LiveTV

Live

Entertainment

‘’ആവിഷ്കാര സ്വാതന്ത്ര്യമില്ലാത്ത വ്യക്തിയാണ് ഒരു നടന്‍’’

നായകതുല്യമായ സഹനായക കഥാപാത്രങ്ങള്‍.. പിന്നെ നായകന്‍... പക്ഷേ, എന്നിട്ടും ഇടക്കാലത്ത് പ്രേംകുമാര്‍ എന്ന നടന്‍ എങ്ങോട്ടാണ് മാറി നിന്നത്...

‘’ആവിഷ്കാര സ്വാതന്ത്ര്യമില്ലാത്ത വ്യക്തിയാണ് ഒരു നടന്‍’’
പ്രേംകുമാര്‍, ഈ പേര് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസ്സിലേക്ക് കയറി വരുന്ന ഒരുപറ്റം ഹാസ്യകഥാപാത്രങ്ങളുണ്ട്... നായകതുല്യമായ സഹനായക കഥാപാത്രങ്ങളുണ്ട്.. നായകന്മാരുമുണ്ട്... പക്ഷേ, എന്നിട്ടും ഇടക്കാലത്ത് പ്രേംകുമാര്‍ എന്ന നടന്‍ എങ്ങോട്ടാണ് മാറി നിന്നത്... എന്തായിരുന്നു ആ മാറിനില്‍ക്കലിന് കാരണമായത്.. വീണ്ടും മലയാള സിനിമ പ്രേംകുമാറിനെ കൈപിടിച്ച് കൂട്ടിക്കൊണ്ടുവരികയാണ്... തന്നെക്കുറിച്ച്, തന്‍റെ കാഴ്ചപ്പാടുകളെ കുറിച്ച്, നിലപാടുകളെ കുറിച്ച് പ്രേംകുമാര്‍ മീഡിയവണിനോട് സംസാരിക്കുന്നു...

സിനിമയ്ക്ക് ഒരുപാട് കലാകാരന്മാരെ തന്ന നാടാണ് തിരുവനന്തപുരം... ആ നാടും അവിടുത്തെ സൗഹൃദങ്ങളും പ്രേംകുമാറെന്ന കലാകാരനെ വളര്‍ത്തിയതെങ്ങനെയാണ്?

പ്രേംകുമാര്‍ എന്ന ഞാന്‍ ഒരു വ്യക്തിയാണ്. നടനെന്നുള്ളതും കലാകാരനാണെന്നുള്ളതുമെല്ലാം രണ്ടാമത്തെ കാര്യമാണ്. ഒരു വ്യക്തി ജനിച്ചു വളര്‍ന്ന, ജീവിക്കുന്ന നാടിന്‍റെ സാമൂഹ്യ-കുടുംബ-വിദ്യാഭ്യാസ പശ്ചാത്തലത്തിന് അയാളെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ പ്രധാന പങ്കുണ്ട്. ഈ ഘടകങ്ങള്‍ തന്നെയാണ് അയാളിലുള്ള കലാകാരനെയും സ്വാധീനിക്കുന്നത്.

തിരുവനന്തപുരത്തെ കഴക്കൂട്ടത്താണ് ഞാന്‍ ജനിച്ചത്. അത് അന്നൊരു നാട്ടുമ്പുറമാണ്... പിന്നെയാണ് ഇവിടെ ടെക്നോസിറ്റികളും ടെക്നോപാര്‍ക്കുകളുമെല്ലാം വന്നത്. ഒരു കലാകുടുംബമൊന്നുമല്ല എന്‍റേത്. നാടകത്തിലൊക്കെ ഞാന്‍ അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍ എന്നെ പ്രോത്സാഹിപ്പിച്ചിട്ടില്ലെങ്കിലും അവര്‍ എതിര്‍ത്തൊന്നുമില്ല. അച്ഛന്‍ ഇലക്ട്രിസിറ്റി ബോര്‍ഡിലെ സാധാരണ ഉദ്യോഗസ്ഥന്‍. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ തുച്ഛമായ ശമ്പളത്തില്‍ ജീവിക്കുന്ന മൂന്നു കുട്ടികളുള്ള ഒരു കുടുംബം.

അന്നും തിരുവനന്തപുരത്ത് വര്‍ണാഭമായ ആഢംബര സ്കൂളുകളുണ്ട്... അത്തരം സ്കൂളിലായിരുന്നു ഞാന്‍ പഠിച്ചിരുന്നതെങ്കില്‍ ഇന്ന് ഞാന്‍ ഒരു കലാകാരനാകുമായിരുന്നോ എന്ന് എനിക്ക് സംശയമുണ്ട്. കഴക്കൂട്ടത്ത് തന്നെയുള്ള ഒരു സാധാരണ സര്‍ക്കാര്‍ യു. പി സ്കൂളിലാണ് പഠിച്ചത്. പില്‍ക്കാലത്ത് ഞാനെന്തായിട്ടുണ്ടോ, അതിനുള്ള ഊര്‍ജം നല്‍കിയത് ആ സ്കൂളാണ്. ഒരു ഗവണ്‍മെന്‍റ് സ്കൂളിന്‍റെ എല്ലാ പ്രാരാബ്ധങ്ങളും പരാധീനതകളും ഉള്ള ഒരു സാധാരണ സ്കൂള്‍. പച്ചയായ സൌഹൃദങ്ങള്‍, സാധാരണക്കാരായ കുട്ടികള്‍, യാതൊരു നാട്യങ്ങളുമില്ലാത്തവര്‍, കൃത്രിമത്വങ്ങളില്ലാത്തവര്‍. സ്നേഹനിധികളായ, വാത്സല്യനിധികളായ അധ്യാപകര്‍. മാതൃവാത്സല്യത്തിന്‍റെ, പിതൃസ്നേഹത്തിന്‍റെ മുഖമാണ് ആ അധ്യാപകരില്‍ ഞാന്‍ കണ്ടത്.

ഹൈസ്കൂള്‍ പഠനം കണിയാപുരം മുസ്‍ലിം ഹൈസ്ക്കൂളില്‍. എട്ടില്‍ പഠിക്കുമ്പോള്‍ കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍ സാറിന്‍റെ ഒരു നാടകം, അതിലാണ് ഞാന്‍ ആദ്യം നായകനായി അഭിനയിക്കുന്നത്. രൂപങ്ങള്‍ നിഴലുകള്‍, കുറേ ഓര്‍മകളും കുറേ മനുഷ്യരും അതായിരുന്നു സ്കൂള്‍ പഠനകാലത്തെ നാടകത്തിന്‍റെ പേരുകള്‍...

തുമ്പാ സെന്‍റ് സേവ്യേഴ്സ് കോളേജിലായിരുന്നു പ്രീഡിഗ്രി. കവി മധുസൂദനന്‍ നായര്‍ അന്ന് അവിടെ അധ്യാപകനായിരുന്നു, മലയാളം പ്രൊഫസര്‍. അദ്ദേഹത്തിന്‍റെ ക്ലാസുകളാണ് എന്നില്‍ മലയാളഭാഷയോടുള്ള പ്രണയം നിറയ്ക്കുന്നത്. അക്കാലത്ത് തിരുവനന്തപുരം നഗരത്തില്‍ ഒരുപാട് അമേച്വര്‍ നാടകമത്സരങ്ങളുണ്ടാകാറുണ്ടായിരുന്നു. പ്രീഡിഗ്രി പഠനത്തിനിടയില്‍ തന്നെ ഇത്തരത്തിലുള്ള നാടകമത്സരങ്ങളിലൊക്കെ പങ്കെടുത്തിരുന്നു. തിരുവനന്തപുരത്തെ ഒരുപാട് സാംസ്കാരിക നായകരെ കാണാനും പരിചയപ്പെടാനും ഒക്കെ ആ നാടകമത്സരങ്ങള്‍ സഹായിച്ചു.

പിന്നെ, ചെമ്പഴന്തി എസ്.എന്‍. കോളജില്‍ ഡിഗ്രി, സൈക്കോളജിയില്‍ പൂര്‍ത്തിയാക്കി. ഡിഗ്രി മൂന്നാം വര്‍ഷം പഠിക്കുമ്പോഴാണ് ദൂരദര്‍ശനില്‍ പാനല്‍ ആര്‍ട്ടിസ്റ്റായി കയറുന്നത്. അതിനിടയ്ക്കുകന്നെ ഓള്‍ ഇന്ത്യാ റേഡിയോയില്‍ ഡ്രാമാ ആര്‍ട്ടിസ്റ്റായി‌രുന്നു. ഇതൊക്കെയാണ് തിരുവനന്തപുരം എനിക്ക് തന്ന ഭാഗ്യങ്ങള്‍...

‘’ആവിഷ്കാര സ്വാതന്ത്ര്യമില്ലാത്ത വ്യക്തിയാണ് ഒരു നടന്‍’’

പക്ഷേ പിന്നെ എത്തിപ്പെട്ടത് തൃശൂരില്‍, സ്കൂള്‍ ഓഫ് ഡ്രാമയില്‍.....

അതെ, വളര്‍ത്തിയത് തിരുവനന്തപുരമാണെങ്കിലും നടനെന്ന നിലയില്‍ എന്നെ രൂപപ്പെടുത്തുന്നത് സ്കൂള്‍ ഓഫ് ഡ്രാമയാണ്.. നാടകാചാര്യന്മാരായ പ്രൊഫസര്‍ ജി. ശങ്കരപ്പിള്ള, വയലാ വാസുദേവന്‍പിള്ള, പി. കെ വേണുക്കുട്ടന്‍, പി. ബാലചന്ദ്രന്‍, നരേന്ദ്ര പ്രസാദ് തുടങ്ങി, കേരളത്തില്‍ നിന്ന് മാത്രമല്ല, ഇന്ത്യയെമ്പാടുമുള്ള, വിദേശത്തുള്ള - അനവധി മഹാരഥന്മാര്‍. ഞാന്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ എട്ടാമത്തെ ബാച്ചാണ്.. ശ്യാമപ്രസാദ്, രഞ്‍ജിത്, വി.കെ പ്രകാശ്, വി.എം വിനു, സിനിമ സീരിയല്‍ താരം മുകുന്ദന്‍, മുരളി മേനോന്‍, കുക്കു പരമേശ്വരന്‍, ശ്രീലത... അങ്ങനെ നിരവധി പേരുണ്ട് സ്കൂള്‍ ഡ്രാമ സമ്മാനിച്ചവര്‍.

നാടകത്തെ കുറിച്ച്, അതങ്ങ് ലോക നാടകങ്ങളെക്കുറിച്ച് വരെ അറിയുന്നത് അവിടെവെച്ചാണ്... കൂടിയാട്ടം, കഥകളി തുടങ്ങിയ നമ്മുടെ ശ്രേഷ്ഠകലകളെ മനസ്സിലാക്കാന്‍ സാധിച്ചു. അവിടുത്തെ മൂന്ന് വര്‍ഷത്തെ പരിശീലനം ഒരു നടനെന്ന രീതിയില്‍, എന്‍റെ ശബ്ദത്തെ, ശരീരത്തെ, മനസ്സിനെ ഒക്കെ പാകപ്പെടുത്തിയെടുക്കുകയായിരുന്നു. ഞാന്‍ സ്വയം ഒരു മികച്ച നടനാണെന്ന വിലയിരുത്തലുകളൊന്നും എനിക്കില്ല.. ഒരു ബോണ്‍ ആക്ടറൊന്നുമല്ല ഞാന്‍. പരിശീലനം കൊണ്ടാണ് എനിക്കെന്തെങ്കിലും ചെയ്യാന്‍ സാധിച്ചിട്ടുള്ളത്. ആ പരിശീലനം എനിക്ക് ലഭിച്ചത് സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നാണ്... ആ സമയത്ത് ഞാന്‍ അവിടെ ചെയ്ത കഥാപാത്രങ്ങളെല്ലാം വളരെ സീരിയസ് ആയിരുന്നു. ഷേക്സ്പീരിയന്‍ ട്രാജഡികള്‍, ഗ്രീക്ക് ട്രാജഡികള്‍, ലോക ക്ലാസിക്കുകളായ നാടകങ്ങള്‍- എല്ലാം മികച്ച കഥാപാത്രങ്ങള്‍... നന്നായി എന്ന് ഗുരുക്കന്മാരുടെ അഭിനന്ദനങ്ങള്‍ കിട്ടിയ കഥാപാത്രങ്ങള്‍.

‘’ആവിഷ്കാര സ്വാതന്ത്ര്യമില്ലാത്ത വ്യക്തിയാണ് ഒരു നടന്‍’’

നാടകത്തില്‍ പിന്നെ നേരിട്ട് കാമറയ്ക്ക് മുന്നിലെത്തുന്നത് എങ്ങനെയാണ്?

ആദ്യം ചെയ്യുന്നത് ഒരു സിനിമയാണ്, സഖാവ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാവ് പി. കൃഷ്ണപിള്ളയെ കുറിച്ചുള്ള സിനിമ. പി. എ ബക്കര്‍ ആയിരുന്നു സംവിധാനം. അതിലെ കൃഷ്ണപ്പിള്ളയായി അഭിനയിച്ചത് ഞാനാണ്. 90 കളിലാണ് അതിന്‍റെ ചിത്രീകരണം നടക്കുന്നത്. ആ സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മം ചിത്രാ‍ജ്ഞലിയില്‍ നടക്കുമ്പോഴാണ് ഞാന്‍ കേരളത്തിലെ ഒരുവിധപ്പെട്ട മഹാരഥന്മാരെയൊക്കെ കാണുന്നത്... ഇ.എം.എസിന്‍റെ കാല് തൊട്ട് വണങ്ങിയാണ് സിനിമയില്‍ അഭിനയിക്കാനൊരുങ്ങുന്നത്. ഇ.കെ നായനാരും ഉണ്ടായിരുന്നു. കൂടെ കേരളത്തിലെ ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ മറ്റ് രാഷ്ട്രീയ സംഘടനകളുടെയും പ്രധാന നേതാക്കന്മാര്‍, ദേവരാജന്‍ മാസ്റ്റര്‍, ഒ.എന്‍.വി കുറുപ്പ്, ജി. അരവിന്ദന്‍ തുടങ്ങി കലാ സാംസ്കാരിക സാമൂഹ്യരംഗങ്ങളിലെ പ്രമുഖര്‍... എല്ലാവരെയും നേരില്‍ കാണാനും അനുഗ്രഹം വാങ്ങാനും ആ സിനിമയ്ക്കിടെ സാധിച്ചു.

സഖാവ് പുറത്തിറങ്ങിയില്ല, പുറത്തിറങ്ങിയ ആദ്യത്തെ സിനിമ അരങ്ങാണ്, 91 ല്‍. പിന്നെ എന്നെ തേടിവന്നതൊക്കെ തമാശ കഥാപാത്രങ്ങള്‍.. സിനിമയുടെ ഒരു രീതി അതാണ്.. ഒരു ടൈപ്പ് വേഷം ചെയ്താല്‍ പിന്നെ നമ്മളെ തേടിവരിക അത്തരം വേഷങ്ങള്‍ മാത്രമായിപ്പോകും... പിന്നെ കുറേ സിനിമകള്‍ സഹനടനായി.. അതില്‍ ചിലതെല്ലാം നായകതുല്യമായ സഹനടന്‍റെ വേഷങ്ങളായിരുന്നു.. ചില സിനിമകളില്‍ നായകനുമായി...

ബട്ടര്‍ഫ്ലൈസിലെ എം.പി, സൈന്യത്തില്‍ മമ്മുക്കയുടെ സഹായി, മലപ്പുറം ഹാജി മഹാനായ ജോജിയിലെ പട്ടാളക്കാരന്‍, ചെപ്പടിവിദ്യയിലെ മൂന്ന് കള്ളന്‍മാരില്‍ ഒരാള്‍... എല്ലാം ശ്രദ്ധിക്കപ്പെട്ടു. ഇതൊക്കെ കഴിഞ്ഞിട്ടാണ് അനിയന്‍ ബാവ ചേട്ടന്‍ ബാവ വരുന്നത്. അതിലെ കഥാപാത്രമാണ് ശരിക്കും കരിയറില്‍ ബ്രേക്കായത്. പിന്നെ, ആദ്യത്തെ കണ്‍മണി വന്നു, പുതുകോട്ടയിലെ പുതുമണവാളന്‍ വന്നു.. പാര്‍വതി പരിണയം വന്നു. അതോടെ നായകവേഷങ്ങളും എന്നെത്തേടി വന്നു. ഹിറ്റ്ലര്‍ ബ്രദേഴ്സ്, ഇക്കരെയാണെന്‍റെ മാനസം, ചാര്‍ളി ചാപ്ലിന്‍, മന്ത്രിക്കൊച്ചമ്മ, ജയിംസ് ബോണ്ട് തുടങ്ങി നിരവധി സിനിമകളില്‍ നായകനുമായി...

‘’ആവിഷ്കാര സ്വാതന്ത്ര്യമില്ലാത്ത വ്യക്തിയാണ് ഒരു നടന്‍’’

ഒന്നാം റാങ്കില്‍ അഭിനയപഠനം പൂര്‍ത്തിയാക്കിയ ആള്‍.. നാടകത്തില്‍ ചെയ്തതെല്ലാം സീരിയസ് വേഷങ്ങള്‍.. പിന്നെയെങ്ങനെയാണ് തമാശ കഥാപാത്രങ്ങളിലേക്ക് വഴിമാറുന്നത്?

അതോ, സഖാവിന് ശേഷമാണ് ഞാന്‍ നായകനായ ആദ്യ ടെലിഫിലിം വരുന്നത്, ലംബോ. ദൂരദര്‍ശനില്‍. ലംബോയുടെ മുഴുവന്‍ ചിത്രീകരണവും തിരുവനന്തപുരത്തായിരുന്നു. ഒരു തമാശ കഥാപാത്രമായിരുന്നു ലംബോയിലേത്.. അത് നല്ലതുപോലെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ലംബോ എന്ന ടെലിഫിലിമിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ടെലിവിഷന്‍ പുരസ്കാരവും എന്നെത്തേടിയെത്തി.

സ്വയം കവിയാണെന്ന് ധരിച്ചുനടക്കുന്ന, എന്നാല്‍ യാതൊരു കവിത്വവുമില്ലാത്ത ഒരാളാണ് ലംബോയിലെ നായകന്‍, അയാള്‍ ഒരു പൊലീസുകാരനായി പിന്നീട് മാറുന്നു.. ആ കാക്കിയോട് പൊരുത്തപ്പെടാനാവാതെ വിട പറഞ്ഞിട്ട് കവിതയുടെ ലോകത്തേക്ക് പോകുന്നു.. ശരിക്കും ഒരു വികടകവി എന്ന് പറയാവുന്ന ഒരാള്. ഹ്യൂമര്‍ടച്ചുണ്ടെങ്കിലും അഭിനയത്തിന് ഒരുപാട് സാധ്യതയുണ്ടായിരുന്ന ഒരു കഥാപാത്രമായിരുന്നു അത്.

എല്ലാ കഥാപാത്രങ്ങളും ചെയ്യാന്‍ പറ്റുന്ന ആളാണ് ഒരു നടന്‍. ഇന്ന തരത്തിലുള്ള കഥാപാത്രങ്ങള്‍ മാത്രമേ ഞാന്‍ ചെയ്യൂ എന്ന് ഒരു നടന് പറയാന്‍ പറ്റില്ല. തമാശ എന്നത് നവരസങ്ങളില്‍ ഒന്നാണ്. നവരസങ്ങളില്‍ ബാക്കിയെല്ലാം വഴങ്ങുന്ന കലാകാരന് ഹാസ്യവും വഴങ്ങും. തമാശ നമ്മള്‍ പറഞ്ഞ് ഒരാളെ ചിരിപ്പിക്കുകയല്ല സിനിമയില്‍. ആദ്യം നമ്മളാ കഥാപാത്രമായി മാറണം.. തമാശ പറയുന്നതും പ്രേക്ഷകരെ ചിരിപ്പിക്കുന്നതും ആ കഥാപാത്രമാണ്...

‘’ആവിഷ്കാര സ്വാതന്ത്ര്യമില്ലാത്ത വ്യക്തിയാണ് ഒരു നടന്‍’’
ഭാര്യ ജിഷയ്ക്കും മകള്‍ ജമീമയ്ക്കുമൊപ്പം

എന്നിട്ടും എന്തേ കുറച്ചു കാലം സിനിമയില്‍ നിന്നും വിട്ടുനിന്നു?

ഒരേ ടൈപ്പ് കഥാപാത്രങ്ങള്‍, അതിന്‍റെ ഒരു മടുപ്പ്... അതുതന്നെ കാരണം.. ഇനി വ്യത്യസ്തമായ കഥാപാത്രങ്ങള്‍ വന്നാല്‍ ചെയ്യാം എന്ന് തീരുമാനിച്ചു.. അങ്ങനെയാണ് തേടി വന്ന കഥാപാത്രങ്ങളില്‍ നിന്നൊക്കെ ഒന്ന് വിട്ടുനില്‍ക്കുന്നത്. കൂടെ ചില വ്യക്തിപരമായ കാരണങ്ങളും... എല്ലാം കൂടിയായപ്പോള്‍ സിനിമയില്‍ ഒരു ഗ്യാപ്പുണ്ടായി എന്നുമാത്രം. പിന്നെ എഴുത്തിനും വായനയ്ക്കും സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കുമായി കുറച്ച് സമയം മാറ്റിവെക്കണം എന്ന് തോന്നിയതും ഒരു കാരണമായി...

ഈ സമയത്തും ടെലിവിഷനില്‍ എന്‍റെ സിനിമകള്‍ നിരന്തരം വന്നുകൊണ്ടിരുന്നു. അതുകൊണ്ട് ആ ഗ്യാപ്പ് സാധാരണ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞില്ല എന്നതാണ് സത്യം. ചില സിനിമകളൊക്കെ ഇടയ്‍ക്കൊക്കെ ചെയ്തിരുന്നു... അതില്‍ ശ്രദ്ധിക്കപ്പെട്ട സിനിമ ഷട്ടറാണ്.. അരവിന്ദന്‍റെ അതിഥികളില്‍ ഉണ്ടായിരുന്നു.. പഞ്ചവര്‍ണ തത്തയിലും അഭിനയിച്ചു.. അങ്ങനെ വീണ്ടും നല്ല സിനിമകള്‍, നല്ല കഥാപാത്രങ്ങള്‍ തേടി വരാന്‍ തുടങ്ങിയിട്ടുണ്ട്..

ഇനി സീരിയലില്‍ അഭിനയിക്കില്ല എന്നൊരു നിലപാട് അതിനിടയ്ക്ക് പരസ്യമാക്കിയിരുന്നല്ലോ?..

ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്ന പല സീരിയലുകളും സമൂഹത്തിന് എന്‍ഡോസള്‍ഫാനേക്കാളും മാരകമാണ്. അത്തരം സീരിയലുകളില്‍ അഭിനയിക്കില്ലെന്നാണ് തീരുമാനം. അത് നമ്മള്‍ ഈ പുതിയ തലമുറയോട് ചെയ്യുന്ന ഒരു നന്മയാണ്... ഇപ്പോള്‍ വരുന്ന എല്ലാ സീരിയലുകളെയും കുറിച്ചല്ല ഞാന്‍ പറയുന്നത്.. ചില സീരിയലുകള്‍.. നമ്മുടെ ഭാഷയെയും സംസ്കാരത്തെയും കുടുംബസംവിധാനത്തെയുമൊക്കെ സാംസ്കാരിക അപചയത്തിലേക്ക് കൊണ്ടുപോകുകയാണ് ചില സീരിയലുകള്‍.. അത്തരം സീരിയലുകളില്‍ അഭിനയിക്കില്ലെന്നാണ് ഞാന്‍ പറഞ്ഞത്.

സീരിയല്‍ മേഖലയിലും ഒരുപാട് മഹാ പ്രതിഭകളുണ്ട്. അവരുടെ പ്രതിഭയൊന്നും കാണിക്കാന്‍ പറ്റുന്ന ഒരു മേഖലയല്ലാതായി ഇത് മാറിയിരിക്കുന്നു. പല സ്ത്രീ കഥാപാത്രങ്ങളെയും സ്ത്രീവിരുദ്ധമായ രീതിയിലാണ് സീരിയലുകളില്‍ അവതരിപ്പിക്കുന്നത്. അത് കാണുന്ന പുരുഷന്മാരുടെ മനസ്സില്‍ സ്ത്രീകളെല്ലാം ഇങ്ങനെയാണ് എന്ന ധാരണ കുത്തിനിറയ്ക്കുകയാണത്. റേറ്റിംഗും കോംപ്രമൈസുമാണ് ഈ മേഖലയെ മുന്നോട്ട് നയിക്കുന്നത്. അതിനോട് നമുക്ക് താത്‌പര്യമില്ല.. അപ്പോള്‍ പിന്നെ അത്തരം സിനിമകളില്‍ അഭിനയിക്കേണ്ട എന്ന നിലപാട് എടുക്കുകയാണ് നമ്മുടെ മുന്നിലുള്ള വഴി.

‘’ആവിഷ്കാര സ്വാതന്ത്ര്യമില്ലാത്ത വ്യക്തിയാണ് ഒരു നടന്‍’’

എഴുത്തിലേക്ക് തിരിയാനുള്ള തീരുമാനം മനഃപൂര്‍വമായിരുന്നോ?

എഴുത്ത് എന്‍റെ ഒരു മേഖലയാണ്.. ആനുകാലികങ്ങളിലും മാതൃഭൂമി, കേരളകൌമുദി പോലുള്ള പത്രങ്ങളിലും ലേഖനങ്ങള്‍ എഴുതാറുണ്ട്. അധികവും സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങള്‍.

ഒരു നടനെന്ന നിലയില്‍ എനിക്ക് കിട്ടിയിട്ടുള്ളതില്‍ അധികവും തമാശ വേഷങ്ങളാണ്. ആളുകളുടെ മുമ്പില്‍ പ്രേംകുമാര്‍ തമാശക്കാരനാണ്. ആ തമാശയ്ക്ക് പിന്നിലുള്ളത് സംവിധായകനും തിരക്കഥാകൃത്തുമൊക്കെയാണ്.. ആ തമാശകളൊക്കെ അവരുടേതാണ്.. അതില്‍ എനിക്ക് അവകാശപ്പെടാന്‍ ഒന്നുമില്ല.

ശരിക്കും പ്രേംകുമാറെന്ന വ്യക്തി ഒരു തമാശക്കാരനല്ല... ഒരു തമാശ പറയൂ, കാണിക്കൂ എന്ന് പറഞ്ഞാല്‍ എനിക്കതിന് സാധിക്കില്ല... നിങ്ങള്‍ സ്ക്രീനില്‍ കാണുന്ന പ്രേംകുമാറല്ല സത്യത്തില്‍ ഞാന്‍. എന്‍റെ ശരിയായ സ്വത്വം എന്താണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനാണ് ഞാന്‍ എഴുതുന്നത്. ഒരു നടന് ഒരിക്കലും സ്വന്തം നിലപാടുകളോ ആശയങ്ങളോ ഒന്നും അഭിനയത്തിലൂടെ കാണിക്കാന്‍ കഴിയില്ല. ആവിഷ്കാര സ്വാതന്ത്ര്യം എന്നത് ഒരു നടനെ സംബന്ധിച്ച് ഇല്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നടന്‍റെ ആവിഷ്കാര സ്വാതന്ത്ര്യം എന്നത് കഥാപാത്രത്തെ ആവിഷ്കാരിക്കാനുള്ള സ്വാതന്ത്ര്യം മാത്രമാണ്. അവന്‍റെ വ്യക്തിത്വവുമായി ബന്ധമുള്ള ഒന്നും അതില്‍ വരുന്നില്ല,

എനിക്ക് എന്‍റെ ചില നിലപാടുകളുണ്ട്, എന്‍റെ അഭിപ്രായങ്ങളുണ്ട്. ജനിച്ച് ജീവിച്ച് വളര്‍ന്ന ഒരു സമൂഹത്തിന്‍റെ ഭാഗമാണ് ഞാന്‍. ആ സമൂഹമാണ് ഒരു കലാകാരനെന്ന നിലയില്‍ എന്നെ നിലനിര്‍ത്തുന്നത്. ആ സമൂഹത്തോട് ആത്യന്തികമായി എനിക്ക് പ്രതിബദ്ധതയുണ്ട്, ഉണ്ടാവേണ്ടതുണ്ട്. സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങള്‍ ഞാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതില്‍ എന്‍റേതായ അഭിപ്രായങ്ങളും പ്രതികരണങ്ങളും നിലപാടുകളും ഞാന്‍ രേഖപ്പെടുത്തേണ്ടതുണ്ട്. യഥാര്‍ത്ഥ പ്രേംകുമാറിന്‍റെ വ്യക്തിത്വം ഒരിക്കലും അഭിനയത്തിലൂടെ പ്രതിഫലിപ്പിക്കാനാകില്ല... എഴുത്താണ് അതിനുള്ള ഏറ്റവും നല്ല മാര്‍ഗം. എന്നാലും എഴുത്തിന് അധികം സമയം കിട്ടാറില്ല.. വായനയുണ്ട് എപ്പോഴും കൂടെ.

ഈ അടുത്ത കാലത്ത് ലഭിച്ച പുരസ്കാരങ്ങളൊക്കെ എന്‍റെ എഴുത്തിനും കൂടിയുള്ളതായിരുന്നു... നടന്‍ സുകുമാരന്‍റെ പേരിലുള്ള ചലച്ചിത്ര പ്രതിഭാ പുരസ്കാരം, അടൂര്‍ഭാസിയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ ചലച്ചിത്ര പുരസ്കാരം, കെ.പി ഉമ്മര്‍ ചലച്ചിത്ര പുരസ്കാരം എന്നിവയ്ക്കെല്ലാം അര്‍ഹനായി. പ്രേംനസീര്‍ പുരസ്കാരത്തിനും ഈ അടുത്ത് അര്‍ഹനായിട്ടുണ്ട്.. ‌

സാംസ്കാരിക സമ്മേളനങ്ങളുടെയും ഭാഗമാകാറുണ്ട്. കേരളത്തിനകത്തും പുറത്തും അതിന് വേണ്ടി പോകാറുണ്ട്... സാമൂഹ്യവിഷയങ്ങളിലും സജീവമായി ഇടപെടാറുണ്ട്. ഓഖി സമയത്ത് മത്സ്യത്തൊഴിലാളികളെ കാണാന്‍ പോയിരുന്നു. ആദിവാസികളുടെ നില്‍പ് സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആദ്യമെത്തിയ സിനിമക്കാരില്‍ ഒരാള്‍ ഞാനാണ്. സ്കൂള്‍ ഓഫ് ഡ്രാമയില്‍ പഠിക്കുമ്പോള്‍ തന്നെ അട്ടപ്പാടിയിലും മറ്റും പോയിട്ട് അവരെ ബോധവത്കരിക്കുന്ന ചില നാടകങ്ങള്‍ ഞാന്‍ ചെയ്തിരുന്നു. അവരുടെ അവസ്ഥ അതുകൊണ്ടുതന്നെ കൃത്യമായി നേരിട്ട് എനിക്ക് ബോധ്യമുണ്ട്. എന്‍ഡോസള്‍ഫാന്‍ സമരവേദിയിലും ഞാന്‍ പോയിരുന്നു.

‘’ആവിഷ്കാര സ്വാതന്ത്ര്യമില്ലാത്ത വ്യക്തിയാണ് ഒരു നടന്‍’’

എന്താണ് പ്രേംകുമാറെന്ന കലാകാരന്‍റെ രാഷ്ട്രീയം?

നന്മയാണ് എന്‍റെ രാഷ്ട്രീയം. ഞാനൊരു രാഷ്ട്രീയപാര്‍ട്ടിയുടേയും വക്താവല്ല. മനുഷ്യപക്ഷത്തുനില്‍ക്കുന്ന ആളാണ്. പകയും വിദ്വേഷവും വര്‍ഗീയതയും എനിക്കറിയില്ല.. മാനവീകതയാണ് ഞാന്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. കൊടിപിടിച്ചോ, ഏതെങ്കിലും പ്രസ്ഥാനത്തിന്‍റെ ഭാഗമായിട്ടല്ല അത്.

ഞാനൊരു മതവിശ്വാസിയല്ല, ദൈവ വിശ്വാസിയാണ്.. ദൈവം സ്നേഹമാണ്, യേശു ക്രിസ്തു എന്നാല്‍ ഞാന്‍ മനസ്സിലാക്കുന്നത് സ്നേഹം എന്നാണ്. നിന്നെപ്പോലെ മറ്റുള്ളവരെയും സ്നേഹിക്കുക എന്നാണ് യേശു ക്രിസ്തു പറഞ്ഞിട്ടുള്ളത്. അല്ലാതെ ക്രിസ്ത്യാനിയെ സ്നേഹിക്കൂ എന്നല്ല. നിന്‍റെ ശത്രുവിനെപ്പോലും സ്നേഹിക്കുക.

മനുഷ്യന്‍റെ ഒരു ചില്ലിക്കാശ് പോലും ആവശ്യമില്ലാത്ത ദൈവത്തിന്‍റെ പേരില്‍ എന്തിനാണ് അമ്പലങ്ങളിലും പള്ളികളിലും സമ്പത്ത് കൂന്നുക്കൂട്ടിവെച്ചിരിക്കുന്നത്. ആ അമ്പലങ്ങളുടെയും പള്ളികളുടെയും മുന്നിലിരുന്ന് വിശന്നുകരയുന്ന ഭിക്ഷക്കാര്‍ക്ക് നമ്മളെന്താണ് നല്‍കുന്നത്. സര്‍വശക്തനായ ദൈവത്തിന് എന്തിനാണ് മനുഷ്യന്‍റെ പൈസ എന്ന് ആരും ആലോചിക്കുന്നില്ല. ദരിദ്രരെ സംരക്ഷിക്കാന്‍ കഴിയാതെ നമ്മളെന്ത് വികസനത്തെക്കുറിച്ച് പറഞ്ഞിട്ടെന്താ? ദാരിദ്ര്യനിര്‍മാര്‍ജനം എന്ന ഒരു മുദ്രാവാക്യം തന്നെ പണ്ട് ഇന്ത്യയിലുണ്ടായിരുന്നു, ഗരീബി ഹഠാവോ. ഇന്നത് കേള്‍ക്കാനില്ല. പകരം കേള്‍ക്കുന്നത് ഇന്ത്യ തിളങ്ങുന്നുവെന്നാണ്. ഇന്ന് സമ്പത്ത് മുഴുവന്‍ ഒരു ചെറിയ വിഭാഗത്തിന്‍റെ കൈകളിലാണ്... ശരിക്കും വേണ്ടത് ഈ സമ്പത്തിന്‍റെ വികേന്ദ്രീകരണമാണ്. അപ്പോഴാണ് എല്ലാ മനുഷ്യരും ഒരുപോലെ, സന്തോഷത്തോടെ, സമാധാനത്തോടെ, സ്നേഹത്തോടെ ജീവിക്കുന്ന മാനവികതയുടെ ഒരു ലോകമുണ്ടാകൂ..