LiveTV

Live

Entertainment

ഡബ്ല്യൂ.സി.സിയില്‍ അംഗമാകാന്‍ വ്യക്തിപരമായി താല്‍പര്യമില്ലെന്ന് ഐശ്വര്യ ; പരീക്ഷണ ചിത്രങ്ങള്‍ക്ക് ഇടവേളയെന്ന് ആസിഫ് അലി

ഡബ്ല്യൂ.സി.സിയില്‍ അംഗമാകാന്‍ വ്യക്തിപരമായി താല്‍പര്യമില്ലെന്ന് ഐശ്വര്യ  ; പരീക്ഷണ ചിത്രങ്ങള്‍ക്ക്  ഇടവേളയെന്ന് ആസിഫ് അലി

ഡബ്ല്യൂ.സി.സിയില്‍ അംഗമാകാന്‍ വ്യക്തിപരമായി താല്‍പര്യമില്ലെന്ന് നടി ഐശ്വര്യ ലക്ഷ്മി. പുതിയ ചിത്രമായ വിജയ് സൂപ്പറും പൗര്‍ണമിയുമായി ബന്ധപ്പെട്ട് പ്രസ്‌ക്ലബില്‍ നടന്ന മുഖാമുഖം പരിപാടിയിലാണ് ഐശ്വര്യ നിലപ്പാട് വ്യക്തമാക്കിയത്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള സിനിമ മാറ്റി നിര്‍ത്തിയാല്‍ അഭിനയ ജീവിതത്തിലെ മറ്റെല്ലാ സിനിമകളിലെയും വേഷങ്ങള്‍ കൃത്യമായി തന്നെ തെരഞ്ഞെടുത്തതാണെന്നും ഐശ്വര്യ മുഖാമുഖത്തില്‍ പറഞ്ഞു. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലൂടെയാണ് ഐശ്വര്യ ലക്ഷ്മിയുടെ മലയാള സിനിമയിലെ അരങ്ങേറ്റം.

വിജയ് സൂപ്പറും പൗര്‍ണമിയും വിജയിച്ചത് ധൈര്യം പകര്‍ന്നെന്ന് ചിത്രത്തിലെ നായകനായി അഭിനയിച്ച നടന്‍ ആസിഫ് അലി പറഞ്ഞു. ഇനി ചില സുരക്ഷിത സിനിമകള്‍ ചെയ്തതിന് ശേഷം മാത്രമാകും പരീക്ഷണ ചിത്രങ്ങളിലേക്കെന്നും ആസിഫ് അലി വൃക്തമാക്കി. ഇബലീസ്, കാറ്റ് എന്നീ ചിത്രങ്ങള്‍ തിയേറ്ററില്‍ വിജയമായില്ലെന്നും ഇനി അല്‍പ്പം കൂടി സുരക്ഷിതമായതിന് ശേഷം മാത്രമാകും അത്തരത്തിലുള്ള സിനിമകളിലേക്കെന്നും ആസിഫ് അലി പറഞ്ഞു. പരീക്ഷണ ചിത്രങ്ങള്‍ വൃക്തിപരമായി കരിയറില്‍ മെച്ചമുണ്ടാക്കിയെങ്കിലും ഇനി നിര്‍മാതാവിനെ കൂടി തൃപതിപ്പെടുത്തട്ടെയെന്നും തമാശ രൂപേണ ആസിഫ് കൂട്ടി ചേര്‍ത്തു.

ബൈസിക്കിള്‍ തീവ്സ്, സണ്‍ഡേ ഹോളിഡേ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രമാണ് വിജയ് സൂപ്പറും പൗര്‍ണമിയും. രണ്ട് ചിത്രങ്ങളും പ്രേക്ഷകര്‍ വലിയ പ്രതീക്ഷയില്ലാതെയാണ് തിയേറ്ററിലേക്ക് പോയതെന്നും ഈ സിനിമയെയും അത് പോലെ തന്നെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചതെന്നും സംവിധായകന്‍ ജിസ് ജോയ് പറഞ്ഞു. അടുത്ത സിനിമ എഴുതി കൊണ്ടിരിക്കുകയാണെന്നും ആ സിനിമയിലും ആസിഫ് അലിയാകും നായകനെന്നും ജിസ് പറഞ്ഞു.