LiveTV

Live

Entertainment

‘ചേട്ടന്‍ ആരെയെങ്കിലും ലവ് ചെയ്തിട്ടുണ്ടോ’; ഡയലോഗിന് പിന്നിലെ നടി ആളൂര്‍ എല്‍സിക്ക് അവസരം നല്‍കി നീരജ് മാധവിന്റെ ‘ക’ സിനിമ

ഇന്നലെയായിരുന്നു പഴയെ കാല നടി ആളൂര്‍ എല്‍സി സിനിമകളില്‍ അവസരം ചോദിച്ച് നടക്കുന്നതായ ഫേസ്ബുക്ക് പോസ്റ്റ് പുറത്ത് വരുന്നത്

‘ചേട്ടന്‍ ആരെയെങ്കിലും ലവ് ചെയ്തിട്ടുണ്ടോ’; ഡയലോഗിന് പിന്നിലെ നടി ആളൂര്‍ എല്‍സിക്ക് അവസരം നല്‍കി നീരജ് മാധവിന്റെ ‘ക’ സിനിമ

പട്ടണപ്രവേശം സിനിമയില്‍ ‘ചേട്ടന്‍ ആരെയെങ്കിലും ലവ് ചെയ്തിട്ടുണ്ടോ’ എന്ന ഹിറ്റ് ഡയലോഗിലൂടെ ശ്രീനിവാസനോട് പ്രേമാഭ്യര്‍ത്ഥന നടത്തുന്ന നടി ആളൂര്‍ എല്‍സിയെ തേടി ഒടുവില്‍ സിനിമയെത്തി. ഇന്നലെയായിരുന്നു പഴയെ കാല നടി ആളൂര്‍ എല്‍സി സിനിമകളില്‍ അവസരം ചോദിച്ച് നടക്കുന്നതായ ഫേസ്ബുക്ക് പോസ്റ്റ് പുറത്ത് വന്നത്. ‘ക’ എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകന്‍ ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റ് വഴിയാണ് ആളൂര്‍ എല്‍സിയുടെ ഇന്നത്തെ അവസ്ഥ പുറംലോകമറിഞ്ഞത്. നടിയുടെ അവസ്ഥയറിഞ്ഞ ‘ക’ സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ തന്നെയാണ് തങ്ങളുടെ സിനിമയില്‍ പുതിയ വേഷം കൂട്ടി ചേര്‍ത്ത് കൊണ്ട് ആളൂര്‍ എല്‍സിയെ സിനിമയുടെ ഭാഗമാക്കിയത്. ‘ക’ സിനിമയിലെ നായകന്‍ നീരജ് മാധവാണ് നടിയെ ഉള്‍പ്പെടുത്തുന്ന കാര്യം സ്ഥിരീകരിച്ച് ഫേസ്ബുക്കിലൂടെ രംഗത്ത് വന്നത്.

Also read: ‘ചേട്ടന്‍ ആരെയെങ്കിലും ലവ് ചെയ്തിട്ടുണ്ടോ’; ഹിറ്റ് ഡയലോഗിന് പിന്നിലെ നടി ആളൂര്‍ എല്‍സി ഇന്ന് അവസരം തേടി നടക്കുന്നു

നിരവധി സിനിമകളിൽ ചെറിയ വേഷങ്ങളിൽ എത്തിയ ആളൂർ എൽസി പട്ടണപ്രവേശം, പുറപ്പാട്, ഞാൻ ഗന്ധർവ്വൻ, ഇത്രയും കാലം, പൊന്മുട്ട ഇടുന്ന താറാവ്, നീലഗിരി, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, അർഹത, ഒരു പ്രത്യേക അറിയിപ്പ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പൊന്മുട്ടയിടുന്ന താറാവിലെ ദേവയാനി ചേച്ചി, അക്ഷരത്തെറ്റിലെ വീട്ടു വേലക്കാരി, പൂരത്തിലെ സരള തുടങ്ങി ചെറുതും വലുതുമായ കഥാപാത്രങ്ങളെ മലയാളത്തിൽ എൽസി അവിസ്മരണീയമാക്കിയിട്ടുണ്ട്.

നീരജ് മാധവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

പട്ടണ_പ്രവേശം എന്ന ചിത്രത്തിലെ വീട്ടു വേലക്കാരി ചേച്ചിയെ എല്ലാവർക്കും ഓർമ കാണുമല്ലോ അല്ലേ...??? ‘ചേട്ടൻ ആരെയെങ്കിലും ലൗ ചെയ്തിട്ടുണ്ടോ’യെന്നുള്ള ആ ചോദ്യം വർഷങ്ങൾക്കിപ്പുറവും ഹിറ്റാണ്. പക്ഷേ ആ വേഷം ചെയ്ത നടിയാരാണെന്ന് ശരാശരി മലയാളികളെപ്പോലെ ഞാനും പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. വളരെ അപ്രതീക്ഷിതമെന്ന് പറയട്ടെ എന്റെ പുതിയ ചിത്രമായ ‘ക’ യുടെ ഷൂട്ടിംഗ് തിരുവനന്തപുരം ചെങ്കൽച്ചൂളയിൽ പുരോഗമിക്കുന്നതിനിടെ ആ നടി ഞങ്ങളുടെ സെറ്റിലെത്തി. ആളൂർ എൽസി.

ട്രോളന്മാർ മുഴുവൻ ആഘോഷിച്ചു കൊണ്ടിരിക്കുന്ന മുഖം പക്ഷേ ഞങ്ങളുടെ സിനിമയിലെന്തെങ്കിലും അവസരം കിട്ടുമോയെന്ന് അന്വേഷിച്ചാണെത്തിയത്. കോസ്റ്റ്റ്യൂം അസോസിയേറ്റ് സതീഷിനോടും അസിസ്റ്റന്റ് ഡയറക്ടർ ഫ്ലെവിനോടും സംസാരിച്ച് മടങ്ങുകയും ചെയ്തു. ഇതറിഞ്ഞ ഞങ്ങളുടെ സംവിധായകൻ രജീഷ് ലാലും പ്രൊഡ്യൂസർ ശ്രീജിത്തും ചേർന്നു റൈറ്റേഴ്സായ രാജീവിനോടും വിഷ്ണുവിനോടും പറഞ്ഞു എൽസി ചേച്ചിയ്ക്ക് പറ്റിയൊരു വേഷം എഴുതിയൊണ്ടാക്കി.

ഇന്നു ചേച്ചി വീണ്ടും സെറ്റിൽ വന്നിരുന്നു. ഞങ്ങളൊടൊപ്പം കുറെ നേരം സംസാരിച്ചു. ഇരിങ്ങാലക്കുടക്കാരിയായ ചേച്ചി 28 വർഷം മുൻപ് സിനിമയിൽ അഭിനയിക്കാൻ തിരുവനന്തപുരത്തെത്തിയതാണ്. അന്നു മുതൽ ഇവിടെ അരിസ്റ്റോ ജംക്‌ഷനിലെ ശ്രീദേവി ടൂറിസ്റ്റ് ഹോമിലെ സ്ഥിര താമസക്കാരിയാണ്. പുറപ്പാട്, ഞാൻ ഗന്ധർവ്വൻ, നീലഗിരി, പൊന്മുട്ട ഇടുന്ന താറാവ്, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ എന്നീ സിനിമകളിൽ അഭിനയിച്ചു. പക്ഷെ കൂടുതൽ അവസരങ്ങൾ തേടിയെത്തിയില്ല. ഇന്നു ‘ക’യിൽ ഒരു വേഷം നൽകാമെന്ന് നേരിട്ട് പറയുമ്പോൾ ആ കണ്ണുകളില്‍ നിറഞ്ഞ സന്തോഷം ഞാൻ കണ്ടു.എൽസി ചേച്ചിയെ ‘ക’ എന്ന ചിത്രത്തിലേക്ക് ഒത്തിരി ഒത്തിരി സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.