LiveTV

Live

Entertainment

ബി.ആര്‍ അംബേദ്ക്കറുടെ സിനിമയുമായി പാ രഞ്ജിത്ത്; സംവിധാനം മുംബൈ സ്വദേശിനി

 ബി.ആര്‍ അംബേദ്ക്കറുടെ സിനിമയുമായി  പാ രഞ്ജിത്ത്; സംവിധാനം മുംബൈ സ്വദേശിനി

നീലം പ്രൊഡക്ഷന്റെ ഏറ്റവും പുതിയ സിനിമ ബി.ആര്‍ അംബേദ്ക്കറിന്റെ ജീവിതമായിരിക്കുമെന്ന് സംവിധായകന്‍ പാ രഞ്ജിത്ത്. ട്വിറ്ററിലൂടെയാണ് പാ രഞ്ജിത്ത് പുതിയ സിനിമ പ്രഖ്യാപിച്ചത്. മുംബൈ സ്വദേശിയായ ജ്യോതി നിഷയാണ് ബി.ആര്‍ അംബേദ്ക്കര്‍ അന്നും ഇന്നും ( ബി.ആര്‍ അംബേദ്ക്കര്‍ നൗ ആൻഡ് ദെൻ ) എന്ന ഡോക്യൂമെന്ററി സിനിമ സംവിധാനം ചെയ്യുക. ക്രൗഡ്ഫണ്ടിലൂടെ നിര്‍മ്മിക്കുന്ന ചിത്രം ചരിത്രമാകുമെന്നും പാ രഞ്ജിത്ത് ട്വിറ്ററില്‍ കുറിച്ചു. വിഷ്ബെറി പ്ലാറ്റഫോമിലൂടെ അറുപത് ദിവസം കൊണ്ട് ഇരുപത് ലക്ഷം രൂപയാണ് സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ ക്രൗഡ്ഫണ്ടിങ്ങായി പ്രതീക്ഷിക്കുന്നത്. സിനിമ നിര്‍മ്മാണത്തിന് സഹായം ചെയ്ത പാ രഞ്ജിത്തിനോട് നന്ദി പറഞ്ഞ് സംവിധായക ജ്യോതിനിഷയും ട്വിറ്ററിലൂടെ രംഗത്ത് വന്നിട്ടുണ്ട്.

രാജ്യത്തെ ബഹുജന്‍ വിഭാഗങ്ങളുടെ പ്രതിഷേധവും പ്രശ്നങ്ങളും ഡോക്യൂമെന്റ് ചെയ്യുന്ന സിനിമയില്‍ ബഹുജന്‍ ഫെമിനിസ്റ്റ് വീക്ഷണത്തിലൂടെയാകും കഥ പറയുകയെന്നും സംവിധായക ജ്യോതിനിഷ പറയുന്നു. ‘ആരാണ് അംബേദ്ക്കറെ കൈവശപ്പെടുത്തുന്നതെന്നും, എന്തായിരിക്കാം കാരണം? എന്ത് കൊണ്ട് ഇപ്പോള്‍’; എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൂടിയാകും സിനിമയെന്നും സംവിധായിക പറയുന്നു. മുംബൈ ആസ്ഥാനമായി സ്വതന്ത്ര ഫോട്ടോഗ്രഫറായി ജോലി ചെയ്യുന്ന പൂജ ജൈനായിരിക്കും സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുക. ഉട്താ പഞ്ചാബ്, കപ്പൂര്‍ ആന്റ് സണ്‍സ് എന്നീ സിനിമകളില്‍ പ്രവര്‍ത്തിച്ച സിങ്ക് സൗണ്ട് റെക്കോര്‍ഡിസ്റ്റ് അനുരൂപ് കുക്റെജയായിരിക്കും ഈ സിനിമയുടെയും സൗണ്ട് ഡിസൈനര്‍. ഗായികയും റെക്കോര്‍ഡ് പ്രൊഡൂസറുമായ ആസാമില്‍ നിന്നുള്ള ശങ്കുരാജ് കൊന്‍വാറാണ് സിനിമയുടെ പശ്ചാത്തല സംഗീതവും ഗാനങ്ങളും ഒരുക്കുക.

ബോളിവുഡിലെ അരങ്ങേറ്റ ചിത്രത്തിന്റെ ജോലികളിലാണ് പാ രഞ്ജിത്ത് ഇപ്പോൾ. 18-ാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഭരണത്തോട് എതിരിട്ട, ഝാര്‍ഖണ്ഡിലെ സ്വാതന്ത്ര്യ സമരനേതാവുമായ ബിര്‍സ മുണ്ടയുടെ കഥ പറയുന്ന ബയോപിക് ചിത്രമാണിത്. മഹാശ്വേതാദേവി രചിച്ച ‘ആരണ്യേര്‍ അധികാര്‍’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. ബ്രിട്ടീഷ് സൈന്യത്തിനെതിരെ ഝാര്‍ഖണ്ഡ്, ബീഹാര്‍, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ വനങ്ങള്‍ കേന്ദ്രീകരിച്ച്‌ ഗറില്ല യുദ്ധം നടത്തിയ ആദിവാസി നേതാവാണ് ബിര്‍സ മുണ്ട. നമാ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഷരീന്‍ മന്ത്രി, കിഷോര്‍ അറോറ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഒപ്പം നീലം എന്ന സ്വന്തം പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ‘ഇരണ്ടാം ഉലകപോരിൻ കടൈസി ഗുണ്ടു’ എന്നൊരു ചിത്രവും നിർമ്മിക്കുന്നുണ്ട്. ‘അട്ടക്കത്തി’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച പാ. രഞ്ജിത്ത് രജനികാന്ത് നായകനായ ‘കബാലി’, ‘കാല’ എന്നീ ചിത്രങ്ങളിലൂടെയാണ് ഏറെ ശ്രദ്ധ നേടിയത്. ഒരേ സമയം പ്രേക്ഷക ശ്രദ്ധയും നിരൂപക പ്രശംസയും നേടിയ ‘പരിയേറും പെരുമാര്‍’ എന്ന ചിത്രം നിര്‍മ്മിച്ചതും രഞ്ജിത്ത് ആയിരുന്നു.