LiveTV

Live

Entertainment

സിനിമാ പൈറസി ക്രിമിനൽ കുറ്റമാക്കുന്ന ബിൽ രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്രസർക്കാർ

അനധികൃതമായി സിനിമ ക്യാമറയിൽ പകർത്തുന്നതും വ്യാജ പതിപ്പുകൾ ഇറക്കുന്നതും ഇതുവഴി തടയാനാകും എന്നാണ് കേന്ദ്രസർക്കാർ പ്രതീക്ഷിക്കുന്നത്

സിനിമാ പൈറസി ക്രിമിനൽ കുറ്റമാക്കുന്ന ബിൽ  രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്രസർക്കാർ

സിനിമാ പൈറസി ക്രിമിനൽ കുറ്റമാക്കുന്ന ബിൽ കേന്ദ്രസർക്കാർ രാജ്യസഭയിൽ അവതരിപ്പിച്ചു. സിനിമകളുടെ വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്നവർക്ക് ഇനി മുതൽ മൂന്ന് വർഷം തടവും 10 ലക്ഷം രൂപ പിഴയും നിർദേശിക്കുന്നതാണ് ബിൽ.

വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡാണ് ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചത്. 1952ലെ സിനിമാറ്റോഗ്രാഫ് ആക്ട് ഭേദഗതി ചെയ്യുന്ന ബില്ലിലൂടെ സിനിമയുടെ വ്യാജപതിപ്പുകൾ ഇറക്കുന്നത് ക്രിമിനൽ കുറ്റമാക്കിയിട്ടുണ്ട്. കുറ്റക്കാർക്ക് മൂന്ന് വർഷം തടവും 10 ലക്ഷം രൂപ പിഴയും ചുമത്തും. അനധികൃതമായി സിനിമ ക്യാമറയിൽ പകർത്തുന്നതും വ്യാജ പതിപ്പുകൾ ഇറക്കുന്നതും ഇതുവഴി തടയാനാകും എന്നാണ് കേന്ദ്രസർക്കാർ പ്രതീക്ഷിക്കുന്നത്. റിലീസ് ദിവസം തന്നെ സിനിമയുടെ വ്യാജ പതിപ്പുകൾ ഇറങ്ങുന്നത് സിനിമാ വ്യവസായത്തിന് തന്നെ വലിയ നഷ്ടം ഉണ്ടാക്കുന്നുണ്ട്. ഇത് കണക്കിലെടുത്തുകൊണ്ടാണ് നിയമത്തിൽ ഭേദഗതി വരുത്തിയത്. പകർപ്പവകാശം ഉള്ളയാളുടെ രേഖാമൂലമുള്ള സമ്മതം ഇല്ലാതെ ഏതെങ്കിലും ഉപകരണം വെച്ച് സിനിമ പകർത്തുന്നത് കുറ്റകരമാണ്. കഴിഞ്ഞയാഴ്ചത്തെ കേന്ദ്രമന്ത്രിസഭ യോഗമാണ് വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് ബിൽ അവതരിപ്പിക്കാൻ അനുമതി നൽകിയത്. സിനിമാ മേഖലയിലെ വരുമാനവും, ജോലി സാധ്യതയും പുതിയ നിയമം മൂലം വർധിക്കുമെന്ന് ബില്ലിൽ പറയുന്നു.