LiveTV

Live

Entertainment

ലൈംഗികാരോപണം: ആർ.കെല്ലിയുമായുള്ള കരാർ സോണി അവസാനിപ്പിച്ചെന്ന് റിപ്പോർട്ടുകൾ

കെല്ലിക്കെതിരെ തുടർച്ചയായി ലൈംഗികാരോപണങ്ങൾ ഉയർന്നുവരുന്ന പശ്ചാത്തലത്തിലാണ് സോണിയുടെ ഉടമസ്ഥതയിലുള്ള ആർ സി എ റെക്കോർഡ് ലേബൽ കടുത്ത നടപടികളിലേക്ക് നീങ്ങിയതെന്നാണ് സൂചന

ലൈംഗികാരോപണം: ആർ.കെല്ലിയുമായുള്ള കരാർ സോണി അവസാനിപ്പിച്ചെന്ന് റിപ്പോർട്ടുകൾ

അമേരിക്കൻ ഗായകൻ ആർ കെല്ലിയുമായുള്ള കരാർ സോണി അവസാനിപ്പിച്ചെന്ന് റിപ്പോർട്ടുകൾ. കെല്ലിക്കെതിരെ ലൈംഗിക ആരോപണങ്ങൾ ഉയർന്നുവന്ന പശ്ചാത്തലത്തിലാണ് സോണിയുടെ ഉടമസ്ഥതയിലുള്ള ആർ.സി.എ റെക്കോർഡ് ലേബൽ വർഷങ്ങൾ നീണ്ട ബന്ധം വേർപിരിഞ്ഞത്.

ഒരു ഓൺലൈൻ മാധ്യമമാണ് ആർ കെല്ലിയുമായുള്ള കരാർ സോണി റദ്ദാക്കിയെന്ന വാർത്ത പുറത്തുവിട്ടത്. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കെല്ലിക്കെതിരെ തുടർച്ചയായി ലൈംഗികാരോപണങ്ങൾ ഉയർന്നുവരുന്ന പശ്ചാത്തലത്തിലാണ് സോണിയുടെ ഉടമസ്ഥതയിലുള്ള ആർ.സി.എ റെക്കോർഡ് ലേബൽ കടുത്ത നടപടികളിലേക്ക് നീങ്ങിയതെന്നാണ് സൂചന. ഈ മാസം ആദ്യം ഒരു ചാനലിൽ സംപ്രേഷണം ചെയ്ത സർവൈവിങ് ആർ കെല്ലി എന്ന ഡോക്യുമെന്ററിയിലൂടെയാണ് ഇരകൾ തുറന്നുപറച്ചിലുകൾ നടത്തിയത്. ആറ് ഭാഗങ്ങളായി സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിയിൽ വർഷങ്ങളായി കെല്ലിയിൽ നിന്ന് പീഡനം ഏൽക്കേണ്ടിവന്നു എന്ന് നിരവധി സ്ത്രീകൾ വെളിപ്പെടുത്തി.

ആർ ആൻഡ് ബി സംഗീതമേഖലയിലെ ഏറ്റവും മുൻനിര ഗായകനായ കെല്ലി 90 മുതൽ സ്ത്രീകളെ പീഡിപ്പിച്ചിരുന്നു എന്ന് ഡോക്യുമെന്ററിയിൽ പറയുന്നു.. അന്തരിച്ച ഗായികയും കെല്ലിയുടെ ആദ്യ ഭാര്യയുമായിരുന്ന ആലിയക്ക് കെല്ലിയിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങളും വിശദീകരിക്കുന്നുണ്ട്. 1994ൽ 27 വയസുള്ളപ്പോഴാണ് 15കാരിയായിരുന്ന ആലിയയെ കെല്ലി വിവാഹം കഴിച്ചത്. ഒരു വർഷത്തിന് ശേഷം ഇരുവരും വിവാഹമോചിതരാവുകയും ചെയ്തു. 2008ൽ കെല്ലി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികച്ചുവയിൽ സംസാരിച്ചത് വിവാദമായിരുന്നു. എന്നാൽ ഈ കേസിൽ കുറ്റക്കാരനല്ലെന്ന് കണ്ട് കെല്ലിയെ വെറുതെവിട്ടു. ആരോപണങ്ങൾക്ക് മറുപടിയുമായി 2018 ജൂലൈയിൽ ഐ അഡ്മിറ്റ് എന്ന പേരിൽ ഒരു ഗാനം കെല്ലി പുറത്തിറക്കിയിരുന്നു. പുതിയ ആൽബം പുറത്തിറക്കാനുള്ള ഒരുക്കങ്ങൾക്കിടെയാണ് മൂന്ന് ഗ്രാമി പുരസ്കാരങ്ങൾ നേടിയിട്ടുള്ള കെല്ലിക്കെതിരെ ആരോപണങ്ങൾ ഉയർന്നുവന്നത്.