LiveTV

Live

Entertainment

ജൂണ്‍, ഒരു കംപ്ലീറ്റ് രജിഷ വിജയന്‍ ഷോ; റിവ്യു വായിക്കാം

പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിലും പരീക്ഷണങ്ങള്‍ നടത്തുന്നതിലും ഫ്രൈഡേ ഫിലിം ഹൌസും വിജയ് ബാബുവും വീണ്ടും വിജയിച്ചു എന്ന് വേണമെങ്കില്‍ വിലയിരുത്താം.

ജൂണ്‍, ഒരു കംപ്ലീറ്റ് രജിഷ വിജയന്‍ ഷോ; റിവ്യു വായിക്കാം

കേന്ദ്രകഥാപാത്രത്തെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകുന്ന സ്വഭാവമുള്ള കഥകളാണ് പൊതുവെ കച്ചവട സിനിമകളില്‍ കണ്ടു വരുന്നത്. എന്നുവെച്ചാല്‍ സിനിമയിലുടനീളം ആ കഥയെ താങ്ങിനിര്‍ത്താനുള്ള ബാധ്യത കേന്ദ്രകഥാപാത്രത്തിനായിരിക്കും. അഹ്മദ് കബീര്‍ സംവിധാനം ചെയ്ത ജൂണ്‍ ഇതേ ഫോര്‍മുലകള്‍ പിന്‍തുടരുന്ന സിനിമയാണ്. തുടക്കം മുതല്‍ അവസാനം വരെ ചിത്രത്തിന്‍റെ എല്ലാ ഉത്തരവാദിത്തങ്ങളും രജിഷ വിജയന്‍ എന്ന കേന്ദ്ര കഥാപാത്രത്തിനായിരുന്നു. ജൂണ്‍ എന്ന കഥാപാത്രത്തെ മനോഹരമാക്കിക്കൊണ്ട് രജിഷ പ്രേക്ഷകനെ തിയേറ്ററില്‍ പിടിച്ചിരുത്തുന്നു. ജൂണ്‍ എന്ന സിനിമ എല്ലാം കൊണ്ടും ഒരു കംപ്ലീറ്റ് രജിഷ വിജയന്‍ ഷോ എന്ന് വേണമെങ്കില്‍ വിലയിരുത്താം.

ജൂണ്‍, ഒരു കംപ്ലീറ്റ് രജിഷ വിജയന്‍ ഷോ; റിവ്യു വായിക്കാം

ജൂണ്‍ സാറാ ജോയ് എന്ന പെണ്‍കുട്ടിയുടെ 16 മുതല്‍ 26 വയസ് വരെയുള്ള കാലഘട്ടത്തിലൂടെ പ്രേക്ഷകന്‍ നടത്തുന്ന യാത്രയാണ് സിനിമ. ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ പ്രധാന വഴിത്തിരിവുകള്‍ കേന്ദ്ര ബിന്ദുക്കളാക്കിയാണ് ജൂണ്‍ കഥ പറഞ്ഞു പോകുന്നത്. യാത്രയുടെ ഭാഗമായി വര്‍ക്കലയില്‍ പുതുവര്‍ഷം ആഘോഷിക്കാനെത്തുന്ന ജൂണിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. അത് എന്തിലേക്കുള്ള യാത്രയാണ്, എന്തില്‍ നിന്നുള്ള യാത്രയാണ് എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് കഥയുടെ ബാക്കി ഭാഗങ്ങള്‍. സിനിമയുടെ ഓരോ ചലനങ്ങളിലും രജിഷ എന്ന നടി കഥാപാത്രത്തിനായെടുത്ത കഠിനാധ്വാനം പ്രകടമായിരുന്നു. ജൂണ്‍ എന്ന കഥാപാത്രത്തിന് മറ്റൊരു മുഖം ആലോചിക്കാന്‍ പോലും സാധിക്കാത്ത വണ്ണം മനോഹരമായി തന്നെ രജിഷ അഭിനയിച്ചു. ഓരോ ഘട്ടത്തിലും വ്യക്തിപരമായും മാനസികമായും ജൂണ്‍ വളരുന്നത് പ്രേക്ഷകന് അനുഭവപ്പെടും. ഒരുപക്ഷെ രജിഷ വിജയന്‍റെ കയ്യില്‍ നിന്നും സിനിമയുടെ കടിഞ്ഞാണ്‍ മറ്റെന്തിലേക്കെങ്കിലും മാറിയിരുന്നെങ്കില്‍ അത് സിനിമയെ പ്രതികൂലമായി ബാധിച്ചേനേ.

ജൂണ്‍, ഒരു കംപ്ലീറ്റ് രജിഷ വിജയന്‍ ഷോ; റിവ്യു വായിക്കാം

വലിയ സങ്കീര്‍ണ്ണതകളൊന്നുമില്ലാത്ത വളരെ ലളിതമായ ഒരു കഥയാണ് ജൂണിന്‍റേത്. ആയതിനാല്‍, ലീനിയര്‍ ടൈപ്പ് കഥ പറച്ചില്‍ തന്നെയാണ് അഹ്മദ് കബീര്‍ ജൂണിനായി സ്വീകരിച്ചിരിക്കുന്നതും. കീറിമുറിച്ചുള്ള വിശകലനങ്ങള്‍ക്ക് സാധ്യത നല്‍കുന്ന തിരക്കഥയല്ലാതിരുന്നതും ജൂണിനെ തീര്‍ത്തുമൊരു ഫാമിലി എന്‍റര്‍ടെയിനര്‍ എന്ന രീതിയില്‍ സമീപിക്കാന്‍ പ്രേക്ഷകനെ നിര്‍ബന്ധിതരാക്കുന്നു. അത് ചിത്രത്തില്‍ മുഴച്ചു നില്‍ക്കുന്നുമുണ്ട്. ഒരുപക്ഷെ, കുറച്ചുകൂടി ശക്തമായ ഒരു കഥയായിരുന്നെങ്കില്‍ ജൂണ്‍ വീണ്ടും മികച്ചതായേനേ.

ജൂണ്‍, ഒരു കംപ്ലീറ്റ് രജിഷ വിജയന്‍ ഷോ; റിവ്യു വായിക്കാം

പ്രകടന മികവില്‍ ജൂണ്‍ മുന്നിട്ടു നില്‍ക്കുന്നു. രജിഷയെക്കൂടാതെ മകളുടെ ഇഷ്ടങ്ങള്‍ക്ക് എതിരു നില്‍ക്കാത്ത അച്ഛനായി ജോജു ജോര്‍ജ്ജും പല ആഗ്രഹങ്ങള്‍ക്കും എതിരു നില്‍ക്കുന്ന അമ്മയായി അശ്വതിയും ആനന്ദ് എന്ന കഥാപാത്രത്തെ അര്‍ജ്ജുന്‍ അശോകും തങ്ങളുടെ കഥാപാത്രങ്ങളെ മനോഹരമാക്കി. ക്ലൈമാക്സിലെ സണ്ണി വെയിനിന്‍റെ സാന്നിധ്യം താരപ്രഭ എന്നതിലുപരി പ്രാധാന്യമര്‍ഹിക്കുന്നില്ല.

+2 കാലഘട്ടത്ത് നടക്കുന്ന മനോഹരമായ സന്ദര്‍ഭങ്ങളും പ്രണയവും സൌഹൃദവും എല്ലാം അതിന്‍റെ തന്മയത്വവും ലാളിത്യവും ചോരാതെ അവതരിപ്പിക്കുന്ന ആദ്യ പകുതി പ്രേക്ഷകനെ മടുപ്പിക്കുന്നതായിരുന്നില്ല. രണ്ടാം പകുതിയില്‍ ജൂണിന്‍റെ മാനസിക സംഘര്‍ഷങ്ങളിലൂടെയും തിരിച്ചറിവുകളിലൂടെയും യാത്ര ചെയ്യുന്ന കഥ വലിച്ചു നീട്ടിയത് ആസ്വാദനത്തിന് കല്ലുകടിയായി. ഇഫ്തിയുടെ സംഗീതം മനോഹരമായിരുന്നു. ഛായാഗ്രഹണവും മികച്ചു നിന്നു. സംവിധാനം ചിലയിടത്ത് താളം തെറ്റിയെങ്കിലും അഹ്മദ് കബീര്‍ ഭാവിയിലേക്ക് വലിയൊരു വാഗ്ദാനമായിരിക്കും. പുതിയ പ്രതിഭകളെ കണ്ടെത്താനും പരീക്ഷണങ്ങള്‍ നടത്താനും ഫ്രൈഡേ ഫിലിം ഹൌസും വിജയ് ബാബുവും വീണ്ടും വിജയിച്ചു എന്ന് വേണമെങ്കില്‍ വിലയിരുത്താം.

ഒരു പെണ്‍കുട്ടിയുടെ ജീവിതം കഥയാകുന്നതുകൊണ്ട് ഒരിക്കലും അതൊരു സ്ത്രീപക്ഷ സിനിമയാവില്ല എന്നതിന് മറ്റൊരു ഉദാഹരണമാണ് ജൂണ്‍. സ്ത്രീകളെ അബലകളായി ചിത്രീകരിക്കുന്ന പല പദപ്രയോഗങ്ങളും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. സ്ത്രീ അബലയാണ്, പെണ്‍കുട്ടിയെ കല്യാണം കഴിപ്പിക്കുന്നതിലൂടെ ഭാരം ഒഴിയും, സ്ത്രീകള്‍ക്കും ആഗ്രഹങ്ങളുണ്ട് എന്ന് തുടങ്ങുന്ന പോപ്പുലര്‍ കള്‍ച്ചറിന്‍റെ ഭാഗമായി നിലനില്‍ക്കുന്ന ആരോപണങ്ങള്‍. എങ്കില്‍ അത് അങ്ങനെയല്ല എന്ന് പറയാന്‍ ചില അമേച്വര്‍ ഡയലോഗുകളും സന്ദര്‍ഭങ്ങളും കുത്തി നിറക്കുന്നതിലൂടെ ഒരിക്കലും ഒരു സിനിമ സ്ത്രീ ശാക്തീകരണത്തിന്‍റെ ഭാഗമോ സ്ത്രീപക്ഷ കലാസൃഷ്ടിയോ ആകുന്നില്ല. ഇത് കാലങ്ങളായി മലയാള സിനിമയില്‍ പറഞ്ഞു വന്നതുമാണ്. ആയതിനാല്‍ വീണ്ടും ഇത്തരം ഇടപെടലുകള്‍ ആവശ്യമാണോ എന്നൊരു ചോദ്യം നിഴലിക്കുന്നു.

മലയാളത്തില്‍ വളരെ വിരളമായി മാത്രം കണ്ടുവരുന്ന പ്രവണതയാണ് ഒരു സ്ത്രീ പ്രധാന കഥാപാത്രമാവുക എന്നത്. അത് സംഭവിച്ചിട്ടും സാധാരണ കുടുംബ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ഒരു നന്മ നിറഞ്ഞ സിനിമ എന്നതിലുപരി ജൂണ്‍ വളരാതിരുന്നതില്‍ അതൃപ്തിയായി അനുഭവപ്പെടുന്നു. എന്നിരുന്നാലും തീയേറ്ററിലെ സ്ത്രീ പ്രേക്ഷകരുടെ പ്രാതിനിധ്യം ശ്രദ്ധേയമാണ്. സുഹൃത്തിന്‍റെ മുറിയിലേക്ക് കടന്നുവരുന്ന ജൂണ്‍, ബി.ആര്‍ അംബേദ്ക്കറിന്‍റെ ഫോട്ടോ നോക്കി ‘മമ്മൂട്ടി ഫാന്‍ ആണോ’ എന്ന് ചോദിക്കുന്നത് ജൂണിന്‍റെ നിഷ്കളങ്കതയും കൂട്ടുകാരിയുടെ ധൈര്യവുമാണ് ഉദ്ദേശിക്കുന്നെങ്കിലും ആ പ്രയോഗം അസ്ഥാനത്തായോ എന്നൊരു സംശയം ബാക്കി നിര്‍ത്തുന്നു.

പ്രകടന മികവാണ് ജൂണിനെ ആസ്വാദ്യമാക്കുന്നത്. രജിഷ വിജയന്‍ എന്ന നടിയുടെ സിനിമ ജീവിതത്തിലെ ഒരു വഴിത്തിരിവാകാന്‍ സാധ്യതയുള്ള പ്രകടനമാണ് ജൂണില്‍ താരം നടത്തിയിട്ടുള്ളത്. എങ്കിലും കഥയിലെ ആവര്‍ത്തന വിരസതയും കഴമ്പില്ലായ്മയും ചിത്രത്തെ ഒരു കൊമേഴ്ഷ്യല്‍ സിനിമ എന്ന ചട്ടക്കൂടിനുള്ളില്‍ ഒതുക്കുന്നു. കുടുംബ പ്രേക്ഷകര്‍ക്ക് ജൂണിനേയും ജൂണ്‍ വിഹരിക്കുന്ന ലോകത്തെയും ഇഷ്ടപ്പെടും എന്നുതന്നെ കരുതാം.