LiveTV

Live

Entertainment

കുമ്പളങ്ങളിയിലെ ‘മുടുക്കികളായ പെണ്ണുങ്ങളെ’ക്കുറിച്ച് ശ്യാം പുഷ്കരന്‍റെ അമ്മ പറയുന്നത് ഇങ്ങനെയാണ്...

കുമ്പളങ്ങിയിലെ ‘മുടുക്കികളായ പെണ്ണുങ്ങളെ’ക്കുറിച്ചും ‘പുളുന്താന്‍മാരല്ലാത്ത ആണുങ്ങളെ’ക്കുറിച്ചുമാണ് ശ്യാമിന്‍റെ അമ്മയായ ഗീതാ പുഷ്കരന്‍ കുറിപ്പെഴുതിയത്.

കുമ്പളങ്ങളിയിലെ ‘മുടുക്കികളായ പെണ്ണുങ്ങളെ’ക്കുറിച്ച് ശ്യാം പുഷ്കരന്‍റെ അമ്മ പറയുന്നത് ഇങ്ങനെയാണ്...

മികച്ച പ്രതികരണങ്ങള്‍ നേടിക്കൊണ്ട് മുന്നേറുന്ന കുമ്പളങ്ങി നൈറ്റ്സിനെ പ്രകീര്‍ത്തിച്ച് നിരവധി അഭിപ്രായങ്ങളാണ് എങ്ങും പരക്കുന്നത്. എന്നാല്‍ ചിത്രത്തിന്‍റെ തിരക്കഥാകൃത്തായ ശ്യാം പുഷ്കരന്‍റെ അമ്മയുടെ കുമ്പളങ്ങി നൈറ്റ്സിനെക്കുറിച്ചുള്ള അഭിപ്രായമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. കുമ്പളങ്ങിയിലെ 'മുടുക്കികളായ പെണ്ണുങ്ങളെ'ക്കുറിച്ചും 'പുളുന്താന്‍മാരല്ലാത്ത ആണുങ്ങളെ'ക്കുറിച്ചുമാണ് ശ്യാമിന്‍റെ അമ്മയായ ഗീതാ പുഷ്കരന്‍ കുറിപ്പെഴുതിയത്. ഫേസ്ബുക്കിലൂടെയാണ് ഗീതാ പുഷ്കരന്‍ കുമ്പളങ്ങിയെക്കുറിച്ചുള്ള തന്‍റെ വീക്ഷണങ്ങള്‍ പുറത്തു വിട്ടത്. വിട്ടുവീഴ്ചകൾ ചെയ്യുമ്പോഴും അനാവശ്യ ആണധികാര ആഭാസങ്ങൾക്കു വില കൽപ്പിക്കാത്തവളാണ് കുമ്പളങ്ങിയിലെ പെണ്ണുങ്ങൾ എന്നും ഗീത പറയുന്നു.

Also read: ഉയിരില്‍ തൊടുന്ന കുമ്പളങ്ങി മാജിക്

ഗീത പുഷ്കരന്‍റെ കുറിപ്പ്

നിങ്ങ കുമ്പളങ്ങീലെ പെണ്ണുങ്ങളെക്കണ്ടാ.. മുടുക്കികൾ.. സുന്ദരികൾ.. സ്നേഹിക്കാൻ മാത്രമല്ല കെട്ടാ, ജീവിക്കാനും പഠിച്ചവർ.

ആണുങ്ങ, ആണത്വമുള്ളവർ.. പുളുന്താന്മാരല്ല കേട്ടാ..

എത്ര സുന്ദരനായാലും കെട്ടിയോൻ, കെട്ടിയോന്റെ സ്ഥാനത്തു മാത്രം നിന്നാ മതി എന്നു തുറന്നു പറയുന്നവൾ, ഏതു ടൈപ്പ് ആങ്ങളയായാലും മരിയാദക്ക് സംസാരിക്കണം എന്ന് താക്കീതു നൽകുന്നവൾ. അവളാണ് പെണ്ണ്, കുമ്പളങ്ങി ക്കാരി ഭാര്യ. കുടുംബ ജീവിതത്തിനു വേണ്ടി

വിട്ടുവീഴ്ചകൾ ചെയ്യുമ്പോഴും അനാവശ്യ ആണധികാര ആഭാസങ്ങൾക്കു വില കൽപ്പിക്കാത്തവൾ.

പ്രേമിച്ചവനെ തേക്കാതെ, ചങ്കിനോടു ചേർത്ത് നിർത്തി ,പോയി മീൻ പിടിച്ചു വാ ട്ടാ.. അതു കുറഞ്ഞ തൊഴിലല്ല എന്നു പറയുന്ന ആത്മാർത്ഥത കൈമുതലായി

ഉള്ളവൾ മറ്റൊരു പെണ്ണ്. നിറമല്ല, നന്മയുള്ള മനസ്സും തൊഴിലെടുത്തു പെണ്ണിനെ പുലർത്താനുള്ള സന്നദ്ധതയുമാണ് ആണിന്റെ സൗന്ദര്യം എന്നു തിരിച്ചഞ്ഞവൾ മറ്റൊരുവൾ

പ്രേമിച്ചവനുമായി അന്യനാട്ടിലേക്കു പലായനം ചെയ്ത്, ജീവിതം പച്ചപിടിച്ചു വരുമ്പോൾ, നിറവയറുമായി നടുവിനു കൈത്താങ്ങുനൽകി കഷ്ടിച്ചു നിവർന്നു നിൽക്കുമ്പോൾ ഇണവേർപെട്ടു പോയിലും കുഞ്ഞിനെപ്പോറ്റാനും ജീവിക്കാനും മാത്രമായൊരു മനുഷ്യൻ വച്ചുനീട്ടിയ കൈക്കുപിടിച്ചു പരിമിത സൗകര്യങ്ങളുള്ള ഒരിടത്തേക്കു കൂടുമാറിയവൾ, ജീവിതത്തെ ധൈര്യമായി നേരിടാനുറച്ചവൾ തമിഴ് മകൾ.

ആണധികാരം എന്നും പെണ്ണിനെ നിശബ്ദയാക്കാൻ പൊതു ഇടങ്ങളിൽ പുരുഷലിംഗപ്രദർശനം നടത്തുന്നതുപോലെ തികച്ചും കുൽസിതവും ആഭാസകരവുമായ വാക്കായി വ്യഭിചാരം ഉപയോഗിക്കുമ്പോൾ (അതെ സ്വന്തം ലിംഗപ്രദർശനം പോലെയാണ് ആ വാക്കും…) ഒറ്റക്ക് ഒരു പെണ്ണിനും അതു ചെയ്യാൻ കഴിയില്ലെന്നിരിക്കേ.. പുരുഷൻ തുണിയുരിഞ്ഞു നടുറോഡിൽ നിൽക്കുന്ന പോലെയല്ലേ വ്യഭിചാരാരോപണവും. വ്യഭിചാരം അനുവദിക്കാത്ത ഒളിഞ്ഞു നോട്ടക്കാരന്റെ മുഖത്തു കാറിത്തുപ്പി ഇറങ്ങിപ്പോയ വിദേശ വനിതയും..

കുലം, ജാതി, മതം, സ്വദേശം ഒന്നും പെണ്ണിന്റെ ആത്മാഭിമാനത്തിന് വിലങ്ങുതടിയാവാതെ, ചങ്ങലകൾ തീർക്കാതെ ,സ്വാഭിമാനിനികളായി അവർ ഇറങ്ങി വരുമ്പോൾ… ഇരു കൈകളും നീട്ടി അവരെ സ്വാഗതം ചെയ്ത് ബന്ധനങ്ങളില്ലാത്ത ,ചെടികൾ പൂത്തുലയുന്ന, പ്രകാശം പരക്കുന്ന

വീട്ടിലേക്ക് ക്ഷണിക്കുന്ന നെപ്പോളിയന്റെ മക്കൾ… അവരാണ് യഥാർത്ഥ പുരുഷന്മാർ. ആണത്വമുള്ളവർ, പെറ്റമ്മയെ അറിഞ്ഞവർ. ഇതല്ലേ കുമ്പളങ്ങിയുടെ നേർചിത്രം ?

ഷമ്മി വരത്തനാണു കേട്ടാ, ഞങ്ങട കുമ്പളങ്ങിക്കാരനല്ല കേട്ടാ