പേരന്‍പിന്റെ ആദ്യ ഷോ മനസ്സ് നിറഞ്ഞ് കണ്ടത് ഇവരാണ്!

മമ്മുട്ടി നായകനായ പേരന്പ് സിനിമ ഇന്നലെയാണ് കേരളത്തിലാകമാനം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയുടെ അച്ഛനായാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ അമുദന് എന്ന കഥാപാത്രം കടന്നുവരുന്നത്. മമ്മൂട്ടി കഥാപാത്രത്തിന്റെ മകളായി സാധനയാണ് എത്തുന്നത്. ചിത്രത്തിലെ സാധനയുടെ അഭിനയം ഇതിനകം ഏറെ കൈയടി നേടിയിരുന്നു.
അതെ സമയം പേരന്‍പിന്റെ കേരള റിലീസ് വൃത്യസ്തമായാണ് ആലപ്പുഴ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന് ആഘോഷിച്ചത്. ശാരീരിക, മാനസിക വൈകല്യം ബാധിച്ച കുഞ്ഞുങ്ങളെയാണ് ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് സൗജന്യമായി എത്തിച്ച് മമ്മുട്ടി ആരാധകര്‍ വ്യത്യസ്തമായത്. ആലപ്പുഴയിലെ മമ്മൂട്ടി ഫാന്‍സും റെയ് ബാന്സിനി ഹൗസും ചേര്‍ന്നാണ് കുട്ടികളെ തിയേറ്ററുകളില്‍ എത്തിച്ചത്. നടക്കാന്‍ ബുദ്ധിമുട്ടുള്ള കുട്ടികളെ എടുത്തുകൊണ്ടാണ് ആരാധകര്‍ തിയേറ്ററിലെത്തിച്ചത്. ചിത്രത്തിന്റെ പോസ്റ്ററിന് മുന്നില്‍ നൃത്തം വെച്ചും പാട്ട് പാടിയുമാണ് കുട്ടികള്‍ പേരന്പ് സിനിമയെ ആഘോഷമാക്കിയത്
മികച്ച അഭിപ്രായമാണ് ചിത്രത്തിന് കേരളത്തിലങ്ങോളമിങ്ങോളം ലഭിച്ച് കൊണ്ടിരിക്കുന്നത്. മമ്മുട്ടിയുടെ അഭിനയത്തെ പ്രശംസിക്കുന്ന പ്രേക്ഷകര്‍ ഇത്തവണത്തെ ദേശീയ അവാര്‍ഡ് മമ്മുട്ടി നേടും എന്ന് വരെ പ്രവചിക്കുന്നുണ്ട്. മമ്മൂട്ടിക്ക് പുറമേ അഞ്ജലി, അഞ്ജലി അമീര്‍ തുടങ്ങിയവരാണ് പേരന്പില് പ്രധാനവേഷത്തില്‍ എത്തുന്നത്. പേരന്പ് റോട്ടര്‍ഡാം ചലച്ചിത്രമേളയിലായിരുന്നു ആദ്യം ശ്രദ്ധിക്കപ്പെട്ടത്. മേളയിലെ അന്തര്‍ദേശീയ പ്രീമിയരായിരുന്നു സിനിമ. പിന്നീട് ഷാങ്ഹായ് ചലച്ചിത്രമേളയിലും ഗോവ ചലച്ചിത്രോത്സവത്തിലും ചിത്രം പ്രദര്‍ശിപ്പിച്ച് മികച്ച അഭിപ്രായം നേടിയിരുന്നു. ചിത്രത്തിന്റെ ഇന്ത്യന്‍ പ്രീമിയര്‍ നടന്ന ഗോവയിലെ ഇനോക്സിലെ രണ്ട് പ്രദര്‍ശനങ്ങളും ഹൗസ്ഫുള് ആയിരുന്നു.