LiveTV

Live

Entertainment

‘ദി കംപ്ലീറ്റ് മോഹന്‍ലാല്‍ ഷോ’; ആരാധകരെ കോരിതരിപ്പിച്ച് ലൂസിഫറിന്റെ ട്രെയിലര്‍ 

‘ദി കംപ്ലീറ്റ് മോഹന്‍ലാല്‍ ഷോ’; ആരാധകരെ കോരിതരിപ്പിച്ച് ലൂസിഫറിന്റെ ട്രെയിലര്‍ 

മോഹന്‍ലാലിന്റെ ഏറ്റവും ഗംഭീരമായ മാസ് ഷോയിലൂടെ ലൂസിഫറിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായാണ് ലൂസിഫറില്‍ മോഹന്‍ലാല്‍ വരുന്നത്. ട്രെയിലര്‍ മുഴുവന്‍ തന്നെ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന ചടുലമായ മാസ് മോഹന്‍ലാല്‍ ചിത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെ കന്നി സംവിധാന സംരംഭമായ ലൂസിഫര്‍ സംഭവബഹുലമായ രാഷ്ട്രീയ കഥയാണ് പറയുന്നത്. ചിത്രം പുറത്തിറങ്ങും മുമ്പ് ആരാധകര്‍ ഊഹിച്ചെടുത്ത കരുണാകരന്റെയും മക്കളുടെയും രാഷ്ട്രീയ കഥ പോലെ തന്നെയാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

രാഷ്ട്രീയത്തിലെ ഒരു വന്‍മരം വീഴുമ്പോള്‍ കൂടെ നിന്നവര്‍ പോലും ചതിയന്മരായി മാറുന്ന കാഴ്ചയും അതിനുള്ള ഉത്തരം എന്ന രൂപത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിനെ അവതരിപ്പിക്കുകയാണ് ലൂസിഫറില്‍. ആവേശ കാഴ്ച്ചയൊരുക്കുന്ന ട്രെയിലറില്‍ വലിയ താരനിരയുടെ അഭിനയതികവ് കാണാവുന്നതാണ്. 28ന് തീയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ച് ഇപ്പോഴും അധികം വിവരങ്ങളൊന്നും സംവിധായകനോ തിരക്കഥാകൃത്തോ പുറത്തുവിട്ടിട്ടില്ല. വിവേക് ഒബ്റോയ് ആണ് ചിത്രത്തില്‍ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ സഹായിയായി കലാഭവന്‍ ഷാജോണ്‍ എത്തുന്നു. മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത്, ടോവിനോ തോമസ്, സംവിധായകന്‍ ഫാസില്‍, മംമ്ത മോഹന്‍ദാസ്, ജോണ്‍ വിജയ് എന്നിങ്ങനെ വലിയ താരനിരയുണ്ട് ചിത്രത്തില്‍. സുജിത്ത് വാസുദേവ് ആണ് ഛായാഗ്രഹണം. സംഗീതം ദീപക് ദേവ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ അന്റണി പെരിമ്പാവൂർ ആണ് ലൂസിഫര്‍ നിർമ്മിച്ചിരിക്കുന്നത്. നേരത്തെ ചിത്രത്തിന്റേതായി ഇറങ്ങിയ ടീസറിന് വലിയ പ്രതികരണമാണ് ലഭിച്ചത്.