LiveTV

Live

Entertainment

തെരഞ്ഞെടുപ്പിന് തൊട്ടു പിന്നാലെ രാഹുല്‍ ഗാന്ധിയുടെ ബയോപിക്കുമായി ‘മൈ നെയിം ഈസ് രാഗാ’; പരിഹാസ ചിത്രമെന്ന് ആക്ഷേപം

തെരഞ്ഞെടുപ്പിന് തൊട്ടു പിന്നാലെ രാഹുല്‍ ഗാന്ധിയുടെ ബയോപിക്കുമായി ‘മൈ നെയിം ഈസ് രാഗാ’; പരിഹാസ ചിത്രമെന്ന് ആക്ഷേപം

രാജ്യം തെരഞ്ഞെടുപ്പിന്റെ ചൂടിലേക്കമരുന്നതിന് തൊട്ടു പിന്നാലെ വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ് എല്ലാ പാര്‍ട്ടികളും. മുന്‍ തെരഞ്ഞെടുപ്പുകളില്‍ നിന്നും വിഭിന്നമായി ബയോചിത്രങ്ങളിലൂടെ വോട്ട് ഉറപ്പിക്കാനുള്ള തന്ത്രമാണ് ഇത്തവണ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം പയറ്റുന്നത്. കോണ്‍ഗ്രസിനെതിരെ ആയുധമാക്കിയിറങ്ങിയ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന ചിത്രവും തുടര്‍ന്ന് നിരനിരയായി ഇറങ്ങിയ എന്‍.ടി.ആറിന്റെ ജീവചരിത്രം പറയുന്ന എന്‍.ടി.ആറും നരേന്ദ്ര മോദിയുടെ ജീവചരിത്രം പറയുന്ന പി.എം. നരേന്ദ്ര മോദി, സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമായ ഉറി, ബാല്‍താക്കറെയുടെ ജീവിതം പറയുന്ന താക്കറെ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് രാഹുല്‍ ഗാന്ധിയെ ആക്ഷേപിക്കുന്ന രൂപത്തിലുള്ള മൈ നെയിം ഈസ് രാഗാ എന്ന സിനിമയുടെ വരവ്. ചിത്രത്തിന്റെ ട്രെയിലര്‍ ഇന്നലെയാണ് പുറത്തിറങ്ങിയത്. സെയിന്റ് ഡ്രാക്കുള, കാമസൂത്ര ത്രീഡി എന്നീ ചിത്രങ്ങളൊരുക്കിയ രൂപേഷ് പോളാണ് സിനിമ സംവിധാനം ചെയ്യുന്നത്.

ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സോണിയാ ഗാന്ധി, പ്രീയങ്ക ഗാന്ധി, നരേന്ദ്ര മോദി, അമിത് ഷാ എന്നിവരെയെല്ലാം ചേര്‍ത്ത് കഥ പറയുന്ന ‘മൈ നെയിം ഈസ് രാഗാ’ രാഹുല്‍ ഗാന്ധിക്കെതിരായ ആക്ഷേപ ചിത്രമെന്നാണ് ട്രെയിലറിന് പിന്നാലെയുള്ള വിമര്‍ശനം. ബോജ്പുരി സിനിമാ നിര്‍മാണ രീതിയിലെടുത്ത ചിത്രം മനപൂര്‍വം രാഹുലിനെ പരിഹസിക്കാനുള്ള ആയുധമാക്കിയാണ് നിര്‍മ്മിക്കുന്നതെന്ന് ട്രെയിലര്‍ കണ്ട ഭൂരിഭാഗം ആളുകളും സാമൂഹിക മാധ്യമങ്ങളില്‍ അഭിപ്രായപ്പെടുന്നു.

സിനിമയുടെ പത്ത് ശതമാനം ചിത്രീകരണം ഇനിയും ബാക്കിയുണ്ടെന്നും അത് രാജ്യത്തെ ഏറ്റവും പുതിയ രാഷ്ട്രീയ സാഹചര്യം നിരീക്ഷിച്ച് പൂര്‍ത്തിയാക്കുമെന്നും അതിലൂടെ സിനിമക്ക് പുതുമ ലഭിക്കുമെന്നും സംവിധായകന്‍ പറയുന്നു. അമേരിക്കയിലെ കോളിന്‍സ് കോളെജിലും ഡെഹ്റാഡൂണിലെ ഡൂണ്‍ സ്കൂളിലും സിനിമ ചിത്രീകരിക്കുമെന്നും സംവിധായകന്‍ രൂപേഷ് പോള്‍ അറിയിച്ചിട്ടുണ്ട്.