LiveTV

Live

Entertainment

കുപ്രസിദ്ധനല്ല ജയേഷ്,  സുപ്രസിദ്ധനാണ്; ഒടുവില്‍ ‘നായകന്‍’ ടോവിനോയെ കണ്ടു 

കുപ്രസിദ്ധനല്ല ജയേഷ്,  സുപ്രസിദ്ധനാണ്; ഒടുവില്‍ ‘നായകന്‍’ ടോവിനോയെ കണ്ടു 

കോഴിക്കോട്ടെ സുന്ദരിയമ്മ കൊലക്കേസില്‍ കുറ്റം ചാര്‍ത്തപ്പെട്ട് നരകയാതന അനുഭവിച്ച ജയേഷ് ഒടുവില്‍ തന്റെ ജീവിതകഥ പറഞ്ഞ കുപ്രസിദ്ധ പയ്യനിലെ നായകനെ കണ്ടു. കോഴിക്കോട് വൈറസ് സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് നായകന്‍ ടോവിനോയെ കാണാന്‍ ജയേഷ് സെറ്റില്‍ എത്തിയത്. സിനിമ തിയേറ്ററില്‍ നിന്നും കണ്ട ജയേഷിന്റെ ആഗ്രഹമായിരുന്നു നായകനായ ടോവിനോയെ കാണുകയെന്നത്. അതിന് കോഴിക്കോട് സ്വന്തം നാട് തന്നെ വേദിയായതിന്റെ സന്തോഷത്തിലാണ് ജയേഷിപ്പോള്‍.

ബേപ്പൂര്‍ ചെറുവന്നൂരിലെ വൈറസ് സിനിമയുടെ ലൊക്കേഷനില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. എല്ലാവരും തന്നെ ഇപ്പോള്‍ കുപ്രസിദ്ധ പയ്യനെന്നാണ് വിളിക്കുന്നതെന്ന് ജയേഷ് ടൊവീനോയോട് പറഞ്ഞു. കുപ്രസിദ്ധ പയ്യനല്ല മറിച്ച് സുപ്രസിദ്ധ പയ്യനെന്ന് വിളിക്കാന്‍ പറയൂ എന്നായിരുന്നു ടോവിനോയുടെ മറുപടി. പൊലീസുകാരില്‍ നിന്നും കൊടിയ മര്‍ദ്ദനങ്ങളാണ് ഏല്‍ക്കേണ്ടി വന്നതെന്നും നിരപരാധിയായ തന്നെ പൊലീസ് കള്ള ക്കേസില്‍ കുടുക്കുകയായിരുന്നെന്നും ജയേഷ് ടോവിനോയോട് പറഞ്ഞു.

2012 ജൂലൈ 21 ന് പുലർച്ചെയാണ് ഹോട്ടലുകളിൽ പലഹാരം വിറ്റ് ഉപജീവനം നടത്തുന്ന സുന്ദരിയമ്മ എന്ന മധ്യവയസ്കയെ കൊല്ലപ്പെട്ട നിലയില്‍ വീട്ടിനകത്ത് കണ്ടെത്തുന്നത്. പൊലീസിനു യഥാര്‍ത്ഥ പ്രതിയെ കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്ന് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. ഒടുവില്‍ മുഖംരക്ഷിക്കാൻ സുന്ദരിയമ്മ കൊലക്കേസിലെ പ്രതിയായി ജയേഷിനെ പൊലീസ് തീരുമാനിക്കുകയും ക്രൂര മര്‍ദ്ദനത്തിലൂടെ കുറ്റം സമ്മതിപ്പിക്കുകയുമായിരുന്നു. ഇതിനായി പൊലീസ് നിരവധി വ്യാജ തെളിവുകള്‍ സൃഷ്ടിച്ചതായും ജയേഷ് വെളിപ്പെടുത്തിയിരുന്നു. സുന്ദരിയമ്മ കൊലക്കേസിലെ യഥാര്‍ത്ഥ പ്രതികളെ ഇത് വരെ പൊലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിനടുത്ത് ഹോട്ടലില്‍ വെയിറ്ററായി ജോലി ചെയ്യുകയാണ് ജയേഷിപ്പോള്‍.