LiveTV

Live

Entertainment

നക്ഷത്രങ്ങളെ കാവല്‍ നിര്‍ത്തി പത്മരാജന്‍ വിട പറഞ്ഞിട്ട് 28 വര്‍ഷം 

1975ല്‍ ഭരതന്റെ പ്രയാണം എന്ന സിനിമക്ക് തിരക്കഥ തീര്‍ത്തുകൊണ്ട് പത്മരാജന്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചു

നക്ഷത്രങ്ങളെ കാവല്‍ നിര്‍ത്തി പത്മരാജന്‍ വിട പറഞ്ഞിട്ട് 28 വര്‍ഷം 

“ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന സിനിമയുടെ ഇരുപത്തിയഞ്ചാം ദിനം ഷോ കഴിഞ്ഞ് കോഴിക്കോട് പാരമൗണ്ട് ഹോട്ടലിലെ സ്ഥിരം മുറിയില്‍ കാര്‍പ്പറ്റിന്റെ ഒരറ്റം കയ്യില്‍പ്പിടിച്ച് ഒരു കൊച്ചു കുഞ്ഞിനെപ്പോലെ പപ്പേട്ടന്‍ ചുരുണ്ടുകൂടി കിടക്കുകയായിരുന്നു. ഉറക്കം കെടുത്തണ്ട എന്നു കരുതി ഞാന്‍ ബാത്ത്‌റൂമിലേക്ക് പോയി. മോഹന്‍ലാല്‍ കാണാന്‍ വരാമെന്നു പറഞ്ഞ സമയമായപ്പോള്‍ എഴുന്നേല്‍പ്പിക്കാനായി വിളിച്ചു. പപ്പേട്ടന്‍ പ്രതികരിച്ചില്ല. ഒന്നും രണ്ടും തവണ വിളിച്ചിട്ടും എഴുന്നേല്‍ക്കാതെയായപ്പോള്‍, പരിഭ്രാന്തനായി തൊട്ടടുത്ത മുറിയില്‍ താമസിക്കുന്ന നിധീഷ് ഭരദ്വാജിനേയും ഗുഡ്‌നൈറ്റ് മോഹനേയും ഓടിച്ചെന്നു വിളിച്ചു. ഡോക്ടര്‍ കൂടിയായ നിധീഷ് പള്‍സ് പരിശോധിച്ചശേഷം സ്ഥിരീകരിച്ചു. പപ്പേട്ടന്‍ യാത്രയായിരിക്കുന്നു.”

പി.പത്മരാജന്റെ സഹജ സഞ്ചാരിയായിരുന്ന ഗാന്ധിമതി ബാലന്റെ ഈ മരവിച്ച ഓര്‍മ്മകള്‍ക്ക് 28 വയസ്സ് തികഞ്ഞിരിക്കുന്നു. പി. പത്മരാജന്‍ ഓര്‍മയായിട്ട് ഇന്നേക്ക് 28 വര്‍ഷം.

നക്ഷത്രങ്ങളെ കാവല്‍ നിര്‍ത്തി പത്മരാജന്‍ വിട പറഞ്ഞിട്ട് 28 വര്‍ഷം 

'വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല. നീ മരിച്ചതായി ഞാനും ഞാന്‍ മരിച്ചതായി നീയും കണക്കാക്കുക. ചുംബിച്ച ചുണ്ടുകള്‍ക്ക് വിട തരിക’ ലോല എന്ന ചെറുകഥയിലെ ഈ വാചകങ്ങള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അച്ചടിച്ചു വരുന്നതോടെയാണ് പത്മരാജനെ മലയാളം ശ്രദ്ധിച്ചു തുടങ്ങിയത്. ലോല വായനക്കാരന്റെ ശ്രദ്ധയാകര്‍ഷിച്ചു. ലോല മില്‍ഫോഡ് എന്ന കഥാപാത്രം വായനക്കാരനെ പ്രണയിക്കാന്‍ പഠിപ്പിച്ചു. സാഹിത്യ നിരൂപകന്‍ കെ.പി അപ്പന്‍ ലോലയെ മലയാളത്തിലെ ഏറ്റവും നല്ല പ്രണയകഥ എന്ന് വിളിച്ചു. പിന്നീട് പ്രഹേളിക, അവളുടെ കഥ, ഓര്‍മ്മ, കരിയിലക്കാറ്റു പോലെ എന്നിങ്ങനെ പത്മരാജന്‍ കഥകള്‍ മലയാളത്തെ വീണ്ടും വിസ്മയിപ്പിച്ചു.

നക്ഷത്രങ്ങളെ കാവല്‍ നിര്‍ത്തി പത്മരാജന്‍ വിട പറഞ്ഞിട്ട് 28 വര്‍ഷം 

മലയാളം കണ്ട ഏറ്റവും നല്ല എഴുത്തുകാരിലൊരാളായ പത്മരാജന്റെ കുടുംബ ജീവിതവും പുസ്തകങ്ങളും കഥാപാത്രങ്ങളും എഴുത്തുകളും നിറഞ്ഞതായിരുന്നു. പപ്പേട്ടന്‍ തനിക്ക് ഒരു ഗന്ധര്‍വനായിരുന്നെന്നാണ് ഭാര്യയായ രാധാലക്ഷ്മി പറയുന്നത്. 1970ലാണ് രാധാലക്ഷ്മി സഹപ്രവര്‍ത്തകന്‍ കൂടിയായ പത്മരാജന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. വ്യത്തിയില്ലാത്ത, അടുക്കും ചിട്ടയുമില്ലാത്ത പപ്പേട്ടന്റ വീടിനെക്കുറിച്ചും ജീവിത രീതികളെക്കുറിച്ചും തന്റെ ഓര്‍മക്കുറിപ്പായ 'പത്മരാജന്‍, എന്റെ ഗന്ധര്‍വന്‍' എന്ന പുസ്തകത്തില്‍ രാധാലക്ഷ്മി കുറിച്ചിടുകയുണ്ടായി. എഴുത്തുകാരന്‍ കൂടിയായ മകന്‍ പി.അനന്തപത്മനാഭന്‍ അച്ഛന്റെ കഥാ പ്രപഞ്ചത്തില്‍ നിന്ന് കൊണ്ട് പത്മരാജന്റെ കഥാപാത്രങ്ങളായ ചെല്ലപ്പനേയും നുക്കണ്ണിനേയും 'കാറ്റ്' എന്ന സിനിമയിലൂടെ പുനര്‍ജനിപ്പിച്ചു. അതിലൂടെ പുനര്‍ജനിപ്പിച്ചത് അച്ഛന്‍റെ ഓര്‍മകള്‍ കൂടിയാണെന്ന് അനന്തപത്മനാഭന്‍ പറയുന്നു.

നക്ഷത്രങ്ങളെ കാവല്‍ നിര്‍ത്തി പത്മരാജന്‍ വിട പറഞ്ഞിട്ട് 28 വര്‍ഷം 

‘ദുശീലങ്ങളുടെ മഹാസാഗരത്തിലൂടെ എങ്ങോട്ടെന്ന് നിശ്ചയമില്ലാതെ ഞാന്‍ ഒഴുകിപ്പോകുന്നു’ എന്ന വാക്കുകള്‍ മലയാളിക്ക് അത്ര പെട്ടന്നൊന്നും മറക്കാനാകുന്നതല്ല. 'നക്ഷത്രങ്ങളേ കാവല്‍' എന്ന നോവലിലൂടെ ഈ വരികളെഴുതി പത്മരാജന്‍ ചുവടെടുത്ത് വച്ചത് മലയാള നോവല്‍ സാഹിത്യത്തിലേക്ക് കൂടിയാണ്. ഈ നോവല്‍ പത്മരാജനെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് അര്‍ഹനാക്കി. പിന്നീട്, തന്റെ ജീവിതത്തിലെ സാഹിത്യത്തിന് അദ്ദേഹം മറ്റൊരു പേരു കൂടി കണ്ടെത്തി. സിനിമ. അങ്ങിനെ 1975ല്‍ ഭരതന്റെ പ്രയാണം എന്ന സിനിമക്ക് തിരക്കഥ തീര്‍ത്തുകൊണ്ട് പത്മരാജന്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. അവിടന്നങ്ങോട്ട് ഞാന്‍ ഗന്ധര്‍വന്‍ വരെ പത്മരാജന്‍ സിനിമകള്‍ മലയാളത്തെ ചലച്ചിത്രാസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്ക് ആനയിച്ചു. മലയാള സിനിമ വസന്തം പിന്നീട് ശൈത്യമായത് 16 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു.

'കണ്ടു കഴിഞ്ഞാല്‍ ഉപേക്ഷിക്കുന്നതാവരുത്, മറിച്ച്, പ്രേക്ഷകനെ പിന്‍തുടരുന്നതാവണം സിനിമ.' സിനിമ എന്താവണമെന്നതിനെക്കുറിച്ചുള്ള പത്മരാജന്റെ കാഴ്ചപ്പാടുകളാണിത്. അതുകൊണ്ടാവണം, ആദ്യമായി സംവിധാനം ചെയ്ത 'പെരുവഴിയമ്പലത്തിന്' ദേശീയ അവാര്‍ഡ് ലഭിച്ചത്. പ്രണയകഥകളും, നര്‍മ്മരസമായ കഥകളും, കുറ്റാന്വേഷണ കഥകളുമെല്ലാം വൈകാരികതയുടെ ചായംകൊണ്ട് തേച്ചുമിനുക്കി പത്മരാജന്‍ പ്രേക്ഷകരിലേക്കെത്തിച്ചു. 'കരിയിലക്കാറ്റുപോലെ', 'സീസണ്‍', ‘അപരന്‍’ എന്നീ സിനിമകള്‍ കുറ്റാന്വേഷണ കഥകളാണെങ്കില്‍ 'മൂന്നാംപക്കം', 'തിങ്കളാഴ്ച നല്ല ദിവസമാണ്' എന്നിവ കുടുംബകഥകള്‍ പറഞ്ഞു.

നക്ഷത്രങ്ങളെ കാവല്‍ നിര്‍ത്തി പത്മരാജന്‍ വിട പറഞ്ഞിട്ട് 28 വര്‍ഷം 

വൈകാരികത കഥയിലേക്ക് ആഴ്ന്നിറക്കാന്‍ പത്മരാജന്‍ ഉപയോഗിച്ച തന്ത്രമായിരുന്നു മനോഹരമായ കഥാപാത്ര നിര്‍മിതികള്‍. നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ സോളമനും സോഫിയയും, തൂവാനത്തുമ്പികളിലെ ജയകൃഷ്ണനും ക്ലാരയും, ഞാന്‍ ഗന്ധര്‍വനിലെ ഭാമയും ഗന്ധര്‍വനുമെല്ലാം ഇന്നും അനശ്വരമായിരിക്കുന്നത് അദ്ദേഹം തൂലിക ചലിപ്പിച്ചത് മലയാളിയുടെ മനസ്സില്‍ ആയതിനാലാവണം.

“മലയാളികള്‍ എന്തിനും ഏതിനും ഉയര്‍ത്തിപ്പിടിക്കുന്ന പേരാണ് പത്മരാജന്റേത്. ജിവിച്ചിരിക്കുന്ന സമയത്ത്, അദേഹത്തിന്റെ ചുറ്റുമുള്ള സിനിമ വ്യവസ്ഥകളില്‍ നിന്നും മാറി, സാമ്പത്തിക ലാഭത്തിന്റെ പിറകെ പോകാതെ തന്റേതായ രീതിയില്‍ സിനിമകള്‍ എടുത്ത വ്യക്തിയാണ് അദ്ദേഹം. പത്മരാജന്റെ സിനിമകള്‍ തിയേറ്ററില്‍ പോയി കണ്ട് വിജയിപ്പിക്കാന്‍ ഈ പറയുന്ന ജനങ്ങള്‍ എന്തുകൊണ്ട് അന്ന് തയാറായില്ല?” ഒരു ടി.വി ഷോയുടെ ചോദ്യോത്തര വേളയില്‍ സംവിധായകന്‍ രഞ്ജിത്ത് പത്മരാജനക്കുറിച്ച് പറഞ്ഞ വാക്കുകളാണിത്. സത്യത്തില്‍ ഇതുതന്നെയല്ലേ ഇന്നും നമ്മുടെ സമൂഹത്തില്‍ സംഭവിക്കുന്നത്. വാണിജ്യ ചേരുവകകള്‍ ഇല്ലാത്തതിനാല്‍ ഇന്നും എത്രയോ നല്ല സിനിമകളാണ് തിയേറ്ററില്‍ നിന്നും എടുത്ത് മാറ്റപ്പെടുന്നത്.

നക്ഷത്രങ്ങളെ കാവല്‍ നിര്‍ത്തി പത്മരാജന്‍ വിട പറഞ്ഞിട്ട് 28 വര്‍ഷം 

കാലത്തിനതീതമായി ചിന്തിച്ച ആ അതുല്യ പ്രതിഭ വരച്ചിട്ട സിനിമകളില്‍ ഇന്ന് ലോകം മലയാളത്തെ തിരിച്ചറിയുന്നു. ഫെമിനിസവും ഫെമിനിസ്റ്റ് സിനിമകളുമെല്ലാം ഉടലെടുക്കും മുമ്പ് തന്നെ മലയാളത്തില്‍ പത്മരാജനും അദ്ദേഹത്തിന്റെ ദേശാടനക്കിളികള്‍ കരയാറില്ല പോലുള്ള സിനിമകളും ജനിച്ചിരുന്നു. നക്ഷത്രങ്ങളുടെ കാവല്‍ക്കാരനായി ഏതോ ഗന്ധര്‍വ്വലോകത്തേക്ക് യാത്രയായ പത്മരാജന്‍ ഓര്‍മകളില്‍ ഇന്നും ജീവിക്കുന്നു.

'വളര്‍ച്ചയിലേക്കുള്ള പ്രയാണത്തിന്റെ ഒരു ഘട്ടം മരണമായിരിക്കും. അല്ലെങ്കില്‍ ആരംഭം എന്നു പറയുന്നത് മൃത്യുവിന്റെ മരവിപ്പായിരിക്കും...’

നക്ഷത്രങ്ങളെ കാവല്‍ നിര്‍ത്തി പത്മരാജന്‍ വിട പറഞ്ഞിട്ട് 28 വര്‍ഷം