LiveTV

Live

Entertainment

ലൂസിഫര്‍ ഒരു  പാവം സിനിമ, രാഷ്ട്രീയത്തിലേക്കില്ലെന്ന് മോഹന്‍ലാല്‍; ഫേസ്ബുക്ക് ആസ്ഥാനത്ത് നിന്നും ലൈവില്‍ വിശേഷങ്ങള്‍ പങ്കുവെച്ച് മോഹന്‍ലാലും താരങ്ങളും

ലൂസിഫര്‍ ഒരു  പാവം സിനിമ, രാഷ്ട്രീയത്തിലേക്കില്ലെന്ന് മോഹന്‍ലാല്‍; ഫേസ്ബുക്ക് ആസ്ഥാനത്ത് നിന്നും ലൈവില്‍ വിശേഷങ്ങള്‍ പങ്കുവെച്ച് മോഹന്‍ലാലും  താരങ്ങളും

രാഷ്ട്രീയത്തിലേക്കില്ലെന്ന് നടന്‍ മോഹന്‍ലാല്‍. കേരളത്തിലെ പശ്ചാത്തലത്തില്‍ ഒരിക്കലും രാഷ്ട്രീയം പഠിക്കാതെ അറിയാതെ അതിലേക്ക് വരാന്‍ സാധിക്കില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. മോഹന്‍ലാല്‍ അഭിനയിച്ച ലൂസിഫര്‍ സിനിമയുടെ വിശേഷങ്ങള്‍ പങ്കു വെക്കുകയായിരുന്നു താരം. സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് കൊണ്ട് മോഹന്‍ലാലും അണിയറ താരങ്ങളും ഹൈദരാബാദിലെ ഫേസ്ബുക്ക് ആസ്ഥാനത്ത് നിന്നും ലൈവില്‍ ആരാധകരുമായി സംവദിച്ചു. നടന്‍ പൃഥിരാജ്, നടി മഞ്ജു വാര്യര്‍, തമിഴ് താരം സൂര്യ, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, നടന്‍ ടോവിനോ തോമസ്, മോഹന്‍ലാലിന്റെ ഭാര്യ സുചിത്ര എന്നിവരാണ് വിശേഷങ്ങള്‍ പങ്കു വെച്ച് ഫേസ്ബുക്ക് ലൈവില്‍ വന്നത്. സിനിമയുടെ സെന്‍സറിങ് നാളെ നടക്കുമെന്ന് സംവിധായകന്‍ പൃഥിരാജ് ലൈവിലുടെ അറിയിച്ചു. ഒരു പാവം സിനിമയാണെന്ന് നടന്‍ മോഹന്‍ലാലും പറഞ്ഞു. കുള്ളന്റെ ഭാര്യ എന്ന ചിത്രത്തില്‍ കുള്ളനായി അഭിനയിച്ച ജിനു ബെന്നാണ് പരിപാടി അവതരിപ്പിച്ചത്. ഫേസ്ബുക്കില്‍ ജോലി ചെയ്യുകയാണ് ജിനു.

ചിത്രം ലോകമെമ്പാടുമുള്ള 1500ല്‍ അധികം തീയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് ലൈവിലെത്തിയ ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായാണ് മോഹന്‍ലാല്‍ എത്തുന്നത്. മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ വിവേക് ഒബ്റോയ് ആണ് വില്ലന്‍. കലാഭവന്‍ ഷാജോണ്‍, ഇന്ദ്രജിത്ത്, ടോവിനോ തോമസ്, സംവിധായകന്‍ ഫാസില്‍, മംമ്ത മോഹന്‍ദാസ്, ജോണ്‍ വിജയ് എന്നിവരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സുജിത്ത് വാസുദേവ് ആണ് ഛായാഗ്രഹണം. സംഗീതം ദീപക് ദേവ്. ആശിര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.