LiveTV

Live

Entertainment

‘എന്റെ ബാഹുബലിയാണ് അഡാറ് ലവ്, കരിങ്കോഴികളെ ഇനിയും വേണ്ട’; വിവാദങ്ങളോട് പ്രതികരിച്ച് ഒമര്‍ ലുലു

‘എന്റെ ബാഹുബലിയാണ് അഡാറ് ലവ്, കരിങ്കോഴികളെ ഇനിയും വേണ്ട’; വിവാദങ്ങളോട് പ്രതികരിച്ച് ഒമര്‍ ലുലു

തന്റെ ബാഹുബലിയാണ് ഒരു അഡാറ് ലവ് സിനിമയെന്നും സിനിമയുടെ ക്ലൈമാക്സ് മാറ്റിയത് പലര്‍ക്കും ട്രാജഡി ആയി തോന്നിയെന്ന് അറിയിച്ചത് കൊണ്ടാണ് ക്ലൈമാക്സില്‍ മാറ്റം വരുത്തിയതെന്നും സംവിധായകന്‍ ഒമര്‍ ലുലു. തന്റെ പോസ്റ്റുകള്‍ക്ക് താഴെ കരിങ്കോഴികളെ വില്‍ക്കാനുണ്ടെന്ന പോസ്റ്റുമായി സ്ഥിരമായി വരുന്നവരോട് തനിക്ക് കരിങ്കോഴികളെ ഇനിയും വേണ്ടായെന്നും താന്‍ വേണമെങ്കില്‍ കുറച്ച് അങ്ങോട്ട് തരാമെന്നും പറഞ്ഞ് ഒമര്‍ ലുലു പരിഹസിച്ചു. ഒരു അഡാറ് ലവ് സിനിമയുടെ ക്ലൈമാക്സ് മാറ്റവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് ലൈവില്‍ സംസാരിക്കുകയായിരുന്നു ഒമര്‍ ലുലു.

തന്റെ സിനിമയില്‍ എല്ലാം പുതുമുഖങ്ങളായത് കൊണ്ട് താന്‍ ഒറ്റക്ക് തന്നെ സിനിമ വിജയിപ്പിക്കാന്‍ മുന്നിട്ടിറങ്ങേണ്ട അവസ്ഥയാണെന്നും ഒമര്‍ ലുലു പറഞ്ഞു. ‘സി.ഐ.ഡി മൂസയിലെ ക്യാപ്റ്റൻ രാജുവിന്റെ അവസ്ഥയാണ് ഇപ്പോൾ എനിക്ക്, എന്റെ വണ്ടി ഞാൻ തന്നെ തള്ളേണ്ടി വരുന്നു, ആരെങ്കിലുമൊക്കെ പിന്തുണയ്ക്കൂ’; എന്ന് പറഞ്ഞാണ് ഒമര്‍ ഫേസ്ബുക്ക് ലൈവ് അവസാനിപ്പിക്കുന്നത്.

ഒരു അഡാര്‍ ലവ് ഇന്ന് മുതല്‍ പുതിയ ക്ലൈമാക്സോട് കൂടിയാണ് തിയേറ്ററിലെത്തുന്നത്. ഇത് വരെ സിനിമ പഴയെ ക്ലൈമാക്സില്‍ കണ്ടവര്‍ക്ക് ഇന്ന് സൌജന്യമായി കാണാനുള്ള അവസരവും അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നു. കഴിഞ്ഞ പതിനാലിന് റിലീസ് ചെയ്ത സിനിമക്ക് സമ്മിശ്ര പ്രതികരണമായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചിരുന്നത്. പുതിയ ക്ലൈമാക്സോടെ ഇതിന് മാറ്റമുണ്ടാകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.