റിലീസിനൊരുങ്ങി ‘വെെറസ്’; പുതിയ പോസ്റ്റര്‍ പുറത്ത്
സംവിധായകന് ആഷിഖ് അബു തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തു വിട്ടത്

കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ വൈറസിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ആഷിഖ് അബു ചിത്രം വൈറസിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സംവിധായകന് ആഷിഖ് അബു തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തു വിട്ടത്. ആശുപത്രിയുടെ പശ്ചാത്തലത്തിലുള്ള പോസ്റ്റര്‍, ചിത്രത്തില്‍ വേഷമിട്ടിരിക്കുന്ന പ്രധാന കഥാപാത്രങ്ങളുടെ പേര് സഹിതമാണ് എത്തിയിരിക്കുന്നത്.
മുഹ്സിന് പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്ന് എഴുതിയ വൈറസ് നിര്‍മ്മിച്ചിരിക്കുന്നത് ആഷിഖ് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ്. ടോവിനോ തോമസ്, കുഞ്ചാക്കോ ബോബന്, ഇന്ദ്രന്‍സ്, റഹ്മാന്, ഇന്ദ്രജിത്ത്, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, ജോജു ജോര്‍ജ്, രേവതി, റിമ കല്ലിങ്കല്‍, ആസിഫ് അലി, രമ്യ നമ്പീശന്, ശ്രീനാഥ് ഭാസി, സൗബിന് ശാഹിര്‍, ദിലീഷ് പോത്തന്, ഷറഫുദ്ദീന്, മഡോണ എന്നിങ്ങനെ വന്‍ താര നിരയുമായാണ് ചിത്രം എത്തുന്നത്.
നിപ വൈറസ് ഭീതിയിലാഴ്ത്തിയ കോഴിക്കോട് മെഡിക്കല്‍ കോളേജും പരിസരങ്ങളും പശ്ചാത്തലമാക്കി എടുത്ത ചിത്രത്തിന്റെ ക്യാമറ രാജീവ് രവിയാണ്. സുഷിന് ശ്യാം ആണ് സംഗീതം. ഏപ്രില്‍ 11ന് ചിത്രം റിലീസിനെത്തും.