LiveTV

Live

Entertainment

ഒട്ടും അഡാറല്ല ഒമറിന്റെ സിനിമാറ്റിക്ക് ലവ്; റിവ്യൂ വായിക്കാം 

ഒട്ടും അഡാറല്ല ഒമറിന്റെ സിനിമാറ്റിക്ക് ലവ്; റിവ്യൂ വായിക്കാം 

ഒമര്‍ ലുലുവിന്റെ സിനിമകള്‍ എല്ലാം ശ്രദ്ധിച്ചാല്‍ ഒരു കാര്യം വ്യക്തമാണ്. എല്ലാ സിനിമകളും കൃത്യമായ ഒരു പാറ്റേണിലുള്ളതാണ്, ഒരേ അച്ചില്‍ വാര്‍ത്ത, എല്ലാ വിധ അശ്ലീലവും പടച്ച് സിനിമകളിലെ വിവിധ രംഗങ്ങളില്‍ പതിപ്പിച്ച് കൈയ്യടി നേടുക എന്ന ഉദ്ദേശത്തോടെയാണ് ഓരോ സിനിമയും ഒമര്‍ ലുലു പടച്ചു വിടുന്നത്. സ്ത്രീ വിരുദ്ധതയും ബോഡി ഷെയ്മിങ്ങും ഒമര്‍ ലുലുവിന്റെ മുന്‍ സിനിമകളിലെല്ലാം കണ്ടത് കൊണ്ട് തന്നെ അതിനൊന്നും ഒരു മാറ്റവും വരുത്താന്‍ ഉദ്ദേശമില്ലെന്ന സംവിധായകന്റെ ഏറ്റവും ഉറച്ച നിലപാട് തന്നെയാണ് പുതിയ സിനിമയായ അഡാര്‍ ലവും. സിനിമ ആരംഭിക്കുന്നത് തൊട്ട് തുടര്‍ച്ചകളില്ലാതെ പരസ്പര ബന്ധമില്ലാതെയാണ് സിനിമയില്‍ പാട്ടും, രംഗങ്ങളും കാണിച്ചുള്ള ആദ്യ പകുതി അവസാനിക്കുന്നത്. ചിത്രം ആരംഭിക്കുമ്പോള്‍ സ്ക്രീനില്‍ കണ്ട കലോല്‍സവ കാഴ്ച്ചകളെല്ലാം ഏത് വിധത്തിലാണ് സിനിമയുമായി ബന്ധപ്പെട്ട് കിടക്കുന്നത് എന്നത് സംവിധായകനോട് തന്നെ ചോദിച്ചു മനസ്സിലാക്കേണ്ട കാര്യമാണ്. സിനിമയുടെ ആദ്യ പകുതിയിലേറെയും ഇത് പോലെ പരസ്പര വിരുദ്ധമായ ദൃശ്യങ്ങളുടെയും രംഗങ്ങളുടെയും ഒരു തുടര്‍ച്ച തന്നെയായിരുന്നു.

ഒട്ടും അഡാറല്ല ഒമറിന്റെ സിനിമാറ്റിക്ക് ലവ്; റിവ്യൂ വായിക്കാം 

ഡോണ്‍ ബോസ്ക്കോ സ്ക്കൂളില്‍ പഠിക്കുന്ന ഒരു കൂട്ടം പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ പ്രണയത്തിലൂടെയാണ് സിനിമയുടെ കഥ സഞ്ചരിക്കുന്നത്. സിനിമയില്‍ റോഷനും പ്രിയ വാര്യരും അവരവരുടെ പേരില്‍ തന്നെ പ്രതൃക്ഷപ്പെടുമ്പോള്‍ നൂറിന്‍-ഗാഥ എന്ന പേരിലാണ് പ്രേക്ഷകരിലേക്കെത്തുന്നത്. സിനിമയില്‍ ഏറ്റവും മികച്ച് നിന്നതും ഗാഥയായി അഭിനയിച്ച നൂറിന്റെ അഭിനയം തന്നെയായിരുന്നു. റോഷനും പ്രിയയും തമ്മിലുള്ള പ്രണയവും അവരെ അതിലേക്ക് അടുപ്പിക്കുന്ന ഗാഥയുമാണ് ആദ്യ പകുതിയില്‍ കാണാനാവുന്നത്. ശേഷം ചില പ്രത്യേക കാരണങ്ങളാല്‍ അവര്‍ ഇരുവരും വേര്‍പിരിയുകയും തുടര്‍ന്ന് അവരെ ഇരുവരെയും ചേര്‍ത്ത് നിര്‍ത്താന്‍ അടുപ്പമുള്ള ഗാഥ പ്രണയമഭിനയിക്കുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ ഉള്ളടക്കം. സിനിമയുടെ ഇടക്ക് വന്ന് പോകുന്ന മണവാളനായി അഭിനയിച്ച സലീം കുമാറും പൊലീസ് ഓഫീസറായി വന്ന സിദ്ധീഖും അവരവരുടെ രംഗങ്ങള്‍ മികച്ചതാക്കിയിട്ടുണ്ട്. സിനിമയുടെ ഭൂരിഭാഗം ഭാഗങ്ങളിലും അഭിനയിച്ച പുതുമുഖങ്ങള്‍ ‘പുതിയ താരങ്ങളാണ്’ എന്ന് വെളിവാക്കുന്നത് സംവിധായകന്റെ തെരഞ്ഞെടുപ്പിലെ പരാജയം എന്നേ പറയാനാകൂ.

ഒട്ടും അഡാറല്ല ഒമറിന്റെ സിനിമാറ്റിക്ക് ലവ്; റിവ്യൂ വായിക്കാം 

ഒരു അഡാര്‍ ലവ് എന്ന ചിത്രം പ്രഖ്യാപിക്കുന്നതിന് മുന്‍പ് സിനിമയിലെ മാണിക്യ മലരായ പൂവി എന്ന ഹിറ്റ് ഗാനം പിറക്കുന്നതിന് മുന്‍പ് ചിത്രത്തില്ലാത്ത പ്രിയ വാര്യര്‍ പിന്നീട് ആ ഗാനത്തിലെ കണ്ണിറുക്കലിലൂടെയാണ് സിനിമയുടെ അഭിവാജ്യ ഘടകമായി മാറുന്നത്. ഗാനം ഹിറ്റായതിന് ശേഷമാണ് പ്രിയക്ക് പ്രാധാന്യമുള്ള വേഷം നല്‍കി സിനിമയുടെ കഥയില്‍ മാറ്റം വരുത്തുന്നതെന്ന് ഒമര്‍ ലുലു പിന്നീട് വ്യക്തമാക്കിയിരുന്നു. ഈ ഒരു മാറ്റം കൃത്യമായി മനസ്സിലാകുന്നതാണ് സിനിമയുടെ ആദ്യ പാതി. പരസ്പര ബന്ധമില്ലാത്ത രംഗങ്ങളുടെ വെറുതെ ചിരിപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്ന ഒമര്‍ ലുലു പ്രിയ വാര്യര്‍ എന്ന താരത്തിന്റെ കണ്ണിറുക്കലിന്റെ അമിത ഭാരം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയതാണെന്ന് കൃത്യമായി മനസ്സിലാകും. തുടരെ വരുന്ന പാട്ടുകളും ഫേസ്ബുക്കില്‍ അത്യാവിശ്യം ട്രോള്‍ ഗ്രൂപ്പുകളില്‍ വന്ന് പഴകി തെളിഞ്ഞ ട്രോളുകളുടെ ഒരു മാഷ് അപ്പ് രൂപമാണ് പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കുക. പ്രേക്ഷകരുടെ കൈയ്യടി കൃത്യമായി ഏതൊക്കെ വിഷയങ്ങളില്‍ എങ്ങനെയൊക്കെ ലഭിക്കുമെന്ന ശരിയായ ധാരണയുള്ള വ്യക്തിയാണ് ഒമര്‍ ലുലു. സിനിമയിലെ പ്രളയത്തില്‍ കൈതാങ്ങായ മല്‍സ്യ തൊഴിലാളികളെ ഉയര്‍ത്തി പറയുന്ന രംഗവും കലാഭവന്‍ മണിക്ക് ആദരവര്‍പ്പിക്കുന്ന ഗാനരംഗവും തിയേറ്ററില്‍ ഏറെ കൈയ്യടി നേടിയവയായിരുന്നു. പ്രതിഭാ ദാരിദ്ര്യം ശരിക്കും പ്രതിഫലിക്കുന്ന സിനിമയില്‍ നിര്‍ണായക വഴിതിരിവ് പോലും ഒമറിന്റെ ആശയ ദാരിദ്ര്യം കാണിക്കുന്നതാണ്. ചങ്ക്സിന് ഒരു തുടര്‍ച്ചയുണ്ടാകുമെന്ന ഒമര്‍ ലുലുവിന്റെ നേരത്തെയുള്ള പ്രഖ്യാപനത്തിന്റെ ടീസറുകള്‍ ഓരോന്നും ഈ ചിത്രത്തിലും കാണാനാവുന്നതാണ്. സിനിമ പുറത്തിറങ്ങും മുന്‍പുള്ള അഭിമുഖങ്ങളിലെല്ലാം കുടുംബ പ്രേക്ഷകര്‍ക്ക് കൂടി ഇഷ്ടപ്പെടുന്ന തരത്തിലാണ് ഒരുക്കിയതെന്ന പ്രഖ്യാപനമൊക്കെ വിശ്വസിച്ച് തിയേറ്ററിലെത്തുന്ന കുടുംബങ്ങളുടെ അവസ്ഥ ദയനീയം എന്നേ പറയാനാകൂ.

ഒട്ടും അഡാറല്ല ഒമറിന്റെ സിനിമാറ്റിക്ക് ലവ്; റിവ്യൂ വായിക്കാം 

അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ ഏറ്റെടുത്ത ഇത് പോലൊരു ചിത്രം, മലയാളത്തിന് പുറത്ത് ഏറെ പേര്‍ കാണുമെന്ന് ഉറപ്പുള്ള ചിത്രം അതിന്റെ ഉള്ളടക്കം കൊണ്ടെങ്കിലും മുന്‍ ചിത്രങ്ങളില്‍ നിന്നും ഒമറിന് മികച്ചതാക്കാമായിരുന്നു. തിയേറ്ററില്‍ പോയി മികച്ച ഉള്ളടക്കമുള്ള സിനിമ കണ്ട് ആസ്വദിക്കണമെന്ന് ആത്മാര്‍ത്ഥമായ ആഗ്രഹമുള്ളവര്‍ക്ക് തീര്‍ച്ചയായും ഒഴിവാക്കാവുന്ന ചിത്രമാണ് ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലവ്.