LiveTV

Live

Entertainment

‘പി.എം നരേന്ദ്ര മോദി’ സിനിമയുടെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറക്കുന്നത് അമിത് ഷാ  

‘പി.എം നരേന്ദ്ര മോദി’ സിനിമയുടെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറക്കുന്നത് അമിത് ഷാ  

നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ‘പി.എം നരേന്ദ്ര മോദി’ സിനിമയുടെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറക്കുക ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. തെരഞ്ഞെടുപ്പ് ആരംഭത്തില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന സിനിമയുടെ പോസ്റ്ററാണ് അമിത് ഷാ പുറത്തിറക്കുക. രണ്ടാം പോസ്റ്റര്‍ തിങ്കളാഴ്ചയാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുക. ഏപ്രില്‍ 12 നാണ് സിനിമ ഇന്ത്യയില്‍ റിലീസ് ചെയ്യുന്നത്. ഇന്ത്യയില്‍ ആദ്യ ഘട്ട തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത് ഏപ്രില്‍ 11നാണ്.

ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറക്കുക അമിത് ഷായാകുമെന്ന് നിര്‍മാതാവായ സന്ദീപ് സിംഗാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. വിവേക് ഒബ്‌റോയ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അമിത് ഷായുടെ റോളിലെത്തുന്നത് മനോജ് ജോഷിയാണ്. ഓമങ്ങ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മേരികോം, സരബ്ജിത്ത് സിനിമകള്‍ ഓമങ്ങ് മുന്‍പ് ഒരുക്കിയിട്ടുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസായിരുന്നു പുറത്തിറക്കിയിരുന്നത്. 23 ഭാഷകളില്‍ പുറത്തിറക്കിയ പോസ്റ്ററുകള്‍ വലിയ ശ്രദ്ധ നേടിയിരുന്നു.

അതെ സമയം, മോദി ഭരണത്തെ വെള്ള പൂശാനുള്ള ബി.ജെ.പി ശ്രമമാണ് പുതിയ സിനിമയെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ പരക്കെയുള്ള ആക്ഷേപം. ചിത്രത്തിന്റെ വലിയൊരു ഭാഗവും ഗുജറാത്തിലാണ് ചിത്രീകരിക്കുന്നത്. ചിത്രത്തിനായി മൂന്ന് വര്‍ഷമായി ജോലിയിലായിരുന്നെന്ന് സംവിധായകന്‍ ഓമങ്ങ് കുമാര്‍ പറയുന്നു. ലെജന്റ് ഗ്ലോബല്‍ സ്റ്റുഡിയോക്ക് വേണ്ടി സുരേഷ് ഒബ്റോയിയും സന്ദീപ് സിങും കൂടിയാണ് ചിത്രം നിര്‍മിക്കുന്നത്.