LiveTV

Live

Entertainment

‘’വേണ്ടത് പാഷനും പേഷ്യന്‍സും മാത്രം; ബാക്കിയെല്ലാം നമ്മെ തേടിവരും’’

ഇന്ത്യന്‍ സിനിമയുടെ ശബ്ദത്തിന് പിന്നിലെ മലയാളി സാന്നിധ്യം, ജസ്റ്റിന്‍ ജോസ് സംസാരിക്കുന്നു...

‘’വേണ്ടത് പാഷനും പേഷ്യന്‍സും മാത്രം; ബാക്കിയെല്ലാം നമ്മെ തേടിവരും’’
ശബ്ദമിശ്രണം, ശബ്ദസാന്നിധ്യം, ശബ്ദമാധുര്യം എന്നൊക്കെ നമ്മള്‍ മലയാളികള്‍ വിളിക്കുന്ന ഒരു വിഭാഗമുണ്ട് സിനിമാലോകത്ത് - ഫൈനല്‍ മിക്സിംഗ് എഞ്ചിനീയര്‍. ബോളിവുഡ് ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെട്ട് അനവധി ഭാഷകളിലെ ചിത്രങ്ങളുടെ ഫൈനല്‍ മിക്സിംഗ് ജോലികളുടെ തലപ്പത്ത് മലയാളികളുമുണ്ടെന്ന് നമ്മളറിയുന്നത് പുരസ്കാരങ്ങള്‍ അവരെ തേടി വരുമ്പോള്‍ മാത്രമാണ്... അവരില്‍ പ്രധാനിയാണ് തൃശൂര്‍കാരനായ ജസ്റ്റിന്‍ ജോസ്. രണ്ടു നാഷണൽ അവാർഡുകള്‍ ഉൾപ്പടെ അനവധി പുരസ്കാരങ്ങളാണ് ജസ്റ്റിനെ തേടിയെത്തിയിട്ടുള്ളത്. ബാജിറാവു മസ്താനിക്കും വാക്കിംഗ് വിത്ത് എ വിന്‍ഡ് എന്ന ലാഡാക്കി ചലച്ചിത്രത്തിനും ശബ്ദമിശ്രണം നടത്തിയതിനാണ് രണ്ടുതവണ ജസ്റ്റിനെ തേടി നാഷണല്‍ അവാര്‍ഡ് എത്തിയത്. ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ ആദ്യഭാഗത്തിന്‍റെ ശബ്ദമിശ്രമണം നടത്തിയതും ജസ്റ്റിന്‍ ജോസ് ആണ്. സചിന്‍ എ ബില്ല്യണ്‍ ഡ്രീംസ്, മദ്രാസ് കഫേ അടക്കം 300 ഓളം ചിത്രങ്ങളാണ് ജസ്റ്റിന് അഭിമാനിക്കാനും ജസ്റ്റിന്‍റെ പേരില്‍ മലയാളിക്ക് അഭിമാനിക്കാനുമുള്ളത്.

തന്‍റെ സിനിമാജീവിതത്തെ കുറിച്ച് ജസ്റ്റിന്‍ ജോസ് സംസാരിക്കുന്നു...

‘’വേണ്ടത് പാഷനും പേഷ്യന്‍സും മാത്രം; ബാക്കിയെല്ലാം നമ്മെ തേടിവരും’’

ചേതനയിലെ പഠനമാണ് ജസ്റ്റിനെ സൌണ്ട് എഞ്ചിനിയറിംഗ് മേഖലയിലെത്തിക്കുന്നത്... പക്ഷേ ചേതനയിലെത്തുന്നതിന് മുമ്പുള്ള ജസ്റ്റിന്‍ ആരായിരുന്നു...?

ഒരു സാധാരണ ബി. എ വിദ്യാര്‍ത്ഥി. ‌എക്കണോമിക്സായിരുന്നു ഡിഗ്രിക്ക് എടുത്തിരുന്നത്.. വെറും സംഗീതാസ്വാദകനായ എന്നില്‍ എങ്ങനെയോ ആ കാലത്ത് മ്യൂസിക്കിനോടുള്ള താത്‍പര്യം വല്ലാതെ ഉള്ളില്‍ നിറഞ്ഞു. അങ്ങനെയാണ് മ്യൂസിക് ക്ലാസിന് പോയി തുടങ്ങുന്നത്. കീ ബോര്‍ഡ്, പിയാനോ ഒക്കെ പഠിക്കാന്‍ തുടങ്ങി.

പാട്ടൊക്കെ കേള്‍ക്കും എന്നതില്‍ കവിഞ്ഞ് വീട്ടിലാര്‍ക്കും പാട്ടുമായോ, സംഗീതവുമായോ യാതൊരു ബന്ധവുമില്ല.. ഗായകന്‍ ഫ്രാങ്കോയെ പരിചയപ്പെടുന്നതും അക്കാലത്താണ്. അതും ഈ രംഗത്തെത്തണമെന്ന ആഗ്രഹം കൂടാന്‍ കാരണമായി. ശ്രദ്ധ മുഴുവന്‍ മ്യൂസിക്കിലായതോടെ പിന്നെ ഡിഗ്രി പഠനം ബാധ്യതയായി... പഠനത്തിലും ശ്രദ്ധ കുറഞ്ഞു.. ഡിഗ്രി, അതുകഴിഞ്ഞ് പി.ജി എന്ന തീരുമാനമൊക്കെ മാറിമറിഞ്ഞു.

ഫ്രാങ്കോയും എന്നെ സംഗീതം പഠിപ്പിച്ചിരുന്ന മാഷുമാണ് എന്നില്‍ സൌണ്ട് എഞ്ചിനീയറിംഗ് ആണ് എന്‍റെ മേഖലയെന്ന മോഹം നിറയ്ക്കുന്നത്. പക്ഷേ, അപ്പോഴൊന്നും എനിക്ക് എന്താണ് അത് എന്ന് മനസ്സിലായിരുന്നില്ല... സ്റ്റുഡിയോയിലിരുന്നിട്ട് ശബ്ദം റെക്കോര്‍ഡ് ചെയ്യുന്നതാണ് ഇവര്‍ പറയുന്നതെന്ന് പിന്നീട് മനസ്സിലായി. കുട്ടിക്കാലത്ത് പരിചയമുള്ള അച്ചന്മാരുടെ കാസറ്റ് റെക്കോര്‍ഡിംഗ് വരുന്ന സമയത്ത് ഞങ്ങളെ സ്കൂളില്‍ നിന്ന് സ്റ്റുഡിയോയിലേക്ക് കൊണ്ടുപോയിരുന്നു. അന്ന് ഞാന്‍ പോയി കണ്ടതായിരുന്നു സൌണ്ട് റിക്കോര്‍ഡിംഗ് എന്ന് മനസ്സിലാകുന്നത് ഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ്.

അങ്ങനെ ആ ആഗ്രഹം വല്ലാതെയങ്ങ് കൂടിയപ്പോള്‍ ഞാനത് വീട്ടില്‍ പറഞ്ഞു. കേരളത്തില്‍ എവിടെയും നിനക്ക് പഠിക്കണമെന്ന് നീ പറയുന്ന ഈ കോഴ്സില്ല.. അങ്ങനെ ഒരു കോഴ്സുണ്ടാകുന്ന കാലത്ത് നിനക്ക് ചേരാമെന്നായിരുന്നു അവരുടെ മറുപടി. അല്ലാത്ത പക്ഷം നീ അത് മറന്നേക്ക്... ഡിഗ്രി പൂര്‍ത്തിയാക്കണം. എന്നിട്ട് നീ നിനക്ക് ഇഷ്ടമുള്ള കോഴ്സ് ചെയ്തോ എന്നും അച്ഛന്‍ അനുവാദവും തന്നു. നീ പ്രാര്‍ത്ഥിക്ക്, പ്രാര്‍ത്ഥിച്ചാല്‍ നിനക്ക് നിന്‍റെ ആഗ്രഹം നേടാനുള്ള വഴിയും തുറന്നു കിട്ടുമെന്നും അച്ഛന്‍ പറഞ്ഞിരുന്നു.

ഡിഗ്രി ഫൈനല്‍ ഇയര്‍ പരീക്ഷയൊക്കെ ആകുമ്പോഴേക്കും ഞാന്‍ സംഗീതം സീരിയസായി എടുത്തു.. മ്യൂസിക് പ്രാക്ടീസ്, കീ ബോര്‍ഡ്, പിയാനോ പഠനം അതൊക്കെയായിരുന്ന അപ്പോഴത്തെ നേരമ്പോക്കുകള്‍. ആ സമയത്താണ് തൃശൂരുള്ള ചേതന മീഡിയാ ഇന്‍സ്റ്റിറ്റ്യൂട്ട് സൌണ്ട് എഞ്ചിനീയറിംഗില്‍ പുതിയ കോഴ്സ് ആരംഭിക്കാന്‍ തുടങ്ങുന്നു എന്ന അറിയിപ്പ് വരുന്നത്. അക്കാര്യം അവര്‍ പരസ്യപ്പെടുത്തുന്നതിന് മുമ്പ് തന്നെ എന്നെ മ്യൂസിക് പഠിപ്പിക്കുന്ന സാര്‍ വിവരം അറിഞ്ഞിരുന്നു. അദ്ദേഹമെന്നെ വിളിച്ചു കാര്യം പറഞ്ഞു. ചേതനയില്‍ നീ ആഗ്രഹിക്കുന്ന കോഴ്സ് തുടങ്ങുന്നുണ്ട്.. പരസ്യം കണ്ടാല്‍ ഉടനെ അപേക്ഷിക്കണം. അതേ കാര്യം പറയാന്‍ തന്നെ ഫ്രാങ്കോ ചേട്ടനും വിളിച്ചു. അങ്ങനെ സംഗീതത്തോട് തോന്നിയ താത്‍പര്യമാണ് എന്നെ സത്യം പറഞ്ഞാല്‍ ചേതനയിലെത്തിച്ചത്.

ആറുമാസം കോഴ്സും, രണ്ടുമാസം ഇന്‍റേണ്‍ഷിപ്പും അങ്ങനെയായിരുന്നു കോഴ്‍സിന്‍റെ ഘടന. പത്രത്തില്‍ അറിയിപ്പ് വരുന്നു, ഞാന്‍ അപേക്ഷിക്കുന്നു. കൃത്യം ആ സമയമാകുമ്പോഴേക്കും എന്‍റെ ഡിഗ്രിയുടെ റിസല്‍ട്ട് വരുന്നു, ഒരു പേപ്പര്‍ എനിക്ക് നഷ്ടമായിരിക്കുന്നു. അങ്ങനെ വരാന്‍ ചാന്‍സില്ലെന്ന ഉറപ്പിന്മേല്‍ ഞാന്‍ റീവാലുവേഷന് കൊടുക്കുന്നു. സ്വാഭാവികമായും ഞാന്‍ അഡ്‍മിഷനായി ചെല്ലുമ്പോള്‍ ഫാദര്‍ എന്‍റെ ഡിഗ്രി പൂര്‍ത്തിയാകാത്തതിനെ പറ്റി സംസാരിക്കുന്നു.. റീവാലുവേഷനില്‍ ഡിഗ്രി കിട്ടുമെന്ന് ഞാന്‍ ഉറപ്പ് പറയുന്നു. നിന്നെ വിശ്വസിച്ച് ഞാന്‍ അഡ്‍മിഷന്‍ നല്‍കാം. ആ പേപ്പര്‍ കിട്ടിയില്ലെങ്കില്‍ ഞാനെന്ത് ചെയ്യണമെന്ന് ഫാദര്‍ വീണ്ടും ചോദിക്കുന്നു. അങ്ങനെയെങ്കില്‍ പഠനം നിര്‍ത്താമെന്നും അടുത്ത വര്‍ഷം റീ ജോയിന്‍ ചെയ്യാമെന്നും ഫാദറോട് ഞാന്‍. എന്തുവന്നാലും ഞാന്‍ പിന്മാറില്ലെന്ന് ഫാദറിന് മനസ്സിലായി.. അങ്ങനെ അഡ്‍മിഷന്‍ കിട്ടി. റീ വാലുവേഷനില്‍ ഡിഗ്രിയും കിട്ടിയതിനാല്‍ കോഴ്സ് തുടരാനും സാധിച്ചു. ആര്‍ട്ട് ഓഫ് സൌണ്ട് റെക്കോര്‍ഡിംഗ് എന്നായിരുന്നു കോഴ്‍സിന്‍റെ പേര്.

സത്യം പറഞ്ഞാല്‍ ഇതൊരു ആര്‍ട്ട് തന്നെയാണ്.. ടെക്‍നിക്കല്‍ ആര്‍ട്ടാണ് എന്ന് മാത്രം. ആറുമാസം കോഴ്‍സ് പഠനം, രണ്ട് മാസം ഇന്‍റേര്‍ണ്‍ഷിപ്പ്. അത് കഴിഞ്ഞും ഞാന്‍ അവിടെത്തന്നെ കൂടി,സെക്കന്‍റ് ബാച്ചിന്‍റെ കൂടെ. പെട്ടെന്നുതന്നെ അവസരങ്ങള്‍ തേടി പുറത്തേക്ക് പോകേണ്ട, നാട്ടില്‍ നല്ലൊരു ഓപ്പണിംഗ് കിട്ടുന്നതുവരെ ഇവിടെത്തന്നെ നില്‍ക്കൂ എന്ന അച്ഛന്‍റെ തീരുമാനമായിരുന്നു അതിന് കാരണം.

‘’വേണ്ടത് പാഷനും പേഷ്യന്‍സും മാത്രം; ബാക്കിയെല്ലാം നമ്മെ തേടിവരും’’

എന്നിട്ട് നാട്ടില്‍ തന്നെ അവസരം ലഭിച്ചോ?

ചേതനയില്‍ നിന്ന് ഞാന്‍ പോകുന്നത് സംഗീത സംവിധായകന്‍ ഗോപിസുന്ദറിന്‍റെ അടുത്തേക്കാണ്. പലപ്പോഴും അദ്ദേഹം ചേതനയില്‍ റെക്കോര്‍ഡിംഗിന് വരാറുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ സ്റ്റുഡിയോയില്‍ ഒരാളുടെ കൂടെ ആവശ്യം വന്നപ്പോള്‍ എന്‍റെ സുഹൃത്ത് ബാലു വഴി എന്നെ വിളിപ്പിച്ചു. ഞാന്‍ നേരത്തെ മ്യൂസിക് പഠിച്ചത് ഗോപിക്ക് അറിയാമായിരുന്നു. ഏകദേശം ഒരുവര്‍ഷത്തോളം ഞാന്‍ ഗോപിയുടെ കൂടെയുണ്ടായിരുന്നു. മ്യൂസിക്കിനേക്കാളും വളരാന്‍ നല്ലത് സിനിമയാണെന്ന് തിരിച്ചറിഞ്ഞതിനാല്‍ അവിടെ നിന്ന് മാറണമെന്നുണ്ടായിരുന്നു ഉള്ളില്‍. അങ്ങനെ അവിടം വിട്ടു.

പിന്നെ കുറച്ച് ഫ്രീലാന്‍സായി വര്‍ക്ക് ചെയ്തു. കേരളത്തിന്‍റെ പല സ്റ്റുഡിയോകളുടെയും ഭാഗമായി. ബാംഗ്ലൂരില്‍ പോയി.. അവിടെയും ചില വര്‍ക്കുകള്‍ കിട്ടി. ചേതനയുടെ തന്നെ ഒരു കോളേജിന്‍റെ വര്‍ക്കിന്‍റെ ഭാഗമായി കുറച്ച് ടെലിഫിലീമുകളുടെ മിക്സിംഗ് വര്‍ക്കുകള്‍ എന്നെ തേടി വന്നു. അങ്ങനെയാണ് ഫിലിം മിക്സിംഗിലാണ് എന്‍റെ ഭാവി കിടക്കുന്നത് എന്ന് തിരിച്ചറിയുന്നത്... ആ സമയത്താണ് ചേതനയില്‍ കൂടെയുണ്ടായിരുന്ന ഒരു സുഹൃത്തുവഴി ബോംബെയില്‍ ഒഴിവുണ്ടെന്ന് അറിഞ്ഞത്. 2003- 04 കാലത്താണ്. മിക്സിംഗ് എന്ന് പറഞ്ഞാണ് വിളിപ്പിച്ചതെങ്കിലും കിട്ടിയത് ഡബ്ബിംഗ് ആണ്.. ഒന്നര വര്‍ഷത്തോളം ഡബ്ബിംഗിന് വേണ്ടി മാറ്റിവെച്ചു. 2005 ആയപ്പോള്‍ ബ്ലഫ് മാസ്റ്റര്‍ മൂവിയുടെ അസിസ്റ്റന്‍റായി പ്രവ‍ൃത്തിക്കാന്‍ അവസരം കിട്ടി. മൂന്നുവര്‍ഷത്തോളം ഞാന്‍ അസിസ്റ്റന്‍റായിത്തന്നെ പ്രവൃത്തിച്ചു. പിന്നെ സാവധാനം സ്വതന്ത്ര സൌണ്ട് ഡിസൈനറും മിക്സറുമായി മാറി.

2012 മുതലാണ് കരിയറില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത്. ഞാന്‍ പുതിയ കമ്പനിയിലേക്ക് മാറി, ഫ്യൂജോ. ഡോള്‍ബി അറ്റ്‍മോസ് ഉപയോഗിച്ചുള്ള ഇന്ത്യയിലെ ‌ആദ്യത്തെ സ്റ്റുഡിയോ ആയിരുന്നു അത്. തുടക്കത്തില്‍ ആ ഫോര്‍മാറ്റ് സ്വീകരിക്കാന്‍ ഇന്‍ഡസ്ട്രിയിലെ ആരും തയ്യാറായിരുന്നില്ല. അ‌തിന്‍റെ ഔട്ട് എങ്ങനെയാണ് വരിക എന്നതില്‍ എല്ലാര്‍ക്കും ആശങ്കയുണ്ടായിരുന്നു. മദ്രാസ് കഫേ ആയിരുന്നു ഞാന്‍ ആ ഫോര്‍മാറ്റില്‍ ചെയ്ത ആദ്യ സിനിമ. അത് വിജയിച്ചു.. അതോടെ പിന്നെ എല്ലാവരും അതില്‍ ചെയ്യാമെന്നായി... ബാജിറാവു മസ്താനി, ബാഹുബലി, പദ്‍മാവത് ഒക്കെ വരുന്നത് തുടര്‍ന്നാണ്...

എപ്പോഴെങ്കിലും ജസ്റ്റിന്‍റെ ഡേറ്റിന് വേണ്ടി സംവിധായകര്‍ കാത്തുനിന്നിട്ടുണ്ടോ?

സിനിമയില്‍ ആരും ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കാറില്ല.. പകരം തുറന്നു പറയും... ഒരു സിനിമ തുടങ്ങുന്നതിന് ആറോ ഏഴോ മാസം മുമ്പ് തന്നെ നമ്മളോട് പറഞ്ഞിട്ടുണ്ടാകും, ഇങ്ങനെയൊരു സിനിമ തുടങ്ങാന്‍ പോകുന്നു, അതിന്‍റെ സൌണ്ട് മിക്സിംഗിന് ഈ തീയതി മുതല്‍ ഈ തീയതിവരെ മാറ്റിവെക്കേണ്ടിവരും എന്നൊക്കെ.. അപ്പോള്‍ അതിനനുസരിച്ചാണ് നമ്മള്‍ മറ്റ് വര്‍ക്കുകള്‍ ഏറ്റെടുക്കുകയും തീര്‍ക്കുകയും ഒക്കെ ചെയ്യുക.

ബാഹുബലിയാണ് കുറച്ച് ധൃതിയില്‍ ചെയ്യേണ്ടി വന്ന സിനിമ. ആ സമയത്ത് ഞാനൊരു യാത്രയൊക്കെ പ്ലാന്‍ ചെയ്ത് നില്‍ക്കുന്ന സമയമാണ്. അപ്പോഴാണ് എന്‍റെ ബോസ് വിളിച്ച്, കമ്പനി ബാഹുബലിയുടെ വര്‍ക്ക് ഏറ്റെടുത്ത കാര്യം പറയുന്നത്. കമ്പനിക്ക് രണ്ട് സ്റ്റുഡിയോയുണ്ട്. യഥാര്‍ത്ഥത്തില്‍ ബാഹുവലി ചെയ്യേണ്ടിയിരുന്നത് രണ്ടാമത്തെ സ്റ്റുഡിയോയിലാണ്. അവിടെ മറ്റൊരു വര്‍ക്ക് കയറിയത് തീര്‍ന്നില്ല.. അങ്ങനെയാണ് ഞാന്‍ ബാഹുബലിയുടെ ഭാഗമാകുന്നത്.

ഇപ്പോള്‍ ഞാന്‍ മിക്സ് ചെയ്ത് കൊണ്ടിരിക്കുന്നത് കേസരിയെന്ന പടമാണ്. അത് ഞാന്‍ കമ്മിറ്റ് ചെയ്യുന്നത് കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മാസത്തിലാണ്... അന്നേ അവര്‍ പറഞ്ഞിരുന്നു, ഫെബ്രുവരിയിലാണ് അതിന്‍റെ മിക്സിംഗ് ഉണ്ടാകുയെന്ന്. അതുകൊണ്ടുതന്നെ നമുക്ക് അതിന് അനുസരിച്ച് തയ്യാറായി ഇരിക്കാന്‍ കഴിയും. അസുഖമോ മറ്റെന്തെങ്കിലും വ്യക്തിപരമായ പ്രശ്നങ്ങളോ കൊണ്ടല്ലാതെ, ഇതുവരെ ഏറ്റെടുത്ത വര്‍ക് പൂര്‍ത്തിയാക്കാതിരുന്നിട്ടില്ല.

‘’വേണ്ടത് പാഷനും പേഷ്യന്‍സും മാത്രം; ബാക്കിയെല്ലാം നമ്മെ തേടിവരും’’

ഓസ്കാറും റസൂല്‍പൂക്കുട്ടിയും ജസ്റ്റിനെ സ്വാധീനിച്ചിരുന്നോ?

2005 ല്‍ ബ്ലഫ് മാസ്റ്റര്‍ സിനിമയുടെ സറൌണ്ട് മ്യൂസിക് മിക്സില്‍ ഞാനായിരുന്നു അസിസ്റ്റ് ചെയ്തിരുന്നത്. അന്ന് ആ സിനിമയുടെ ലൊക്കേഷന്‍ എ‍ഞ്ചിനീയറും സൌണ്ട് ഡിസൈനറും റസൂലായിരുന്നു. 2004 മുതല്‍ എനിക്ക് റസൂലിനെ അറിയാം.. 2008 ല്‍ റസൂലിന് ഓസ്കാര്‍ ലഭിച്ചതിന് ശേഷവും ഞങ്ങളൊരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. എന്‍റെ കമ്പനി വേറെ ഒരു ഏരിയയില്‍ ആയതുകൊണ്ട്, ഇവിടെ എത്തിപ്പെടാന്‍ റസൂലിന് ബുദ്ധിമുട്ടുണ്ട്.. ഞങ്ങളുടെ കമ്പനിയുടെ തന്നെ വേറൊരു ഡിവിഷന്‍റെ ഭാഗമാണ് ഇപ്പോള്‍ റസൂല്‍...

ഇന്ത്യയിലെ സൌണ്ട് എഞ്ചിനീയേഴ്സ് ഫീല്‍ഡിനെ പ്രശസ്തമാക്കിയത് യഥാര്‍ത്ഥത്തില്‍ രണ്ട് പേരാണ്. എച്ച്. ശ്രീധരാണ് ഒരാള്‍... അദ്ദേഹത്തിലൂടെയാണ് സൌണ്ട് എ‍ഞ്ചിനീയര്‍ എന്നൊരു വിഭാഗം സിനിമയിലുണ്ട് എന്ന് ഇന്ത്യക്കാര്‍ അറിയുന്നത്. പിന്നെ ഒരു ടെക്നിക്കല്‍ വ്യക്തിക്ക് ഒരു സെലിബ്രിറ്റി ആകാന്‍ പറ്റും എന്നതിന്‍റെ ഉദാഹരണമാണ് റസൂലിന് ഓസ്കാര്‍ കിട്ടിയത്.

മലയാളത്തിലെ സിനിമാ ബന്ധങ്ങള്‍

കൂടെ, പ്രേതം ഫസ്റ്റ് മൂവി, പുണ്യാളന്‍, ഊഴം, സിനിമാ കമ്പനി, കളിയച്ഛന്‍ ഇതിന്‍റെയൊക്കെ ഭാഗമായിട്ടുണ്ട്. സെക്കന്‍റ് ഷോ ആണെന്‍റെ ഫസ്റ്റ് മലയാളം മൂവി. പ്രളയത്തെ തുടര്‍ന്ന് ചര്‍ച്ച ചെയ്ത ചില സിനിമകള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. ഇപ്പോള്‍ തുടര്‍ന്ന് ചര്‍ച്ചകള്‍ നടക്കുന്നു.

തിയേറ്ററുകളിലെ സൌണ്ട് സിസ്റ്റം സൌണ്ട് എ‍ഞ്ചിനിയേഴ്സിനോട് നീതി കാണിക്കുന്നുണ്ടോ?

എല്ലാം പ്രശ്നമാണ് എന്ന് പറയുന്നില്ല.. ഒരു അറുപത് ശതമാനം തിയേറ്ററിലും ഞങ്ങളെടുക്കുന്ന ഹാര്‍ഡ് വര്‍ക്കിന്‍റെ റിസള്‍ട്ട് ഉണ്ടാകുന്നുണ്ട്.. ബാക്കി 40 ശതമാനം ഇപ്പോഴും പ്രശ്നം തന്നെയാണ്... അത് സൌണ്ടിന്‍റെ കാര്യത്തില്‍ മാത്രമല്ല, വിഷ്വലിന്‍റെ കാര്യത്തിലും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ട്. ചിലപ്പോള്‍ അവിടെ പ്രൊജക്ടര്‍ മാറ്റിയിട്ട് തന്നെ വര്‍ഷങ്ങളായിട്ടുണ്ടാകും...

പുതിയതായി തുടങ്ങുന്ന തിയേറ്റര്‍ ഒരുവര്‍ഷത്തേക്ക് കുഴപ്പമില്ല.. പക്ഷേ വര്‍ഷം ഒന്നു കഴിഞ്ഞാല്‍ അതിന്‍റെ മെയിന്‍റനന്‍സു കൂടി കൃത്യസമയത്ത് നടത്തണം. ഞങ്ങളെപ്പോലുള്ളവര്‍ 300-350 മണിക്കൂര്‍ വിശ്രമമില്ലാതെ വര്‍ക് ചെയ്തിട്ടാണ്, ആത്മസംതൃപ്തിയോടെ ഒരു സിനിമയുടെ ഔട്ട് പുറത്തിറക്കുന്നത്. ഇത് നാളെ ഒരു തിയേറ്ററില്‍ പോയി കേള്‍ക്കുമ്പോള്‍, എന്താ പറയാ, ഒന്നും ചെയ്യാനൊന്നും കഴിയില്ല. വിതരണക്കാര്‍ അത് ശ്രദ്ധിക്കുക എന്നല്ലാതെ, എന്നാലേ സിനിമ വ്യവസായത്തിന് അതിന്‍റെ ഗുണം ലഭിക്കുകയുള്ളൂ.. സിനിമ തിയേറ്ററിന്‍റെ സൌകര്യത്തിനനുസരിച്ച് നശിപ്പിക്കപ്പെടുന്നത് ഞങ്ങളുടെ കലയാണ്..

‘’വേണ്ടത് പാഷനും പേഷ്യന്‍സും മാത്രം; ബാക്കിയെല്ലാം നമ്മെ തേടിവരും’’

പുരസ്കാരങ്ങള്‍വഴി അംഗീകരിക്കപ്പെടുന്നുണ്ട്.. പക്ഷേ ജസ്റ്റിനെ പോലുള്ള കലാകാരന്മാര്‍ക്ക് പുരസ്കാരങ്ങള്‍ പോലും പ്രശസ്തി നല്‍കുന്നില്ലെന്ന് തോന്നിയിട്ടുണ്ടോ?

തങ്ങള്‍ക്ക് മുമ്പിലെത്തുന്ന ഒരു കഥാപാത്രത്തിലൂടെ ഒരു നടനെയാണ് രണ്ടു രണ്ടര മണിക്കൂര്‍ ജനങ്ങള്‍ കാണുന്നത്.. എന്നാല്‍ അത് ഒപ്പിയെടുക്കുന്നത് ഒരു കാമറമാനാണ്. അത് റെക്കോര്‍ഡ് ചെയ്യുന്നത് കാമറയുടെ കഴിവല്ല, ആ കാമറയെ എങ്ങനെ ഉപയോഗപ്പെടുത്തുന്നുവെന്ന കാമറാമാന്‍റെ കഴിവാണ്. ആ കഴിവ് ആര്‍ക്കും മനസ്സിലാകുന്നില്ല. കാരണം, അയാള്‍ തിരശ്ശീലയുടെ പിറകിലാണുള്ളത്. മലയാള സിനിമയിലെ കാമറമാന്‍റെ പേര് പറയാന്‍ പറഞ്ഞാല്‍, ഒന്നോ രണ്ടേ പേരില്‍ കൂടുതല്‍ ആര്‍ക്കും പറയാനും സാധിക്കാറില്ല. അതുപോലെ തന്നെയാണ് സൌണ്ട് എഞ്ചിനീയേഴ്സിന്‍റെ കാര്യവും. ഒന്നോ രണ്ടോ സൌണ്ട് എഞ്ചിനീയേഴ്സിനെയൊക്കെ ആളുകള്‍ അറിയുമായിരിക്കും. അതിലപ്പുറം എല്ലാവരുടെയും പേര് ഓര്‍ത്തുവെക്കാനൊന്നും ആര്‍ക്കും നേരമില്ല..

ഇപ്പം, എന്‍റെ ഒരു ഉദാഹരണം പറയുകയാണെങ്കില്‍, എനിക്ക് ഒരു അവാര്‍ഡൊക്കെ കിട്ടുന്ന സമയത്ത് മാധ്യമങ്ങളിലൊക്കെ ചില അഭിമുഖങ്ങളൊക്കെ വരു. അപ്പോള്‍ ഞാന്‍ നാട്ടിലാണെങ്കില്‍, പള്ളിയിലേക്ക് ഒക്കെ ഇറങ്ങുമ്പോള്‍ നാട്ടുകാര്‍ക്ക് അടുത്തേക്ക് വരാനും, കൈ തരാനും, സെല്‍ഫി എടുക്കാനും ഒക്കെ ഉത്സാഹമാണ്. ഇപ്പോള്‍ എന്‍റെ ഇന്‍റര്‍വ്യൂകളൊക്കെ നിന്നു, ഞാനിപ്പോഴും നാട്ടില്‍ പോകുന്നുണ്ട്.. പക്ഷേ, ഞാനിപ്പം എന്‍റെ നാട്ടുകാര്‍ക്ക് സെലിബ്രിറ്റിയല്ല.. അവര്‍ക്ക് ഞാനിപ്പം അവരുടെ ഒരു നാട്ടുകാരന്‍ മാത്രമാണ്.. അതില്‍ വേദനയോ സങ്കടമോ ഒന്നും ഉണ്ടായിട്ട് കാര്യമില്ല.. ഒരു ടെക്നീഷ്യന് അത്രയേ കിട്ടുകയുള്ളൂ... പണ്ടും ക്രിക്കറ്റ് താരങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്.. പക്ഷേ ഇന്ന് അവരുടെ മുഖം ടിവിയിലും മറ്റും കാണുന്നത് കൊണ്ട് ഇന്നത്തെ കാലത്തെ ക്രിക്കറ്റ് താരങ്ങള്‍ കുറച്ചുകൂടി സെലിബ്രിറ്റികളാണ്..

‘’വേണ്ടത് പാഷനും പേഷ്യന്‍സും മാത്രം; ബാക്കിയെല്ലാം നമ്മെ തേടിവരും’’

എന്താണ് ഈ രംഗത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നവരോട് പറയാനുള്ളത്?

ഇപ്പോള്‍, ആളുകള്‍ക്ക് ഈ ഫീല്‍ഡിനെപ്പറ്റി അറിയാന്‍ ഒരുപാട് വഴികളുണ്ട്... പഠിക്കാന്‍ ഒരുപാട് സാധ്യതകളുണ്ട്.. പക്ഷേ എത്ര പേര് ഈ രംഗത്തേക്ക് വരുന്നെന്ന് പറഞ്ഞാലും, ഫീല്‍ഡില്‍ നില്‍ക്കുന്നത്, പാഷനെയും ഡെഡിക്കേഷനെയും ഹാര്‍ഡ് വര്‍ക്കിനെയും ആശ്രയിച്ചിരിക്കും.

ക്ഷമ തെറിച്ചുപോകുന്ന പണിയാണിത്. നല്ല ക്ഷമ വേണം, നമ്മള്‍ കഠിനമായി അധ്വാനിക്കണം, അതിജീവിക്കാന്‍ പഠിക്കണം. ടൈം മാനേജ് ചെയ്യാന്‍ അറിയണം... അങ്ങനെ അത്രയും ആത്മാര്‍ത്ഥമായി നമുക്ക് ഈ പ്രൊഫഷനെ സ്നേഹിക്കാന്‍ സാധിച്ചെങ്കില്‍ മാത്രമേ നമുക്ക് അത് എത്തിപ്പിടിക്കാന്‍ സാധിക്കൂ..

പുതിയ തലമുറയില്‍പ്പെട്ട ഒരുപാടുപേര്‍ പേര് കിട്ടും, പ്രശസ്തി കിട്ടും, പണം കിട്ടും എന്നൊക്കെ കരുതി വരുന്നവരുണ്ട്. പക്ഷേ, ഒന്നോ രണ്ടോ വര്‍ഷം കഴിയുമ്പോള്‍ അവരത് നിര്‍ത്തി പോകുകയാണ്. പലരും പിന്നെ ചെയ്യുന്നത് തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു ജോലിയാണ്.. ഈ രംഗത്തുണ്ടായിരുന്ന ഒരു വ്യക്തിയെ വര്‍ഷങ്ങള്‍ക്കുശേഷം കണ്ടപ്പോള്‍ അയാള്‍ ജ്വല്ലറിയില്‍ സെയില്‍സ്‍മാനായി നില്‍ക്കുകയായിരുന്നു.