LiveTV

Live

Entertainment

‘സി.ബി.ഐ അഞ്ചാം ഭാഗം മലയാളം കണ്ട മികച്ച ത്രില്ലറുകളില്‍ ഒന്നാവും’; എസ്. എന്‍ സ്വാമി

‘സി.ബി.ഐ  അഞ്ചാം ഭാഗം മലയാളം കണ്ട മികച്ച ത്രില്ലറുകളില്‍ ഒന്നാവും’; എസ്. എന്‍ സ്വാമി

മലയാളത്തിലെ എക്കാലത്തെയും ക്രൈം ത്രില്ലര്‍ സിനിമ സീരിസായ സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗം മലയാളം കണ്ട മികച്ച ത്രില്ലറുകളില്‍ ഒന്നാവുമെന്ന് തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമി. കൊച്ചിയില്‍ വെച്ച് നടന്ന മൂവി സ്ട്രീറ്റ് അവാര്‍ഡ് വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു എസ്.എന്‍ സ്വാമി. മലയാള സിനിമയിലെ ഏറ്റവും മികച്ച സിനിമക്കുള്‍പ്പെടെ സിനിമാ മേഖലയിലെ പിന്നണി പ്രവര്‍ത്തനത്തിലെ മികച്ചവക്ക് ഫേസ്ബുക്കിലെ കൂട്ടായ്മ നല്‍കുന്ന പുരസ്ക്കാരമാണ് മൂവി സ്ട്രീറ്റ് അവാര്‍ഡ്. മൂവി സ്ട്രീറ്റ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡിനര്‍ഹനായ എസ്.എന്‍ സ്വാമി സി.ബി.ഐ പുതിയ സീരിസ് ഉടന്‍ തന്നെ പുറത്തിറങ്ങുമെന്നും അറിയിച്ചു.

‘സിബിഐ അഞ്ചാം പതിപ്പ് എഴുതി തീര്‍ന്നു, വൈകാതെ തന്നെ പുറത്തിറങ്ങും. യാതൊരു ബുദ്ധിമുട്ടുമില്ലാതെ ഞാന്‍ പറയുകയാണ്, അതൊരു മികച്ച അനുഭവമായിരിക്കും’; എസ്.എന്‍ സ്വാമി പറഞ്ഞു. വരാനിരിക്കുന്ന ത്രില്ലറുകള്‍ക്ക് സി.ബി.ഐയുടെ പുതിയ സിനിമ ചൂണ്ട് പലകയായിരിക്കുമെന്നും എസ്.എന്‍ സ്വാമി പറഞ്ഞു.

എസ് എന്‍ സ്വാമിയുടെ രചനയില്‍ ആദ്യമായി പിറവിയെടുത്ത കഥാപാത്രം സ്‌ക്രീനിലെത്തിയത് 1988ലെ ഒരു സി.ബി.ഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിലൂടെയായിരുന്നു. അതിന് ശേഷം മൂന്ന് തവണയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. ജാഗ്രത, സേതുരാമയ്യര്‍ സി.ബി.ഐ, നേരറിയാന്‍ സി.ബി.ഐ എന്നിവ എക്കാലത്തെയും ഹിറ്റുകളായിരുന്നു. 2005ലായിരുന്നു ചിത്രത്തിന്റെ നാലാം ഭാഗമായ നേരറിയാന്‍ സി.ബി.ഐ തിയേറ്ററുകളിലെത്തിയത്. സി.ബി.ഐ സീരീസിലെ രണ്ടു സിനിമകള്‍ നിര്‍മിച്ച കെ മധുവിന്റെ നിര്‍മാണ കമ്പനിയായ കൃഷ്ണ കൃപയായിരിക്കും പുതിയ ചിത്രവും നിര്‍മിക്കുക.