LiveTV

Live

Entertainment

‘ഞാൻ ഇനിയും സീതയായും യക്ഷിയായും കാമുകിയായും അഭിനയിക്കും’; രാധാ രവിക്ക്  ചുട്ട മറുപടിയുമായി നയന്‍താര 

‘ഞാൻ ഇനിയും സീതയായും യക്ഷിയായും കാമുകിയായും അഭിനയിക്കും’; രാധാ രവിക്ക്  ചുട്ട മറുപടിയുമായി നയന്‍താര 

നയന്‍താരയെ പൊതുവേദിയില്‍ അവഹേളിച്ച തമിഴ് നടന്‍ രാധാ രവിക്ക് ചുട്ട മറുപടിയുമായി ലേഡി സൂപ്പര്‍ സ്റ്റാര്‍. അധിക്ഷേപങ്ങൾ വകവെയ്ക്കാതെ താന്‍ ഇനിയും സീതയായും പ്രേതമായും ദേവിയായും അഭിനയിക്കുമെന്നും രാധാരവി നടത്തിയ പരാമര്‍ശങ്ങളില്‍ ശക്തമായി അപലപിക്കുന്നതായും നയൻതാര പറഞ്ഞു. പത്ര കുറിപ്പിലൂടെയാണ് താരം വിവാദങ്ങളോട് മറുപടി പറഞ്ഞത്. രണ്ട് പേജുള്ള പത്രകുറിപ്പില്‍ രാധാ രവിയുടെ സ്ത്രീവിരുദ്ധവും അധിക്ഷേപകരവുമായ പരാമര്‍ശങ്ങളില്‍ സൂപ്പര്‍ താരം അപലപിക്കുന്നുണ്ട്. നയന്‍താരയുടെ പുതിയ ചിത്രമായ ‘കൊലയുതിര്‍ കാല’ത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടയിലാണ് താരത്തിനെതിരെ രാധാ രവി അധിക്ഷേപകരമായ പരാമര്‍ശം നടത്തിയത്.

രാധാ രവിയുടെ അധിക്ഷേപകരമായ പരാമര്‍ശം പിന്തുണച്ച് കൈയ്യടിച്ച സദസ്സിനെയും നയന്‍താര കുറിപ്പിലൂടെ ചോദ്യം ചെയ്യുന്നുണ്ട്. ലൈംഗികചുവയുള്ള ഇത്തരം പ്രസ്താവനകളെ പ്രേക്ഷകര്‍ പ്രോത്സാഹിപ്പിക്കുന്നിടത്തോളം കാലം രാധാ രവിയെ പോലുള്ളവര്‍ സ്ത്രീവിരുദ്ധത പറഞ്ഞുകൊണ്ടേയിരിക്കുമെന്നും നയന്‍താര പറയുന്നു. നാട്ടിലെ പൗരന്മാരോടും തന്റെ ആരാധകരോടും ഇത്തരം സ്വഭാവങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്ന് അഭ്യര്‍ഥിക്കുന്നതായും, തനിക്കെതിരെയും സ്ത്രീകള്‍ക്കെതിരെയും രാധാരവി നടത്തിയ പരാമര്‍ശങ്ങളില്‍ ശക്തമായി അപലപിക്കുന്നതായും നയന്‍താര വ്യക്തമാക്കി. രാധാരവിക്ക് ജന്മം നൽകിയതും ഒരു സ്ത്രീയാണെന്ന് ഓർക്കണമെന്നും നയൻതാര വാർത്താകുറിപ്പിലൂടെ ഓർമിപ്പിച്ചു. സൂപ്രീകോടതി വിധി പ്രകാരം വിശാഖ കമ്മീഷന്റെ നിര്‍ദ്ദേശമനുസരിച്ച് തമിഴ്നാട് നടികര്‍ സംഘം സംഘടനക്കകത്ത് പരാതി പരിഹാര കമ്മിറ്റി നിര്‍മ്മിക്കാനും നയന്‍താര ആവശ്യപ്പെടുന്നുണ്ട്.

‘നയന്‍താരയെ നിങ്ങള്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നൊന്നും വിളിക്കരുത്. പുരട്ചി തലൈവര്‍, നടികര്‍ തിലകം, സൂപ്പര്‍ സ്റ്റാര്‍ എന്നൊക്കെ ശിവാജി ഗണേശന്‍, എം.ജി.ആര്‍, രജനീകാന്ത് തുടങ്ങിയവരെ വിളിക്കുന്നത് അവര്‍ക്കത് ചേരുന്നത് കൊണ്ടാണ്. അവരോടൊന്നും നയന്‍താരയെ താരതമ്യം ചെയ്യരുത്.’ എന്നിങ്ങനെ അധിക്ഷേപിക്കുന്ന രീതിയിലായിരുന്നു രാധാ രവി സിനിമയുടെ ട്രെയിലര്‍ ലോഞ്ചിനിടയില്‍ താരത്തിനെതിരെ പറഞ്ഞത്.