LiveTV

Live

Entertainment

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലൊരുങ്ങുന്ന കുഞ്ഞാലി മരയ്ക്കാര്‍ക്കെതിരെ സ്മാരകവേദി; സിനിമ മരയ്ക്കാരെ അപഹസിക്കുന്നത്

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലൊരുങ്ങുന്ന കുഞ്ഞാലി മരയ്ക്കാര്‍ക്കെതിരെ  സ്മാരകവേദി; സിനിമ മരയ്ക്കാരെ അപഹസിക്കുന്നത്

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലൊരുങ്ങുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമക്കെതിരെ കുഞ്ഞാലിമരയ്ക്കാര്‍ സ്മാരകവേദി. സിനിമ ധീരരക്തസാക്ഷിയായ കുഞ്ഞാലിമരയ്ക്കാരെ അപഹസിക്കുന്നതാണെന്നും സിക്ക് തലപ്പാവും നെറ്റിയില്‍ മുദ്രയുമുള്ള കഥാപാത്രം പരിഹാസ്യമാണെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ചരിത്രത്തില്‍ ഭാവന കലര്‍ത്തുന്നത് ചരിത്രത്തെ വികലമാക്കലാണെന്നും പ്രിയദര്‍ശന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയും പത്രക്കുറിപ്പിലൂടെയും കിട്ടുന്ന സൂചനകള്‍ സിനിമയെക്കുറിച്ച് ആശങ്കകള്‍ ഉണര്‍ത്തുന്നവയാണന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. മരയ്ക്കാരുടെ ശരിയായ രൂപവും നേര്‍ചരിത്രവും ആധാരമാക്കിയായിരിക്കണം സിനിമ പുറത്തിറക്കേണ്ടത്, അല്ലാത്ത പക്ഷം അത് വ്യാപകമായ പ്രതിഷേധങ്ങള്‍ക്കു വഴിയൊരുക്കുമെന്നും കുഞ്ഞാലി മരയ്ക്കാര്‍ സ്മാരകവേദി മുന്നറിയിപ്പ് നല്‍കി. ഇനി വരാനിരിക്കുന്ന മമ്മൂട്ടി- സന്തോഷ് ശിവന്‍ കൂട്ടുക്കെട്ടിലെ കുഞ്ഞാലി മരയ്ക്കാര്‍ കൂടി പ്രതീക്ഷിച്ച് കൊണ്ടാണ് വാര്‍ത്താസമ്മേളനം വിളിച്ചതെന്ന് ഭാരവാഹികള്‍ പറയുന്നു. സിനിമ പുറത്തിറങ്ങണമെന്നും അത് ഒരു തരത്തിലും ചരിത്രത്തെ വികലമാക്കി കൊണ്ടാവരുതെന്നും അംഗങ്ങള്‍ പറയുന്നു.

കുഞ്ഞാലി മരയ്ക്കാരെ ക്കുറിച്ചുള്ള ചരിത്രം പ്രദിപാദിക്കുന്ന ആധികാരികമായ ഒരു പുസ്തകവും ലഭ്യമല്ലെന്ന പ്രിയദര്‍ശന്റെ വാദം കളവാണെന്നും ഇനിയഥവാ അങ്ങനെ തന്നെയാണെങ്കില്‍ ചരിത്രത്തെ വികലമാക്കി ചിത്രീകരിക്കലാണോയെന്നും സ്മാരകവേദി ചോദിക്കുന്നു. ചിത്രത്തിന്റെ തിരക്കഥ എങ്ങനെയാണെന്നറിയില്ലെന്നും അതറിഞ്ഞതിന് ശേഷം മറ്റു നടപടികളിലേക്കു കടക്കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. കുഞ്ഞാലി മരയ്ക്കാരെയും സാമൂതിരിയെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പുരാവസ്തു വകുപ്പ് തയ്യാറാക്കിയ ബ്രോഷറുകളും പ്രസിദ്ധീകരണങ്ങളും സ്മാരക മ്യൂസിയത്തില്‍നിന്ന് മാറ്റണമെന്നും അവര്‍ ആവശ്യപ്പെട്ടു. കോഴിക്കോട് പ്രസ്ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് മജീദ് മരയ്ക്കാര്‍, ജനറല്‍ സെക്രട്ടറി ഇബ്രാഹിം തിക്കോടി, ട്രഷറര്‍ ടി. അമീറലി മാസ്റ്റര്‍, വി.കെ പ്രഭാകരന്‍, നിസാര്‍ ചെറൂട്ടി, എന്‍.പി കുഞ്ഞാമു എന്നിവര്‍ പങ്കെടുത്തു.