LiveTV

Live

Entertainment

ചലച്ചിത്ര സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു

ചലച്ചിത്ര സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു

പ്രമുഖ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ലെനിൻ രാജേന്ദ്രൻ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ഭാര്യ ഡോ.രമണി. പാര്‍വതി, ഗൗതമന്‍ എന്നിവര്‍ മക്കളാണ്.

വചനം (1989), ദൈവത്തിന്റെ വികൃതികൾ (1992), മഴ(2000), കുലം, അന്യർ(2003), രാത്രിമഴ (2007), മകരമഞ്ഞ് (2010) എന്നിവ പ്രധാന ചിത്രങ്ങളാണ്. ദൈവത്തിന്റെ വികൃതികൾ എന്ന ചിത്രത്തിന് 1992 ലെ സംസ്ഥാന ചലച്ചിത്രപുരസ്കാരവും 'കുലം' എന്ന ചിത്രത്തിന് 1996 ലെ സംസ്ഥാന പുരസ്കാരവും നേടി.

തിരുവനന്തപുരത്തെ ഊരൂട്ടമ്പലത്ത് ജനിച്ച അദ്ദേഹം തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജിലാ‍യിരുന്നു പഠനം. പഠിക്കുന്ന കാലത്ത് എസ്.എഫ്.ഐയുടെ സജീവപ്രവർത്തകനായിരുന്നു. 1985 ൽ ഇറങ്ങിയ 'മീനമാസത്തിലെ സൂര്യൻ' എന്ന ചിത്രം ഫ്യൂഡൽ വിരുദ്ധപോരാട്ടത്തെ ഒരു കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്ന ചിത്രമാണ്‌.

മഴയെ സർഗാത്മകമായി തന്റെ ചിത്രങ്ങളിൽ ഉപയോഗപ്പെടുത്തിയിട്ടുള്ള ഒരു സം‌വിധായകനാണ്‌ രാജേന്ദ്രൻ. 1992 ൽ സം‌വിധാനം ചെയ്ത 'ദൈവത്തിന്റെ വികൃതികൾ' എം. മുകുന്ദന്‍റെ അതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതായിരുന്നു. കമലാ സുരയ്യയുടെ 'നഷ്ടപ്പെട്ട നീലാംബരി' എന്ന കഥയെ ഉപജീവിച്ചുള്ളതായിരുന്നു 2001 ലെ 'മഴ' എന്ന ചിത്രം കേരളത്തിലെ വർഗീയ ധ്രുവീകരണത്തെയാണ് 2003 ൽ പുറത്തിറങ്ങിയ 'അന്യർ' എന്ന ചിത്രത്തിന്‍റെ ഇതിവൃത്തം.