49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍: മികച്ച നടന്മാര് ജയസൂര്യ, സൗബിന്, നടി-നിമിഷ സജയന്
മികച്ച സ്വഭാവ നടനുള്ള പുരസ്കാരം ജോജു ജോര്‍ജ്ജ് (ജോസഫ്, ചോല), സ്വഭാവ നടിക്കുള്ള പുരസ്കാരങ്ങള്‍ സാവിത്രി ശ്രീധരന്, സരസ ബാലുശ്ശേരി എന്നിവര്‍ പങ്കിട്ടു

49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം ജയസൂര്യയും സൗബിന് ഷാഹിറും പങ്കിട്ടു. മികച്ച നടിക്കുള്ള പുരസ്കാരം നിമിഷ സജയന് ലഭിച്ചു. കാന്തന് ദ ലെവര്‍ ഓഫ് കളറാണ് മികച്ച ചിത്രം. ശ്യാമ പ്രസാദാണ് മികച്ച സംവിധായകന്. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം സക്കരിയ മുഹമ്മദ് സ്വന്തമാക്കി.
ആദിവാസികളുടെ ജീവിതം പറഞ്ഞ് ഷെരീഫ് സി സംവിധാനം ചെയ്ത കാന്തൻ ദ ലവർ ഓഫ് കളർ ആണ് മികച്ച ചിത്രമായത്. ക്യാപ്റ്റൻ, ഞാൻ മേരിക്കുട്ടി എന്നീ സിനിമകളിലെ പ്രകടനമാണ് ജയസൂര്യയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. സുഡാനി ഫ്രം നൈജീരിയയിലൂടെ സൗബിൻ ഷാഹിറും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. ചോല, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ ചിത്രങ്ങളിലെ വേറിട്ട കഥാപാത്രങ്ങളുടെ പ്രകടനമാണ് നിമിഷ സജയന് ആദ്യ സംസ്ഥാന പുരസ്കാരം നേടിക്കൊടുത്തത്. ജോസഫിലെ പ്രകടനത്തിന് ജോജു ജോർജ് സഹനടനും സുഡാനി ഫ്രം നൈജീരിയയിലെ ഉമ്മ വേഷങ്ങളിലൂടെ സരസ ബാലുശേരി, സാവിത്രി ശ്രീധരൻ എന്നിവർ സഹനടിയും ആയി.
ദാമ്പത്യ ബന്ധങ്ങളുടെ സംഘർഷങ്ങൾ അടയാളപ്പെടുത്തിയ ചിത്രമായിരുന്നു ഒരു ഞായറാഴ്ച. ചിത്രത്തിന്റെ സംവിധാന മികവിനാണ് ശ്യാമപ്രസാദിന് പുരസ്കാരം ലഭിച്ചത്. രണ്ടാമത്തെ മികച്ച ചിത്രവും ഒരു ഞായറാഴ്ചയാണ്. സുഡാനി ഫ്രം നൈജീരിയയിലൂടെ സക്കരിയ മുഹമ്മദ് മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം സ്വന്തമാക്കി. കലാമൂല്യവും ജനപ്രിയവുമായ ചിത്രം ഉൾപ്പെടെ അഞ്ച് അവാർഡുകളാണ് സുഡാനി ഫ്രം നൈജീരിയക്ക് ലഭിച്ചത്.
വേണുവിന്റെ കാർബൺ മികച്ച സംഗീതസംവിധായകൻ, ഛായാഗ്രാഹകൻ, ശബ്ദമിശ്രണം തുടങ്ങി ആറ് പുരസ്കാരങ്ങൾ നേടി. ജോസഫിലെ പൂമുത്തോളെ... എന്ന ഗാനം ആലപിച്ച വിജയ് യേശുദാസ് ആണ് മികച്ച ഗായകൻ. ആമിയിലെ നീർമാതളപ്പൂ എന്ന ഗാനത്തിലൂടെ ശ്രേയ ഘോഷാൽ മികച്ച ഗായികയായി. തീവണ്ടി, ജോസഫ് എന്നീ ചിത്രങ്ങൾക്ക് ഗാനങ്ങളെഴുതിയ ബി. കെ ഹരിനാരായണൻ ആണ് മികച്ച ഗാനരചയിതാവ്.
മറ്റ് പുരസ്കാരങ്ങള്‍
മികച്ച തിരക്കഥാകൃത്തുക്കള്‍- സക്കരിയ,മുഹ്സിന് പെരാരി
മികച്ച കഥാകൃത്ത്- ജോയ് മാത്യു
മികച്ച പശ്ചാത്തല സംഗീതം – ബിജിബാൽ
ശബ്ദമിശ്രണം-ഷിനോയ് ജോസഫ്
മികച്ച ചലച്ചിത്ര ഗ്രന്ഥം- മലയാള സിനിമ പിന്നിട്ട വഴികള്‍
പ്രത്യേക ജൂറി പരാമര്‍ശം- സനല്‍കുമാര്‍ ശശിധരന്
മികച്ച ബാലനടന്- മാസ്റ്റര്‍ റിഥുന്(അപ്പുവിന്റെ സത്യാന്വേഷണം)
മികച്ച ബാലനടി- അബനി ആദി (പന്ത്)
മികച്ച ക്യാമറാമാന്- കെ.യു മോഹനന്(കാര്‍ബണ്‍)
മികച്ച സിങ്ക് സൌണ്ട്- അനില്‍ രാധാകൃഷ്ണന്
മികച്ച കുട്ടികളുടെ ചിത്രം-അങ്ങനെ അകലെ ദൂരെ
കലാസംവിധായകന്‍- വിനേഷ് ബംഗ്ലാല്‍(കമ്മാരസംഭവം)