LiveTV

Live

Entertainment

മികച്ച നവാഗത സംവിധായകനുള്ള അരവിന്ദന്‍ പുരസ്കാരം സകരിയ മുഹമ്മദിന്

മികച്ച നവാഗത സംവിധായകനുള്ള അരവിന്ദന്‍ പുരസ്കാരം സകരിയ മുഹമ്മദിന്

2018 ലെ ദേശീയ തലത്തില്‍ മികച്ച നവാഗത സംവിധായകനുള്ള ചലച്ചിത്ര ഫിലിം സൊസൈറ്റിയുടെ അരവിന്ദന്‍ പുരസ്കാരം സകരിയ മുഹമ്മദിന്. സുഡാനി ഫ്രം നൈജീരിയ എന്ന മലയാള ചലച്ചിത്രമാണ് സകരിയയെ പുരസ്ക്കാരത്തിനര്‍ഹനാക്കിയത്. സംവിധായകന്‍ ശ്യാമപ്രസാദ്, കൃഷ്ണനുണ്ണി, ബൈജു ചന്ദ്രന്‍, വി.കെ നാരായണന്‍ എന്നിവരടങ്ങിയ ജൂറി ഏകകണ്ഠേനയാണ് സകരിയ മുഹമ്മദിനെ മികച്ച നവാഗത സംവിധായകനായി തെരഞ്ഞെടുത്തത്.

പ്രമേയ പരിചരണം, ചിത്രീകരണം, പാത്രാവിഷ്കാരം എന്നീ പ്രധാന മേഖലകളില്‍ ശ്രദ്ധേയമായ കൈയ്യടക്കം പ്രകടമാക്കാന്‍ ആദ്യ ചിത്രത്തിലൂടെ തന്നെ സകരിയക്ക് സാധിച്ചെന്ന് ജൂറി വിലയിരുത്തി. നര്‍മ്മ മാധുര്യവും, സഹഭാവവും, നാടകീയതയും ഊഷ്മളതയും സമാസമം ചേര്‍ത്ത് ഒരു ഗ്രാമത്തിലെ ഫുട്ബോള്‍ ടീമിന്റെ കഥ പറയുന്നതിലൂടെ മനസാക്ഷിയിലും മനുഷ്യത്വത്തിലുമുള്ള വിശ്വാസത്തെ പുനസ്ഥാപിക്കുന്നതില്‍ സംവിധായകന്‍ പൂര്‍ണ്ണമായും വിജയിച്ചെന്നും ജൂറി പുരസ്ക്കാര പ്രഖ്യാപനത്തില്‍ പറയുന്നു. രാജ്യാന്തരമായ ഒരു പ്രമേയ പരിപ്രേക്ഷമാണ് സുഡാനി ഫ്രം നൈജീരിയ മുന്നോട്ട് വെക്കുന്നുവെങ്കിലും നമുക്ക് തൊട്ടടുത്ത് നടക്കുന്ന കഥയായി അവതരിപ്പിക്കാനും വിഘടിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ ലോകത്തെ സമാശ്വസിപ്പിക്കുന്നതില്‍ സ്നേഹ സ്പര്‍ശമായി ചിത്രത്തെ മാറ്റാനും സംവിധായകന് കഴിഞ്ഞെന്നും ജൂറി വിലയിരുത്തുന്നു.

മികച്ച നവാഗത സംവിധായകനുള്ള അരവിന്ദന്‍ പുരസ്കാരം സകരിയ മുഹമ്മദിന്

ഇന്ത്യയിലെ വിവിധ ഭാഷകളില്‍ നിന്നുമായി 25 ചിത്രങ്ങളാണ് ഈ വര്‍ഷം അരവിന്ദന്‍ പുരസ്കാര മല്‍സരത്തില്‍ പങ്കെടുത്തത്. 25000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം ജി. അരവിന്ദന്റെ ചരമദിനമായ മാര്‍ച്ച് 15ന് തിരുവനന്തപുരത്ത് വെച്ച് സമ്മാനിക്കും.

മികച്ച നവാഗത സംവിധായകനുള്ള അരവിന്ദന്‍ പുരസ്കാരം സകരിയ മുഹമ്മദിന്

ഇതിനോടകം നിരവധി പുരസ്കാരങ്ങളാണ് സുഡാനി ഫ്രം നൈജീരിയക്ക് ലഭിച്ചിരിക്കുന്നത്. രാജ്യാതിര്‍ത്തികള്‍ കടന്ന് മൊറോക്കയില്‍ വെച്ച് പുരസ്കാരം ലഭിക്കുന്ന ആദ്യ ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. മൊറോക്കോയില്‍ നടന്ന ഫെസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ആദ്യ എഡിഷനിലാണ് സുഡാനിക്ക് പുരസ്‌കാരം ലഭിച്ചത്. ചിത്രം സംവിധാനം ചെയ്ത സക്കരിയ മുഹമ്മദിന് മികച്ച സംവിധായകനുള്ള പുരസ്‌കാരമാണ് ലഭിച്ചത്. ഐഎഫ്എഫ്‌കെയിലെ മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസ്‌കി അവാര്‍ഡും മോഹന്‍ രാഘവന്‍ പുരസ്‌കാരവും നേടിയിട്ടുണ്ട് ചിത്രം. ഫേസ്ബുക്കിലെ ജനാധിപത്യപരമായ പുരസ്ക്കാരമെന്നറിയപ്പെടുന്ന സിനിമാ പാരഡൈസോ പുരസ്ക്കാരം ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍ക്ക് ലഭിച്ചിരുന്നു. സക്കരിയ മുഹമ്മദും മുഹ്‌സിന്‍ പരാരിയും ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രം നിര്‍മ്മിച്ചത് ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ്. ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ബോക്സ് ഓഫീസിലും ലഭിച്ചിരുന്നത്.

(ഫോട്ടോ കടപ്പാട് - ലബീബ് ഇബ്രാഹീം)