LiveTV

Live

Entertainment

മോദി വിമര്‍ശനത്തില്‍ പ്രതിഷേധവുമായി സംഘപരിവാര്‍; നെറ്റ്ഫ്ലിക്സിലെ ഹസന്‍ മിന്‍ഹാജിന്റെ ഷോ നിര്‍ത്തി വെക്കാന്‍ ട്വിറ്ററില്‍ ഹാഷ്ടാഗ് കാമ്പയിന്‍

മോദി വിമര്‍ശനത്തില്‍ പ്രതിഷേധവുമായി സംഘപരിവാര്‍; നെറ്റ്ഫ്ലിക്സിലെ ഹസന്‍ മിന്‍ഹാജിന്റെ ഷോ നിര്‍ത്തി വെക്കാന്‍ ട്വിറ്ററില്‍ ഹാഷ്ടാഗ് കാമ്പയിന്‍

ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ ഹാസ്യതാരം ഹസന്‍ മിന്‍ഹാജ് നെറ്റ്ഫ്ലിക്സില്‍ അവതരിപ്പിക്കുന്ന ‘പാട്രിയോട് ആക്ട് വിത്ത് ഹസന്‍ മിന്‍ഹാജ്’ ഷോക്കെതിരെ പ്രതിഷേധവുമായി സംഘപരിവാര്‍. മോദി സര്‍ക്കാരനെ വിമര്‍ശിക്കുന്ന പരിപാടി നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് മോദി അനുകൂലികള്‍ ട്വിറ്ററില്‍ ഹാഷ്ടാഗ് കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. #BoycottNetflix എന്ന ഹാഷ്ടാഗിലാണ് ട്വിറ്ററില്‍ കാമ്പയിന്‍. അതെ സമയം നെറ്റ്ഫ്ലിക്സ് പിന്‍വലിക്കും മുമ്പ് ഷോ മറക്കാതെ കാണാനാവശ്യപ്പെട്ട് നിരവധി പേര്‍ അനുകൂല ട്വിറ്റര്‍ കാമ്പയിനും നടത്തുന്നുണ്ട്. ഗുജറാത്ത് ഫയല്‍സ് എന്ന പുസ്തകം രചിച്ച റാണ അയ്യൂബും ഹസന്‍ മിന്‍ഹാജിന്റെ ഷോ മറക്കാതെ കാണാന്‍ ആവശ്യപ്പെടുന്നുണ്ട്.

‘ഇന്ത്യന്‍ ഇലക്ഷന്‍സ് | പാട്രിയോട് ആക്ട് വിത്ത് ഹസന്‍ മിന്‍ഹാജ്’ എന്ന വീഡിയോയാണ് സംഘപരിവാറിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. ടൈംസ് നൗവിനെ ഇന്ത്യയുടെ സ്വന്തം നാന്‍സി ഗ്രെയ്‌സ് എന്നാണ് വീഡിയോയില്‍ വിശേഷിപ്പിച്ചിട്ടുള്ളത്. പ്രധാനമന്ത്രിയായശേഷം മോദി പറഞ്ഞ ഓരോ കാര്യങ്ങളും തെളിവുകളോടെ പരിഹാസചുവയിലാണ് ഹസന്‍ മിന്‍ഹാജ് വിമര്‍ശിക്കുന്നത്. പാക്കിസ്ഥാനിലെ ബലാകോട്ടിലെ തീവ്രവാദ ക്യാമ്പില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ കണക്കറ്റ് കളിയാക്കുന്ന ഷോയില്‍ പാക്കിസ്താന്‍ യു.എനില്‍ പരിസ്ഥിതി നശിപ്പിച്ചതിന് പരാതി കൊടുത്തതും പ്രതിപാദിക്കുന്നുണ്ട്. ഹസന്റെ ഷോ ഏകപക്ഷീയമാണെന്നും മോദി സര്‍ക്കാറിനെ അവഹേളിക്കുന്നതാണെന്നും ആരോപിച്ചാണ് സംഘപരിവാര്‍ രംഗത്തെത്തിയിരിക്കുന്നത്. മുസ്‌ലിമായ ഹസന്‍ മിന്‍ഹാജ് ഇന്ത്യയിലെ രാഷ്ട്രീയ സംഭവങ്ങളും തെരഞ്ഞെടുപ്പും സംസാരിക്കുന്നതും ഹാസ്യാത്മകമായാണ് പരിപാടിയില്‍ അവതരിപ്പിക്കുന്നത്. ഹസന്‍ മിന്‍ഹാജിന് ഇറാനില്‍ നിന്നും സൗദിയില്‍ നിന്നും ഫണ്ട് ലഭിക്കുന്നുണ്ടെന്നും ഓരോ വിമര്‍ശനത്തിന് ശേഷവും ഭീതീതമായ പശ്ചാത്തല സംഗീതത്തേടെ കാണിക്കുന്നതും ചിരി പരത്തുന്നതാണ്.

യോഗി ആദിത്യനാഥ്, ശശി തരൂര്‍, ആര്‍.എസ്.എസ്, എം.എസ് ഗോല്‍വാക്കര്‍, നരേന്ദ്ര മോദി, തുടങ്ങി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രമുഖരായ എല്ലാവരേയും ഹസന്‍ തന്റെ പരിപാടിയില്‍ ചര്‍ച്ചാ വിഷയമാക്കുന്നുണ്ട്. ‘തോക്കേന്തിയ സന്ന്യാസിയാണ്’ എന്നാണ് യോഗിയെക്കുറിച്ച് പറയുന്നത്. നോട്ടുനിരോധനം, ദേശീയ പൗരത്വ പട്ടിക, ഇന്ത്യ പാക് സംഘര്‍ഷം, തൊഴിലില്ലായ്മ തുടങ്ങിയ എല്ലാത്തിനെക്കുറിച്ചും ഹസന്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. മോദിക്ക് രാഹുല്‍ ഗാന്ധിയുടെ ആലിംഗനം മാത്രമാണ് ഇഷ്ടപ്പെടാത്തതെന്നും അതിന്റെ കാരണങ്ങളെന്തെന്നും ചിരിയോടെ തന്നെ ഹസന്‍ പറഞ്ഞു വെക്കുന്നു.

അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനായിരുന്ന സൗദി പൗരന്‍ ജമാല്‍ ഖശോഗി വധവുമായി ബന്ധപ്പെട്ട് ഹസന്‍ മിന്‍ഹാജ് പുറത്തിറക്കിയ പാട്രിയോട് ആക്ടിന്റെ എപിസോഡ് സൗദി അറേബ്യയില്‍ നിരോധിച്ചിരുന്നു.