LiveTV

Live

Entertainment

ഓസ്കര്‍ വേദിയില്‍ നക്ഷത്രങ്ങള്‍ പിറക്കും; ലേഡി ഗാഗയും ബ്രാഡ്ലി കൂപ്പറും പെര്‍ഫോമെന്‍സിനൊരുങ്ങുന്നു

ഉള്ളടക്കത്തേക്കാള്‍ വിവാദങ്ങള്‍ കാരണമാണ് ഇത്തവണത്തെ ഓസ്കര്‍ ശ്രദ്ധിക്കപ്പെട്ടത്

ഓസ്കര്‍ വേദിയില്‍ നക്ഷത്രങ്ങള്‍ പിറക്കും; ലേഡി ഗാഗയും ബ്രാഡ്ലി കൂപ്പറും പെര്‍ഫോമെന്‍സിനൊരുങ്ങുന്നു

ഓസ്കറിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, വേദിയില്‍ അരങ്ങേറേണ്ട സ്റ്റാര്‍ ഷോ പ്രോഗ്രാമിന്‍റെ കാര്യത്തില്‍ തീരുമാനമായി. ഉള്ളടക്കത്തേക്കാള്‍ വിവാദങ്ങള്‍ കാരണമാണ് ഇത്തവണത്തെ ഓസ്കര്‍ ശ്രദ്ധിക്കപ്പെട്ടത്. അവതാരകനായി ആദ്യം നിശ്ചയിച്ച ഹാസ്യ നടന്‍ കെവിന്‍ ഹാര്‍ട്ട് പടിയിറങ്ങിയ വിവാദങ്ങള്‍ ചൂടു പിടിച്ച് വരുമ്പോഴാണ് സ്റ്റാര്‍ പെര്‍ഫോമെന്‍സിനെക്കുറിച്ചുള്ള വിവാദങ്ങള്‍ കൊഴുത്തത്. അക്കാദമി അവാര്‍ഡിനായി നോമിനേറ്റ് ചെയ്യപ്പെട്ട അഞ്ച് ഗാനങ്ങളില്‍ രണ്ടെണ്ണത്തിന് മാത്രമേ പുരസ്കാര വേദിയില്‍ അവതരിപ്പിക്കാനുള്ള അവസരം ലഭിക്കുകയുള്ളൂ എന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ഇതിനെല്ലാം വിരാമമിട്ടുകൊണ്ട് അക്കാദമി തന്നെ രംഗത്തെത്തി. നോമിനേഷന്‍ ലഭിച്ച എല്ലാ ഗാനങ്ങള്‍ക്കും അവതരണത്തിന് അനുമതി നല്‍കിക്കൊണ്ടായിരുന്നു അക്കാദമി ട്വീറ്റ് ചെയ്തത്.

ഓസ്കര്‍ വേദിയില്‍ നക്ഷത്രങ്ങള്‍ പിറക്കും; ലേഡി ഗാഗയും ബ്രാഡ്ലി കൂപ്പറും പെര്‍ഫോമെന്‍സിനൊരുങ്ങുന്നു

അതിനുശേഷം ഓരോ പെര്‍ഫോമേഴ്സിനേയും ക്ഷണിച്ചുകൊണ്ടുള്ള ട്വീറ്റുകള്‍ അക്കാദമി തന്നെ ചെയ്യാന്‍ തുടങ്ങി. ‘എ സ്റ്റാര്‍ ഈസ് ബോണ്‍’ എന്ന സിനിമയിലെ താരങ്ങളായ ബ്രാഡ്ലി കൂപ്പറും ലേഡി ഗാഗയും നോമിനേറ്റ് ചെയ്യപ്പെട്ട തങ്ങളുടെ ഗാനം വേദിയില്‍ അവതരിപ്പിക്കും എന്നാണ് ഏറ്റവുമൊടുവില്‍ പുറത്തു വരുന്ന വാര്‍ത്തകള്‍.

മറ്റൊരു ട്വീറ്റില്‍ അക്കാദമി തന്നെ പറയുന്നു, ബല്ലാര്‍ഡ് ഓഫ് ബസ്റ്റര്‍ സ്ക്രഗ്സ് എന്ന ചിത്രത്തിലെ നോമിനേറ്റ് ചെയ്യപ്പെട്ട ഗാനം അവതരിപ്പിക്കാനായി ഗില്ലിയന്‍ വെല്‍ച്ചിനേയും ഡേവിഡ് റൌളിങിനേയും ക്ഷണിക്കുന്നു, എന്ന്.

മേരി പോപ്പിന്‍സ് റിട്ടേണ്‍സ് എന്ന ചിത്രത്തിലെ ഗാനം അവതരിപ്പിക്കാന്‍ ജെനിഫര്‍ ഹഡ്സനെ ക്ഷണിച്ചുകൊണ്ട് അക്കാദമി നേരത്തെ ട്വീറ്റ് പങ്ക് വച്ചിരുന്നു. ബ്ലാക്ക് പാന്തറിലെ ഗാനമായ ഓള്‍ ദി സ്റ്റാഴ്സ് അവതരണത്തിന് നേരത്തെ തന്നെ ക്ഷണം ലഭിച്ച പാട്ടായിരുന്നു. ഫെബ്രുവരി 24ന് ഡോള്‍ബി തിയേറ്ററില്‍ വച്ചാണ് അക്കാദമി അവാര്‍ഡ് ദാന ചടങ്ങ്.