LiveTV

Live

Entertainment

അവാര്‍ഡിന് പരിഗണിച്ചത് തന്നെ വലിയ അവാര്‍ഡെന്ന് ജോജു ജോര്‍ജ്ജ്

49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില്‍ മികച്ച സ്വഭാവ നടനുള്ള പുരസ്കാരം ജോജു ജോര്‍ജ്ജ് സ്വന്തമാക്കി

അവാര്‍ഡിന് പരിഗണിച്ചത് തന്നെ വലിയ അവാര്‍ഡെന്ന് ജോജു ജോര്‍ജ്ജ്

അവാര്‍ഡിന് പരിഗണിച്ചത് തന്നെ വലിയ അവാര്‍ഡാണെന്ന് മികച്ച സ്വഭാവ നടനുള്ള പുരസ്കാരം സ്വന്തമാക്കിയ ജോജു ജോര്‍ജ്ജ്. തനിക്ക് ലഭിച്ച പുരസ്കാരങ്ങള്‍ ജോസഫിന്റെ സംവിധായകനായ പദ്മകുമാറിനും ചോല സംവിധാനം ചെയ്ത സനല്‍ കുമാര്‍ ശശിധരനും സമര്‍പ്പിക്കുന്നതായും ജോജു പറഞ്ഞു.

മലയാളത്തിലെ വലിയ അഭിനേതാക്കളോടൊപ്പം മല്‍സരിച്ചത് തന്നെ പ്രതീക്ഷിച്ചതിലും വലിയ അവാര്‍ഡാണ്. കിട്ടിയ അവാര്‍ഡെല്ലാം ബോണസാണ്. പുരസ്ക്കാരം ലഭിച്ചത് താന്‍ ഇഷ്ടപ്പെടുന്ന രണ്ട് സിനിമകളായ ജോസഫിനും ചോലക്കുമാണെന്നും അതിന്റെ സംവിധായകര്‍ക്ക് പുരസ്കാരം സമര്‍പ്പിക്കുന്നതായും ജോജു പറഞ്ഞു.

ജോജു ജോര്‍ജ്ജ് നായകനായ ജോസഫ് കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളുടെ നിരയിലാണ് എണ്ണപ്പെട്ടത്. ജോസഫ് എന്ന വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനെയാണ് ചിത്രത്തില്‍ ജോജു അവതരിപ്പിക്കുന്നത്. ‘മാന്‍ വിത് സ്‌കാര്‍’ എന്ന ടാഗ് ലൈനില്‍ ഒരുങ്ങിയ സിനിമ മെഡിക്കല്‍ രംഗത്തെ കൊള്ളരുതായ്മകളെയാണ് ചൂണ്ടികാണിക്കുന്നത്. സനല്‍ കുമാര്‍ ശശിധരന്റെ ചോലയുടെ തിയേറ്റര്‍ പ്രദര്‍ശനം ഇത് വരെ നടന്നിട്ടില്ല. ചോലയിലെയും ഒരു കുപ്രസിദ്ധ പയ്യനിലെയും നിമിഷ സജയന്റെ പ്രകടനം കണക്കിലെടുത്താണ് മികച്ച നടിക്കുള്ള പുരസ്കാരം നല്‍കിയത്.