LiveTV

Live

Entertainment

മമ്മൂട്ടിക്ക് ദേശീയ അവാര്‍ഡ് നേടി കൊടുത്ത ബാബാ സാഹെബ് അംബേദ്കർ ഇനി ഇംഗ്ലീഷ്-മലയാളം സബ്ടൈറ്റിലോടെ കാണാം 

മമ്മൂട്ടിക്ക് ദേശീയ അവാര്‍ഡ് നേടി കൊടുത്ത ബാബാ സാഹെബ് അംബേദ്കർ ഇനി ഇംഗ്ലീഷ്-മലയാളം സബ്ടൈറ്റിലോടെ കാണാം 

മമ്മൂട്ടിക്ക് ദേശീയ അവാര്‍ഡ് നേടി കൊടുത്ത ബാബാ സാഹെബ് അംബേദ്കർ ഇനി ഇംഗ്ലീഷ്-മലയാളം സബ്ടൈറ്റിലോടെ കാണാം. മലയാളം സബ്ടൈറ്റിലുകള്‍ ഒരുക്കുന്ന എം.സോണാണ് ബാബാ സാഹെബ് അംബേദ്കർ സിനിമയുടെ മലയാളം പരിഭാഷ ഒരുക്കിയിരിക്കുന്നത്. എം സോണ്‍ മലയാളത്തിലെ സുഭാഷ് ഒട്ടുംപുറം, സുനില്‍ നടക്കല്‍, ഷിഹാസ് പരുത്തിവിള, ഫഹദ് അബ്ദുല്‍ മജീദ്, പ്രവീണ്‍ അടൂര്‍ എന്നിവരാണ് പരിഭാഷ ഒരുക്കിയത്. രണ്ട് മണിക്കൂര്‍ അന്‍പത്തി ഒമ്പത് മിനുട്ടുള്ള സിനിമയുടെ പരിഭാഷക്ക് വേണ്ട സാങ്കേതിക സഹായം ഒരുക്കിയതും ഇതേ സംഘത്തിലെ പ്രവീണ്‍ അടൂര്‍, നിഷാദ്, ലിജോ ജോയ് എന്നിവരാണ്. 1901 മുതൽ 1956 വരെയുള്ള അംബേദ്കറിന്റെ ജീവിതസമരമാണ് ബാബാ സാഹെബ് അംബേദ്കർ സിനിമയുടെ ഇതിവൃത്തം. മമ്മൂട്ടിക്ക് 1998 ലെ മികച്ച നടനുള്ള ദേശീയ അവാർഡിനർഹമാക്കിയ ചിത്രം ജബ്ബാർ പട്ടേലാണ് സംവിധാനം ചെയ്തത്. എംസോണ്‍ തന്നെയായിരുന്നു നേരത്തെ ഇതിന്റെ ഇംഗ്ലീഷ് പരിഭാഷയും ഒരുക്കിയത്. 2019 ജനുവരി 26 റിപ്പബ്ലിക് ദിനത്തിലായിരുന്നു ഇംഗ്ലീഷ് പരിഭാഷ എംസോൺ റിലീസ് ചെയ്തത്. ഇന്ത്യയുടെ ഇപ്പോഴുള്ള രാഷ്ട്രീയ സാഹചര്യത്തിൽ അംബേദ്കർ എന്ന സിനിമയുടെ പ്രാധാന്യം വളരെ വലുതാണെന്നത് പരിഭാഷാ സംഘത്തിന് പ്രചോദനം നൽകിയെന്നും എം സോണ്‍ മലയാളം പറയുന്നു. സബ്ടൈറ്റില്‍ എം സോണിന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്.

ഇതിന് മുന്‍പ് ബാബാ സാഹെബ് അംബേദ്കർ മലയാളത്തില്‍ പുറത്തിറങ്ങുന്നതിനോട് ചിത്രവുമായി ബന്ധപ്പെട്ട കേരളത്തിൽ നിന്നുള്ള ലോക പ്രശസ്തരായ ചില ചലച്ചിത്ര പ്രവർത്തകർക്ക് കടുത്ത വിയോജിപ്പാണുള്ളതെന്ന് സംവിധായകന്‍ ജബ്ബാര്‍ പട്ടേല്‍ വെളിപ്പെടുത്തിയിരുന്നു. എന്തൊക്കെ വന്നാലും ‘ബാബാ സാഹെബ് അംബേദ്കർ’ സിനിമ മലയാളത്തിൽ ഡബ്ബ് ചെയ്ത് പ്രദർശിപ്പിക്കുകയെന്നതല്ലാതെ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് കോടതിയില്‍ ചിത്രത്തിന്റെ മലയാളം ഡബ് പുറത്തിറക്കാന്‍ കേസിന് പോയ കേരള ദലിത് പാന്തേഴ്‌സ് പ്രസീഡിയം മെമ്പർ കെ. അംബുജാക്ഷനും അന്ന് വിവാദങ്ങളോട് പ്രതികരിച്ചിരുന്നു. പുതിയ ഇംഗ്ലീഷ്-മലയാളം പരിഭാഷകള്‍ സിനിമയെ കൂടുതല്‍ കാഴ്ച്ചക്കാരിലേക്കെത്തിക്കുമെന്നും അംബേദ്ക്കറുടെ ചിന്തകള്‍ കൂടുതല്‍ പേരിലേക്കെത്തിക്കുമെന്നും എം സോണ്‍ വിലയിരുത്തുന്നു.