LiveTV

Live

Entertainment

ആലപ്പാടിനോട് ഐക്യപ്പെട്ട് യുവ താരങ്ങള്‍; പിന്തുണയര്‍പ്പിച്ച് പൃഥിരാജ്, ടോവിനോ, സണ്ണി വെയ്ന്‍

ആലപ്പാടിനോട് ഐക്യപ്പെട്ട് യുവ താരങ്ങള്‍; പിന്തുണയര്‍പ്പിച്ച് പൃഥിരാജ്, ടോവിനോ, സണ്ണി വെയ്ന്‍

കൊല്ലം കരുനാഗപ്പള്ളിയിലെ ആലപ്പാട്ട് തീരത്ത് നടക്കുന്ന കരിമണല്‍ ഖനനത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ ഫലപ്രദമായ ക്യാംപയിന്‍ ഇപ്പോള്‍ മലയാളത്തിലെ യുവ താരങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. മലയാളത്തിലെ യുവ താരങ്ങളായ പൃഥിരാജ്, ടോവിനോ, സണ്ണി വെയ്ന്‍ എന്നിവരാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പിന്തുണയറിയിച്ച് രംഗത്തെത്തിയത്. ഖനനം മൂലം ഭൂവിസ്തൃതി കുറയുകയും തീരദേശം കടലാക്രമണ ഭീതിയിലുമാണ്. അവശേഷിക്കുന്ന തീരവും കടലെടുക്കുന്നതിന് മുന്‍പ് ഖനനം നിര്‍ത്തിവെക്കണമെന്നാണ് ആലപ്പാട് സമരം ചെയ്യുന്ന സമരസമിതിയുടെ ആവശ്യം. ഖനനത്തിനെതിരെയുള്ള സമരം 68 ദിവസം പിന്നിട്ടിട്ടുണ്ട്.

കൊല്ലം ആലപ്പാട്ടെ ജനത നടത്തുന്ന സമരം കാണാതിരിക്കാനാവില്ലെന്ന് ടോവിനോ തോമസ് പറഞ്ഞു. കേരളം ഈ വിഷയം ഏറ്റെടുക്കേണ്ടിയിരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ആലപ്പാടിനെ സംരക്ഷിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള ഹാഷ് ടാഗുകള്‍ കണ്ടു. ഇത് കേരളത്തിന്റെ മുഖ്യധാരാ പ്രശ്‌നമായി കാണേണ്ടതുണ്ടെന്നും ടോവിനോ പറഞ്ഞു. കൊല്ലത്തു നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് ആലപ്പാടിനെ സംരക്ഷിക്കേണ്ടതിനെക്കുറിച്ച് ടോവിനോ പറഞ്ഞത്.

ടോവിനോയ്ക്ക് പിന്നാലെ തന്നെ നടന്‍ സണ്ണി വെയ്‌നും പിന്തുണയറിയിച്ച് ഫേസ്ബുക്കിലൂടെ രംഗത്തെത്തി. ആലപ്പാടിനെ സംരക്ഷിക്കാന്‍ വീഡിയോയിലൂടെയാണ് സണ്ണി പിന്തുണ അറിയിച്ചത്. ആലപ്പാടിനെ രക്ഷിക്കാനുള്ള ക്യാംപയ്‌നില്‍ താനും പങ്കുചേരുന്നുവെന്ന് അറിയിച്ചാണ് സണ്ണി വീഡിയോ പങ്കുവെച്ചത്.

‘പ്രളയത്തില്‍പ്പെട്ടപ്പോള്‍ സ്വന്തം ജീവന്‍ പോലും നോക്കാതെ ഇറങ്ങിത്തിരിച്ചവരാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍. പ്രത്യേകിച്ച് ആലപ്പാട് തീരദേശഗ്രാമത്തിലെ മത്സ്യത്തൊഴിലാളികള്‍. ഇന്ന് ആ തീരദേശ ഗ്രാമം വലിയൊരു പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണ്. നമ്മളെല്ലാവരുടെയും ശബ്ദം അവര്‍ക്കുവേണ്ടി ഉയര്‍ത്തേണ്ടിയിരിക്കുന്നു. ഞാന്‍ അവരോടൊപ്പം ചേരുന്നു. നിങ്ങളുമുണ്ടാകുന്നുവെന്ന് പ്രതീക്ഷിക്കുന്നു, കരിമണല്‍ ഖനനം നിര്‍ത്തി വെച്ച് ആലപ്പാടിനെ രക്ഷിക്കൂ’; സണ്ണി വെയ്ന്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ് കൊണ്ട് എത്ര മാത്രം മാറ്റം കൊണ്ടു വരാന്‍ കഴിയുമെന്ന കാര്യത്തില്‍ വിശ്വാസമുണ്ടെന്ന് ആരംഭത്തോടെയാണ് പൃഥിരാജ് ആലപ്പാട് വിഷയത്തിലെ തന്റെ പിന്തുണ അറിയിച്ചത്. ആവശ്യമായ നടപടിയെടുക്കും വരെ നമുക്ക് ഇങ്ങനെ ശബ്ദിച്ചു കൊണ്ടിരിക്കാമെന്നും പൃഥിരാജ് പറഞ്ഞു. സേവ് ആലപ്പാട് എന്ന ഹാഷ്ടാഗോട് കൂടിയാണ് പൃഥിരാജ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഇന്ത്യന്‍ റയര്‍ ഏര്‍ത്‌സ് ലിമിറ്റഡ് കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് എന്നീ കമ്പനികള്‍ 1965 മുതലാണ് ആലപ്പാട്ട് നിന്നും കരിമണല്‍ ഖനനം ആരംഭിച്ചത്. ഖനനം തുടങ്ങുന്നതിന് മുന്‍പ് 89.5 ചതുരശ്ര കിലോമീറ്റര്‍ ഭൂ വിസ്തൃതി ഉണ്ടായിരുന്ന പ്രദേശം ചുരുങ്ങി ഇപ്പോള്‍ 7.6 ചതുരശ്ര കിലോമീറ്ററായി മാറി. ഖനനം തുടരും തോറും കടല്‍ കരയെ വിഴുങ്ങുകയാണ്. നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ഖനനമെന്നാണ് നാട്ടുകാരുടെ പരാതി.

ഖനനം നടത്തിയ സ്ഥലം പൂര്‍വ്വസ്ഥിതിയിലാക്കണമെന്ന ചട്ടവും പാലിക്കപ്പെടുന്നില്ല. അനുമതിയില്ലാത്ത സ്ഥലത്തും ഐ.ആര്‍.ഇ കമ്പനി ഖനനം നടത്തുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കടലിനും കായലിനും ഇടക്കുള്ള ഗ്രാമമാണ് ആലപ്പാട്. ഇനിയും ഖനനം തുടര്‍ന്നാല്‍ ഗ്രാമം ഭൂപടത്തില്‍ മാത്രമായിത്തീരുമെന്ന ഭീതിയിലാണ് ഇവിടത്തുകാര്‍.