LiveTV

Live

Entertainment

‘പേരന്‍പ് കണ്ട ദിവസം ഉറങ്ങിയിട്ടില്ല, മമ്മൂട്ടി അത്ഭുതം പോലെ മുന്നില്‍ നിന്നു’; ആരാധന തുറന്ന് പറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി 

‘പേരന്‍പ് കണ്ട ദിവസം ഉറങ്ങിയിട്ടില്ല, മമ്മൂട്ടി അത്ഭുതം പോലെ മുന്നില്‍ നിന്നു’; ആരാധന തുറന്ന് പറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി 

മമ്മൂട്ടി നായകനായ തമിഴ് ചിത്രം പേരന്‍പിനെയും മമ്മൂട്ടിയുടെ അഭിനയത്തെയും പ്രശംസിച്ചും പ്രകീര്‍ത്തിച്ചും നടി ഐശ്വര്യ ലക്ഷ്മി. മമ്മൂട്ടി എന്ന നടന്റെ ആരാധികയാണെന്ന് തുറന്ന് സമ്മതിച്ച ഐശ്വര്യ പേരന്‍പ് കണ്ട ദിവസം ഓര്‍ത്തെടുത്ത് സംസാരിക്കുന്നതിങ്ങനെയാണ്;

‘പലരെയും ആരാധിച്ചിട്ടുണ്ട്. പക്ഷേ പേരൻപ് എന്ന സിനിമ കണ്ട ദിവസം ഞാൻ ഉറങ്ങിയില്ല. ആ സിനിമയെക്കുറിച്ചറിയുന്ന ഓരോ കാര്യവും അത്ഭുതപ്പെടുത്തി. മമ്മൂട്ടിയെന്ന നടൻ എന്റെ മുന്നിൽ അത്ഭുതംപോലെ നിറഞ്ഞു നിൽക്കുകയാണ്. മറ്റൊരു സിനിമ കണ്ടിട്ടും ഞാനിതുപോലെ അത്ഭുതപ്പെട്ടിട്ടില്ല. എന്തൊരു നടനാണിത്’; ഐശ്വര്യ പറയുന്നു.

പേരന്‍പിനെയും മമ്മൂട്ടിയുടെ സൂക്ഷ്മാഭിനയത്തെയും പുകഴ്ത്തി നേരത്തെയും നിരവധി താരങ്ങള്‍ രംഗത്ത് വന്നിരുന്നു. മമ്മൂട്ടിക്ക് പുറമേ സാധന, അഞ്ജലി, അഞ്ജലി അമീര്‍ തുടങ്ങിയവര്‍ അഭിനയിച്ച പേരന്‍പ് റോട്ടര്‍ഡാം ചലച്ചിത്രമേളയിലായിരുന്നു ആദ്യം ശ്രദ്ധിക്കപ്പെട്ടത്. മേളയിലെ അന്തര്‍ദേശീയ പ്രീമിയറായിരുന്നു സിനിമ. പിന്നീട് ഷാങ്ഹായ് ചലച്ചിത്രമേളയിലും ഗോവ ചലച്ചിത്രോത്സവത്തിലും ചിത്രം പ്രദര്‍ശിപ്പിച്ച് മികച്ച അഭിപ്രായം നേടിയിരുന്നു. ചിത്രത്തിന്റെ ഇന്ത്യന്‍ പ്രീമിയര്‍ നടന്ന ഗോവയിലെ ഇനോക്സിലെ രണ്ട് പ്രദര്‍ശനങ്ങളും ഹൗസ്ഫുള്‍ ആയിരുന്നു. കേരളത്തിലെ കൊച്ചിയിലെ ആദ്യ പ്രീമിയറും മികച്ച അഭിപ്രായമായിരുന്നു നേടിയിരുന്നത്.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്തു വെച്ച ഐശ്വര്യ ലക്ഷ്മി തൊട്ട സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റുകളാണ്. അഭിനയിച്ച എല്ലാ സിനിമകളും തന്നെ നൂറ് ദിവസം തിയേറ്ററുകളില്‍ പൂര്‍ത്തീകരിക്കുകയും മികച്ച അഭിനയം കാഴ്ച്ച വെക്കുകയും ചെയ്ത ഐശ്വര്യ ലക്ഷ്മിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവാണ്. മായാനദിയിലെ അപ്പു എന്ന കഥാപാത്രം പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രമായിരുന്നു. ശേഷം പുറത്തിറങ്ങിയ വരത്തനും, വിജയ് സൂപ്പറും പൗർണമിയുമെല്ലാം ജനങ്ങളേറ്റെടുത്ത സിനിമകളായിരുന്നു. വരുന്ന മാര്‍ച്ച് 22 നാണ് ഐശ്വര്യയുടെ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ് തിയേറ്ററുകളിലെത്തുന്നത്.