LiveTV

Live

Entertainment

നെറ്റ്ഫ്ലിക്സിനെ ഭയക്കുന്നതാര്?

ഓസ്കര്‍ വിവാദം മാത്രമല്ല, ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്രമേളയായ കാന്‍സ് ഫിലിം ഫെസ്റ്റ്‍വെലില്‍ ഈ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നെറ്റ്‍ഫ്ലിക്സ് സിനിമകള്‍ പ്രദര്‍ശിപ്പിച്ചിരുന്നില്ല

നെറ്റ്ഫ്ലിക്സിനെ ഭയക്കുന്നതാര്?

ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമ ഏതെന്നു ചോദിച്ചാല്‍ ഏവര്‍ക്കും ഒരു ഉത്തരമേ ഉണ്ടാകൂ. ഓണ്‍ലൈന്‍ സ്ട്രീമിങ് സെര്‍വീസ് പ്രൊവൈഡറായ നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്ത മാര്‍ട്ടിന്‍ സ്കോര്‍ട്സീസിന്‍റെ ദി ഐറിഷ്മാന്‍. മാര്‍ട്ടിന്‍ സ്കോര്‍ട്സീസിന്‍റെ സംവിധാന മികവിനെക്കുറിച്ചോ സിനിമയോടുള്ള സമീപനത്തെക്കുറച്ചോ ആര്‍ക്കും സംശയമുണ്ടാവില്ല. എന്നാല്‍, ഇത്തവണത്തെ ഓസ്കര്‍ പുരസ്കാര നിര്‍ണ്ണയത്തിന് ശേഷം സംശയം ജനിപ്പിക്കുന്ന മറ്റൊരു ചോദ്യം ഇവിടെ രൂപപ്പെട്ടിട്ടുണ്ട്. സിനിമ അനുഭവത്തെ നെറ്റ്ഫ്ലിക്സ് ദുര്‍ബലപ്പെടുത്തുന്നുണ്ടോ.?

നെറ്റ്ഫ്ലിക്സിനെ ഭയക്കുന്നതാര്?

അക്കാദമി അവാര്‍ഡിനു ശേഷം പ്രശസ്ത സംവിധായകന്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗാണ് ഈ ചോദ്യം ഉന്നയിച്ചത്. ഓസ്‌കറില്‍ നിന്ന് നെറ്റ്ഫ്‌ളിക്‌സ് സിനിമകള്‍ നിരോധിക്കണമെന്നാണ് സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ ആവശ്യം. ഒരു നിയമമാറ്റത്തിനാണ് സ്പീല്‍ബര്‍ഗിന്‍റെ നീക്കം. ഓസ്കര്‍ സിനിമകള്‍ സ്ട്രീമിങ്ങിന് ഓണ്‍ലൈനില്‍ ലഭ്യമാകുന്നതിന് മുമ്പ് കുറഞ്ഞത് നാല് ആഴ്ചയെങ്കിലും തിയേറ്ററില്‍ ലഭ്യമായിരിക്കണമെന്നാണ് അദ്ദേഹത്തിന്‍റെ വാദം. അദ്ദേഹത്തിന്‍റെ ആവശ്യത്തെ പിന്‍തുണച്ച് ഒരു പാട് ആളുകള്‍ രംഗത്തെത്തിയിരുന്നു. മിനിസ്ക്രീന്‍ അനുഭവവും ബിഗ്സ്ക്രീന്‍ അനുഭവവും വ്യത്യസ്തമാണെന്നും ഇത്തരം സിനിമകള്‍ ഹോളിവുഡിലെ ഫിലിം മേക്കേഴ്‌സിനെ രണ്ടായി തിരിക്കുമെന്നാണ് നെറ്റ്ഫ്‌ലിക്‌സിനെ എതിര്‍ക്കുന്നവരുടെ വാദം. നെറ്റ്ഫ്ലിക്സ് സിനിമയായ റോമ ഓസ്കറില്‍ മൂന്ന് പുരസ്കാരങ്ങള്‍ സ്വന്തമാക്കി തിളങ്ങി നിന്നതിനു പിറകെയാണ് സ്പീല്‍ബര്‍ഗ് ആരോപണവുമായി രംഗത്തെത്തിയത്.

നെറ്റ്ഫ്ലിക്സിനെ ഭയക്കുന്നതാര്?

ഓസ്കര്‍ വിവാദം മാത്രമല്ല, ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്രമേളയായ കാന്‍സ് ഫിലിം ഫെസ്റ്റ്‍വെലില്‍ ഈ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നെറ്റ്‍ഫ്ലിക്സ് സിനിമകള്‍ പ്രദര്‍ശിപ്പിച്ചിരുന്നില്ല. പക്ഷെ, തളരാതെ പോരാടിയ ഓണ്‍ലൈന്‍ ഡിസ്ട്രിബ്യൂട്ടേഴ്സ് വെനീസ് ചലച്ചിത്ര മേളയില്‍ തങ്ങളുടെ സിനിമള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. റോമ, ബല്ലാര്‍ഡ് ഓഫ് ബസ്റ്റര്‍ സ്ക്രഗ്സ്, ദി അതര്‍ സൈഡ് ഓഫ് ദ വിന്‍റ് തുടങ്ങിയ നെറ്റ്ഫ്ലിക്സ് സിനിമകള്‍ മേളയില്‍ വലിയ പ്രശംസകള്‍ നേടി.

കാന്‍സ് ചലച്ചിത്ര മേളയില്‍ പ്രദര്‍ശനാനുമതി നിഷേധിക്കുകയും ഓസ്കര്‍ വിജയത്തിന് പിറകെ വിവാദങ്ങള്‍ വന്നതോടെയും ഇതിനെതിരെ പ്രതികരണവുമായി നെറ്റ്ഫ്ലിക്സ് തന്നെ രംഗത്തെത്തിയിരുന്നു. തങ്ങള്‍ സിനിമയെ സ്നേഹിക്കുന്നെന്നും ഫിലിം മേക്കേഴ്സിന് കാഴ്ച എന്ന അര്‍ത്ഥത്തില്‍ പരിധിയില്ലാതെ ഉള്ളടക്കമുള്ള സിനിമകള്‍ നിര്‍മ്മിക്കാന്‍ താങ്കള്‍ അനുവദിക്കുന്നു എന്നുമാണ് നെറ്റ്ഫ്ലിക്സ് പറയുന്നത്.

ഞങ്ങള്‍ സിനിമയെ സ്നേഹിക്കുന്നു. എങ്ങനെയെന്നാല്‍...

1. സിനിമ കാണാനുള്ള ചെലവ് വഹിക്കാന്‍ സാധിക്കാത്തവര്‍ക്കും തിയേറ്റര്‍ ഇല്ലാത്തതും പട്ടണപ്രദേശമല്ലാത്തതുമായ സ്ഥലങ്ങളിലുള്ള ആളുകള്‍ക്കും സിനിമ ആസ്വദിക്കാന്‍ അവസരം നല്‍കുന്നു.

2. ലോകത്തുള്ള എല്ലായിടത്തും ഒരേ സമയത്ത് സിനിമകള്‍ റിലീസ് ചെയ്ത് ഒരേസമയം ഏവരിലേക്കും എത്തിക്കുന്നു.

‍3. കലയെ പ്രകടമാക്കാന്‍ കൂടുതല്‍ വഴികള്‍ ഫിലിം മേക്കേഴ്സിന് തുറന്നിടുന്നു.

ലോകത്ത് എല്ലായിടത്തും സിനിമ എത്തിക്കാന്‍ സാധിക്കുന്നു എന്നതിന് ഉദാഹരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നത് ഇന്ത്യയെയാണ്. ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ച പല സിനിമകളും ഇന്ത്യയില്‍ റിലീസ് ആയിട്ടില്ല. ബ്ലാക്ക്ക്ലാന്‍സ്മാന്‍, ഓസ്‌കര്‍ ലഭിച്ച ഗ്രീന്‍ബുക്ക് പോലും ഇവിടെ റിലീസ് ആയിട്ടില്ല. എന്നാല്‍ നെറ്റ്ഫ്‌ളിക്‌സ് വഴി പുറത്തിറങ്ങിയ റോമയെ ലോകത്ത് എല്ലായിടത്തും എത്തിക്കാന്‍ കഴിഞ്ഞുവെന്നും അവര്‍ പറയുന്നു.

നെറ്റ്ഫ്ലിക്സിനെ ഭയക്കുന്നതാര്?

ഇതിനെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും അഭിപ്രായങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്. സത്യത്തില്‍ നെറ്റ്ഫ്ലിക്സിനെ ഭയക്കുന്നതാരാണ്.? മികച്ച സിനിമക്കുള്ള ഓസ്കര്‍ സ്വന്തമാക്കിയ ഗ്രീന്‍ബുക്കിന്‍റെ വിതരണത്തിന് യൂണിവേഴ്സല്‍ പിക്ചേഴ്സിന് ഒരുപാട് സഹായങ്ങള്‍ ചെയ്തു കൊടുത്ത വ്യക്തിയാണ് സ്റ്റീവന്‍ സ്പീല്‍ബര്‍ഗ്. ഗ്രീന്‍ബുക്കിന് മികച്ച ചിത്രത്തിനുള്ള പോരാട്ടത്തില്‍ പ്രധാന വെല്ലുവിളി ഉയര്‍ത്തിയതും മറ്റു പല പുരസ്കാരങ്ങള്‍ ഗ്രീന്‍ ബുക്കിന് ലഭിക്കാതെ പോവാന്‍ കാരണമായതും റോമയാണ്. ഇതിനാലാണ് സ്പീല്‍ബര്‍ഗ് കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രമുഖ വിതരണ കമ്പനികളും നിരൂപകരില്‍ പലരും നെറ്റ്ഫ്ലിക്സ് സിനിമകള്‍ ഓസ്കറിന് പരിഗണിക്കേണ്ട എന്ന ആശയം മുറുകെ പിടിക്കുന്നവരാണ്. നെറ്റ്ഫ്ലിക്സ് പോലെത്തന്നെ ആമസോണ്‍ പ്രൈം, ഡിസ്നിപ് എന്നിവര്‍ ഓണ്‍ലൈന്‍ സ്ട്രീമിങ് രംഗത്ത് സജീവമാകുന്നതോടെ സബ്സ്ക്രിബ്ഷനില്‍ മാത്രം കേന്ദ്രീകരിച്ചുകൊണ്ട് ഓണ്‍ലൈന്‍ സ്ട്രീമിങ് അധികം മുന്നോട്ട് പോവാന്‍ സാധിക്കില്ല എന്നതും ഇവര്‍ ഉന്നയിക്കുന്ന പ്രധാന കാരണമാണ്. പക്ഷെ, ഈ വാദങ്ങള്‍ക്കെതിരെ ശക്തമായി നെറ്റ്ഫ്ലിക്സ് പ്രതികരിക്കുകയുണ്ടായി.

നെറ്റ്ഫ്ലിക്സിനെ ഭയക്കുന്നതാര്?

പഴയ ഭീമന്മാരും പുതിയ ഭീമന്മാരും തമ്മിലുള്ള യുദ്ധമാണ് ഇതെന്നും ആളുകളുടെ ആസ്വാദനം അതിര്‍ത്തികള്‍ കടന്ന് സഞ്ചരിക്കട്ടെയെന്നുമാണ് പ്രശസ്ത നിരൂപകനും ബോക്സ് ഓഫീസ് അനലിസ്റ്റുമായ ജെഫ് ബോക്ക് പറയുന്നത്. എന്തായാലും ഏപ്രിലില്‍ ചേരുന്ന ഓസ്കര്‍ കമ്മിറ്റി മീറ്റില്‍ ഇത് പ്രധാന വിഷയമായി ഉന്നയിക്കാനാണ് സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് അടക്കമുള്ളവരുടെ തീരുമാനം. ചിലപ്പോള്‍ നിയമങ്ങള്‍ മാറിയേക്കാം. ചിലപ്പോള്‍ ചിന്തകള്‍ അതിനപ്പുറം സഞ്ചരിച്ചേക്കാം. കാത്തിരുന്നു കാണേണ്ട കാര്യങ്ങള്‍ അങ്ങനെത്തന്നെ അറിയേണ്ടിയിരിക്കുന്നു. കാത്തിരിക്കാം.