LiveTV

Live

Entertainment

‘സൂക്ഷ്മാംശങ്ങളില്‍ അഭിനയിക്കുന്ന ഇന്ത്യയിലെ ഒരേയൊരു മമ്മുക്ക’; പ്രേക്ഷകരുടെ ആകാംക്ഷ വര്‍ധിപ്പിച്ച് പേരന്‍പ് പ്രീമിയര്‍ ഷോ

പേരന്‍പിനെ വാനോളം പുകഴ്ത്തി മലയാള സിനിമാ ലോകം

‘സൂക്ഷ്മാംശങ്ങളില്‍ അഭിനയിക്കുന്ന ഇന്ത്യയിലെ ഒരേയൊരു മമ്മുക്ക’; പ്രേക്ഷകരുടെ ആകാംക്ഷ വര്‍ധിപ്പിച്ച് പേരന്‍പ് പ്രീമിയര്‍ ഷോ

പേരന്‍പിന്റെ കേരളത്തിലെ ആദ്യത്തെ പ്രീമിയര്‍ ഷോക്ക് ഗംഭീര വരവേല്‍പ്പ്. കൊച്ചിയിലാണ് വിതരണക്കാരായ ആന്റോ ജോസഫിന്റെ കീഴില്‍ സിനിമയുടെ ആദ്യ പ്രീമിയര്‍ ഷോ സംഘടിപ്പിച്ചത്. മലയാളത്തില്‍ നിന്നും ഒട്ടു മിക്ക സംവിധായകരും നിര്‍മാതാക്കളും എഴുത്തുക്കാരും നടീ നടന്‍മാരും പങ്കെടുത്ത പ്രീമിയര്‍ ഷോ മികച്ച അഭിപ്രായമാണ് സിനിമക്ക് കേരളത്തില്‍ നേടികൊടുത്തത്. മമ്മുട്ടി എന്ന നടനെ ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിച്ചെന്ന് ഏവരും ഒരേ സ്വരത്തില്‍ പറഞ്ഞപ്പോള്‍ മമ്മുട്ടി എന്ന മികച്ച നടന്റെ മലയാളത്തിലെ അടയാളപ്പെടുത്തലാണ് ചിത്രമെന്നും പറഞ്ഞു. മലയാളത്തിലെ എല്ലാ മുന്‍ നിര സംവിധായകരും ഒത്തു ചേര്‍ന്ന പ്രീമിയര്‍ ഷോ മലയാളത്തിന്റെ മെഗാ സ്റ്റാറിനുള്ള ആദരവിന്റെയും അഭിനന്ദനത്തിന്റെയും വേദിയായി മാറി. വന്‍ ജനക്കൂട്ടമാണ് കൊച്ചിയിലെ പ്രീമിയര്‍ ഷോക്ക് തൊട്ടു ശേഷം നടന്ന ഓഡിയോ ലോഞ്ചില്‍ പങ്കെടുത്തത്.

സംവിധായകരായ സത്യന്‍ അന്തിക്കാട്, കമല്‍, എസ്.എന്‍ സ്വാമി, ഹനീഫ് അദേനി, ജോഷി, സിബി മലയില്‍, രഞ്ജിത്ത്,ബി. ഉണ്ണികൃഷ്ണന്‍, രണ്‍ജി പണിക്കര്‍, ലിജോജോസ് പെല്ലിശ്ശേരി, നാദിര്‍ഷ, രമേശ് പിഷാരടി, രഞ്ജിത്ത് ശങ്കര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, വിജയലക്ഷ്മി, ആന്റോ ജോസഫ്, നിവിന്‍ പോളി, അനുസിത്താര, അനുശ്രീ, നിമിഷ സജയന്‍, സംയുക്ത വര്‍മ്മ തുടങ്ങി നിരവധി പേരാണ് പ്രീമിയര്‍ ഷോയില്‍ പങ്കെടുത്തത്. പേരന്‍പിനെയും മമ്മുട്ടിയുടെ സൂക്ഷമാഭിനയത്തെയും വാനോളം പുകഴ്ത്തിയാണ് താരങ്ങള്‍ എല്ലാവരും സംസാരിച്ചത്. സിനിമ കണ്ട് അതിശയിച്ചിരിക്കുകയാണ് ഞാന്‍, ജീവിതത്തിലൊരിക്കലും ഇങ്ങനെയൊരു സിനിമയെടുക്കാന്‍ എനിക്കാവില്ല. അത്രയും സൂക്ഷ്മമായാണ് ഇതിന്റെ ആവിഷ്ക്കാരമെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറഞ്ഞു. സിനിമ കണ്ട വിങ്ങല്‍ ഇത് വരെ മനസ്സില്‍ നിന്നും പോയില്ലെന്നും, സിനിമ കുറേക്കാലം മനസ്സില്‍ നില്‍ക്കണമെങ്കില്‍ ഇത്രയും ആര്‍ദ്രത സിനിമക്ക് വേണമെന്ന് കമല്‍ പറഞ്ഞു. സൂക്ഷമാംശങ്ങളിലെ അഭിനയം ഇന്ത്യയില്‍ മമ്മുക്കക്ക് മാത്രമേ സാധ്യമാകൂമെന്നും കമല്‍ കൂട്ടിചേര്‍ത്തു.

‘സൂക്ഷ്മാംശങ്ങളില്‍ അഭിനയിക്കുന്ന ഇന്ത്യയിലെ ഒരേയൊരു മമ്മുക്ക’; പ്രേക്ഷകരുടെ ആകാംക്ഷ വര്‍ധിപ്പിച്ച് പേരന്‍പ് പ്രീമിയര്‍ ഷോ

‘പണ്ട് തനിയാവര്‍ത്തനം കണ്ട് ഞാന്‍ കരഞ്ഞിട്ടുണ്ട് അന്ന് മുതല്‍ പ്രതിഞ്ജ എടുത്തതാണ് ഇനി ഞാന്‍ ഒരിക്കലും കരയില്ല എന്ന് അല്ലെങ്കില്‍ ഒരു നടനും എന്നെ കരയിപ്പിക്കാന്‍ കഴിയില്ല എന്ന്. ഈ ദിവസം വരെ ഞാന്‍ ജയിച്ചു പക്ഷേ ഇന്ന് ഞാന്‍ കരഞ്ഞു ഞാന്‍ വീണ്ടും തോറ്റു എന്നെ വീണ്ടും കരയിപ്പിച്ചത് മമ്മൂക്കയാണ് എന്നെ വീണ്ടും മമ്മൂക്ക തോല്‍പ്പിച്ചു’; വികാരഭരിതനായി തിരക്കഥാകൃത്തായ എസ്.എന്‍. സ്വാമി പറഞ്ഞു.

നിരവധി സിനിമാ താരങ്ങള്‍ സിനിമ കണ്ട അഭിപ്രായം സാമുഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. പ്രതീക്ഷകള്‍ക്കെല്ലാെം മുകളിലായിരുന്നു സിനിമയെന്ന് നടി അനു സിത്താര ഫേസ്ബുക്കില്‍ കുറിച്ചു.

അടുത്ത മാസം ഒന്നാം തിയ്യതിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. മമ്മൂട്ടിക്ക് പുറമേ സാധന, അഞ്ജലി, അഞ്ജലി അമീര്‍ തുടങ്ങിയവരാണ് പ്രധാനവേഷത്തില്‍ എത്തുന്നത്. പേരന്‍പ് റോട്ടര്‍ഡാം ചലച്ചിത്രമേളയിലായിരുന്നു ആദ്യം ശ്രദ്ധിക്കപ്പെട്ടത്. മേളയിലെ അന്തര്‍ദേശീയ പ്രീമിയരായിരുന്നു സിനിമ. പിന്നീട് ഷാങ്ഹായ് ചലച്ചിത്രമേളയിലും ഗോവ ചലച്ചിത്രോത്സവത്തിലും ചിത്രം പ്രദര്‍ശിപ്പിച്ച് മികച്ച അഭിപ്രായം നേടിയിരുന്നു. ചിത്രത്തിന്റെ ഇന്ത്യന്‍ പ്രീമിയര്‍ നടന്ന ഗോവയിലെ ഇനോക്സിലെ രണ്ട് പ്രദര്‍ശനങ്ങളും ഹൗസ്ഫുള്‍ ആയിരുന്നു.

സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയുടെ അച്ഛനായാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം. അമുദന്‍ എന്ന കഥാപാത്രം ഒരു ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറാണ്. മമ്മൂട്ടി കഥാപാത്രത്തിന്റെ മകളായി സാധനയാണ് എത്തുന്നത്. കട്രത് തമിഴും തങ്കമീന്‍കളും തരമണിയും ഒരുക്കിയ റാമിന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ഇറങ്ങാനിരിക്കുന്ന പേരന്‍പ്.