LiveTV

Live

Entertainment

‘ആ വിശ്വാസത്തിന്റെ കരുത്താണ് മമ്മൂട്ടിയുടെയും കരുത്ത്’; മമ്മൂട്ടിയുടെ കാരുണ്യ പ്രവര്‍ത്തനങ്ങളെ ഹൃദയം തൊട്ട് പ്രശംസിച്ച് ബിഷപ്പിന്റെ പ്രസംഗം; വീഡിയോ 

‘ആ വിശ്വാസത്തിന്റെ കരുത്താണ് മമ്മൂട്ടിയുടെയും കരുത്ത്’; മമ്മൂട്ടിയുടെ കാരുണ്യ പ്രവര്‍ത്തനങ്ങളെ ഹൃദയം തൊട്ട് പ്രശംസിച്ച് ബിഷപ്പിന്റെ പ്രസംഗം; വീഡിയോ 

കഴിഞ്ഞ ഇരുപത്തഞ്ച് വർഷത്തിനിടയിൽ മമ്മൂട്ടി ചെയ്ത കാരുണ്യ പ്രവര്‍ത്തനങ്ങള്‍ എണ്ണിപറഞ്ഞ് ബിഷപ്പിന്റെ ഹൃദയം തൊടുന്ന പ്രസംഗം. മമ്മൂട്ടിയിലെ നടനെ മാത്രമല്ല നന്മ നിറഞ്ഞ മനുഷ്യനെയും മലയാളിക്കറിയാമെന്ന് പറഞ്ഞ ബിഷപ്പ് മമ്മൂട്ടിയുടെ സൗന്ദര്യത്തിന്റെയും ഊർജത്തിന്റെയും രഹസ്യം അദ്ദേഹത്തിന്റെ വിശ്വാസമാണെന്നും പറയുന്നു. ‘എത്ര തിരക്കായാലും ഏത് ബിഗ് ബജറ്റ് സിനിമയുടെ ഷൂട്ടിങ്ങിലായാലും ഒരു തവണ പോലും മമ്മൂട്ടി നമസ്കാരം മുടക്കാറില്ല. ആ വിശ്വാസത്തിന്റെ കരുത്താണ് മമ്മൂട്ടിയുടെ കരുത്ത്’; ബിഷപ്പ് വികാരാധീനനായി പറഞ്ഞു. മലങ്കര ക്രിസ്ത്യൻ ഓർത്തഡോക്സ് ബിഷപ്പ് ആയ മാത്യൂസ് മാർ സേവേറിയോസാണ് മമ്മൂട്ടിയിലെ നന്മ എണ്ണിപറഞ്ഞ് പൊതു വേദിയില്‍ പ്രസംഗിച്ചത്. ബിഷപ്പിന്റെ പ്രസംഗം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

ബിഷപ്പിന്റെ പ്രസംഗത്തില്‍ നിന്ന്

25 വർഷങ്ങൾക്ക് മുൻപ് ‘പെയിൻ ആന്റ് പാലിയേറ്റീവ്’ എന്ന സംഘടന പ്രവർത്തനം ആരംഭിച്ചത് 25 ലക്ഷം രൂപ കൊണ്ടായിരുന്നു. തിയേറ്ററിലെത്തി പണം കൊടുത്ത് സിനിമ കണ്ട് വിജയിപ്പിക്കുന്ന സാധാരണക്കാരന് അതിന്റെ ഒരു വിഹിതം എങ്ങനെ മടക്കി നൽകാം എന്ന ചിന്ത കണ്ണീരുപൊഴിക്കുന്നവന് ഒപ്പം നിൽക്കാൻ പ്രേരിപ്പിച്ചു. വിവിധ ഘട്ടങ്ങളിലായി ഒട്ടേറെ പേർക്ക് ശസ്ത്രക്രിയയ്ക്ക് ആവശ്യമായ പണം നൽകി സംഘടന ഒപ്പം നിന്നു. പിന്നീട് 2004-2005ല്‍ ‘കാഴ്ച’ എന്ന പദ്ധതി ആവിഷ്കരിക്കുകയും  പതിനായിരത്തിലേറെ പേർക്ക് സൗജന്യമായി ശസ്ത്രക്രിയ നടത്തിക്കൊടുക്കുകയും ചെയ്തു.

2008ല്‍ മമ്മൂട്ടി ഹൃദയ ശസ്ത്രക്രിയ പദ്ധതി ആരംഭിച്ചു. തിരുവന്തപുരത്ത് വെച്ച് 170 ഹൃദ് രോഗികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി. ഇത്തരത്തിൽ മമ്മൂട്ടിയുടെ നേതൃത്വത്തിൽ പത്തോളം വിവിധ ജീവകാരുണ്യപദ്ധതികളാണ് കേരളത്തിൽ നടന്നുവരുന്നത്. ഹൃദയസംബന്ധമായ അസുഖങ്ങളാൽ വലയുന്നവർക്ക് കൈത്താങ്ങായി ‘ഹൃദയസ്പർശം’ എന്ന പേരിൽ 673 കുഞ്ഞുങ്ങൾക്കും 170ലേറെ മുതിർന്നവർക്കും സൗജന്യമായി ഓപ്പറേഷൻ നടത്തിക്കൊടുത്തു. ജീവന്റെ നിലനിൽപ്പിന് മാത്രമല്ല ജീവിതങ്ങൾക്ക് വേണ്ടിയും അദ്ദേഹം ഒട്ടേറെ പദ്ധതികൾ നടപ്പാക്കി. ‘വിദ്യാമൃതം’ എന്ന പദ്ധതിയിലൂടെയും ‘പൂർവികം’ എന്ന ആശയത്തിലൂടെയും ആദിവാസികൾ അടക്കമുള്ള കുട്ടികൾക്ക് പഠിക്കാനുള്ള എല്ലാ സഹായവും അദ്ദേഹം നൽകുന്നുണ്ട്. ഇത്തരത്തിൽ എൻജിനിയറിങും നഴ്സിങ്ങും അടക്കം പഠിച്ചിറങ്ങിയ വിദ്യാർഥികൾ ഇപ്പോൾ മികച്ച തൊഴിലിടങ്ങിൽ ജോലിചെയ്യുകയാണ്. പിന്നീട് ഇത്തരം പദ്ധതികളെല്ലാം ‘കെയർ ആന്റ് ഷെയർ ഇന്റര്‍നാഷണല്‍ ’ എന്ന ഒരു കുടയുടെ കീഴിലെത്തിച്ച് സജീവമായി മുന്നോട്ട് പോവുകയാണ്. 2004ലാണ് മമ്മൂട്ടി കെയർ ആന്റ് ഷെയർ ആരംഭിക്കുന്നത്.

മമ്മൂട്ടിക്ക് പുറമെ സിനിമാ താരമായ രമേഷ് പിഷാരടിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.