്ട ഏറ്റവും മികച്ച നടിയായി സുകുമാരി വളർന്നു. തമിഴിലൂടെ തുടങ്ങി മലയാളത്തിലെത്തി.

അമ്മ, ചേച്ചി, അമ്മായിയമ്മ, വേലക്കാരി, അയൽക്കാരി തുടങ്ങി സുകുമാരിയുടെ കഥാപാത്രങ്ങൾ മലയാളികളുടെ പരിചയക്കാരായി. അറുപത് വർഷത്തിനിടെ 2500 ലേറെ സിനിമകൾ. സമപ്രായക്കാർ നായികമാരായി തിളങ്ങുമ്പോൾ സുകുമാരിക്ക് കിട്ടിയത് അമ്മ വേഷങ്ങളായിരുന്നു. കഥാപാത്രം ഏത് എന്നതിലല്ല, അഭിനയിക്കുക എന്നതിലാണ് അഭിമാനമെന്ന നിലപാടിലൂടെ അവരെക്കാൾ വളർന്നു.

നാലായിരത്തിലധികം വേദികളിൽ നാടകം അവതരിപ്പിച്ചു. കച്ചേരികളിലൂടെ ഗായികയായും തിളങ്ങി. ഒരു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരവും നാല് തവണ മികച്ച സഹനടിക്കുള്ള സംസ്ഥാന പുരസ്കാരവും നേടി. കലാമേഖലക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് രാജ്യം പത്മശ്രീ നൽകി ആദരിച്ചു. നിലവിളക്കിൽ നിന്ന് തീപടർന്ന് പൊള്ളലേറ്റ് ചികിത്സയിൽ കഴിയവെ 2013 ലായിരുന്നു മരണം. കലാരംഗത്തെ ബഹുമുഖപ്രതിഭകൾക്ക് പോലും അന്നും ഇന്നും ഒരത്ഭുതമാണ് സുകുമാരി.