LiveTV

Live

Entertainment

ദിവസവും 120 സിഗരറ്റുകള്‍, എഴുന്നേറ്റു നില്‍ക്കാന്‍ പോലും മദ്യമില്ലാതെ സാധിക്കില്ല; ആ കറുത്ത കാലഘട്ടത്തെക്കുറിച്ച് ഡെന്നീസ് ജോസഫ് 

മരിക്കുന്നതിനെ കുറിച്ച് പോലും താന്‍ ചിന്തിച്ചിരുന്നെന്നും ധൈര്യമില്ലാത്തത് കൊണ്ട് ‍മാത്രമാണ് ആത്മഹത്യ ചെയ്യാതിരുന്നതെന്നും ഡെന്നീസ് ജോസഫ് പറയുന്നു

ദിവസവും 120 സിഗരറ്റുകള്‍, എഴുന്നേറ്റു നില്‍ക്കാന്‍ പോലും മദ്യമില്ലാതെ സാധിക്കില്ല; ആ കറുത്ത കാലഘട്ടത്തെക്കുറിച്ച് ഡെന്നീസ് ജോസഫ് 

നമ്പര്‍ 20 മഡ്രാസ് മെയില്‍ മുതല്‍ ന്യൂഡല്‍ഹി വരെ വ്യത്യസ്തമായ ജോണറുകളില്‍ സിനിമകളെഴുതി മലയാളത്തിന്‍റെ പ്രിയ കഥാകാരനായി മാറിയ വ്യക്തിയാണ് ഡെന്നീസ് ജോസഫ്. എന്നാല്‍ നിരവധി ഹിറ്റുകള്‍ മലയാളത്തിന് സമ്മാനിച്ച തിരക്കഥാകൃത്ത് തന്‍റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട കാലത്തെക്കുറിച്ച് പറയുകയാണ്. സഫാരി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഡെന്നീസ് ജോസഫ് ഇക്കാര്യം വ്യക്തമാക്കിയത്.

‘ലോകത്തിലെ ഏറ്റവും അപകടകരമായ ദുശീലമെന്തെന്ന് ചോദിച്ചാൽ ഞാൻ പറയും ഒറ്റക്കിരുന്നുള്ള മദ്യപാനമാണെന്ന്. ജീവിതത്തിൽ ഒരു ഭാഗം ഞാൻ അങ്ങനെയായിരുന്നു. എന്റേതായ സ്വകാര്യമായ ഒരിടത്ത് ഒതുങ്ങിയിരുന്ന് ഞാൻ മദ്യപിക്കുകയും സിഗററ്റ് വലിക്കുകയും ചെയ്തു. പതിയെ ഞാൻ അതിന് അടിമയായി. ഒരു ദിവസം 100–120 ഇടയിൽ ഞാൻ‌ സിഗററ്റ് വലിച്ചിരുന്നു. രാവിലെ എഴുനേൽക്കുമ്പോൾ തന്നെ രണ്ടു പെഗ് അടിക്കാതെ പറ്റില്ലെന്ന അവസ്ഥയിലേക്ക് ഞാനെത്തി. അങ്ങനെ പൂർണമായും മദ്യത്തിനും സിഗറ്റിനും അടിമയായി. പക്ഷേ അന്നൊന്നും വീട്ടിലോ ഷൂട്ടിങ് സെറ്റിലോ മദ്യപിച്ച് വഴിക്കിട്ടില്ല.

എന്റെ ജീവിതം എനിക്ക് തന്നെ നഷ്ടപ്പെട്ടുപോകുന്ന അവസ്ഥയിലേക്ക് പോകുന്നതായി എനിക്ക് തന്നെ മനസിലായി. പക്ഷേ നിരാശയായിരുന്നു ഫലം. ഒടുവിൽ ആരോഗ്യപ്രശ്നങ്ങൾ എന്നെ ബാധിച്ചു തുടങ്ങി. മദ്യപാനം നിർത്താൻ ശ്രമിച്ചിട്ടും എനിക്ക് അതിന് കഴിയാത്ത അവസ്ഥ. അങ്ങനെ സിനിമകൾ ഇല്ലാതായി തുടങ്ങി. സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായി. വീണ്ടും സിനിമയിൽ സജീവമാകാൻ ഞാൻ എഴുതാനിരുന്നു. അപ്പോഴാണ് ഞാന്‍ എത്രത്തേളം മദ്യത്തിന് അടിമപ്പെട്ടു കഴിഞ്ഞിരിക്കുന്നുവെന്ന് തിരിച്ചറിയുന്നത്. എഴുതാനിരുന്നാൽ അക്ഷരം മറന്നുപോകുന്ന അവസ്ഥ. പിന്നെ മദ്യപിച്ചാൽ മാത്രം കുറച്ച് നേരം നോർമലാകും. പതിയെ പതിയെ ഇക്കാര്യങ്ങൾ എല്ലാവരും അറിയാൻ തുടങ്ങി.

മരിക്കുന്നതിനെ കുറിച്ച് പോലും ഞാൻ ചിന്തിച്ചു. ധൈര്യമില്ലാത്തത് കൊണ്ട് ‍ഞാൻ ആത്മഹത്യ ചെയ്തില്ല. ഒടുവിൽ ജീവിതത്തിന്റെ കയ്പേറിയ നിമിഷങ്ങൾ അവസാനിപ്പിച്ച് തരുന്നത് കോര ജേക്കബ് എന്ന മനുഷ്യനാണ്. അദ്ദേഹമാണ് മദ്യത്തിന്റെയും, സിഗറ്റിന്റെയും ആസക്തിയിൽ നിന്നും എന്നെ മോചിപ്പിച്ചത്. മദ്യത്തിന്‍റെയും സിഗരറ്റിന്‍റെയും മണം പോലും അറിഞ്ഞിട്ട് ഇപ്പോൾ 19 വർഷം പിന്നിട്ടിരിക്കുന്നു. തകർന്ന് പോയ എന്റെ ജീവിതം മടക്കി തന്നതിന് ഞാൻ കടപ്പെട്ടിരിക്കുന്നത് കോരസാറിനോടാണ്..’ ഡെന്നീസ് ജോസഫ് പറയുന്നു.