പ്രേമം സിനിമയ്ക്ക് ശേഷമാണ് ഞാന്‍ സുന്ദരിയാണെന്ന ബോധ്യം എനിക്കുണ്ടായത്: സായ് പല്ലവി
ആ സിനിമയ്ക്കു വേണ്ടി മെയ്ക്കപ്പ് ഇടാനും മുടി സെറ്റ് ചെയ്യാനുമൊക്കെ ഞാന്‍ തയ്യാറായിരുന്നു.

പ്രേമത്തിലെ മലര് മിസായി മലയാളികളുടെ മനം കവര്‍ന്ന നായികയാണ് സായ് പല്ലവി. നായികയെക്കുറിച്ചുള്ള പരമ്പരാഗത സങ്കല്പങ്ങളെ മാറ്റിമറിച്ചാണ് മുഖക്കുരുവുള്ള മേയ്ക്കപ്പില്ലാത്ത മലര് മിസ് ആരാധകരുടെ മനസില്‍ ചേക്കേറിയത്. മലര് മിസാണ് താന്‍ സുന്ദരിയാണെന്ന ബോധ്യം തനിക്ക് സമ്മാനിച്ചതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പല്ലവി.

മറ്റു പെണ്‍കുട്ടികളെപ്പോലെ സൗന്ദര്യത്തെപ്പറ്റി ഒരുപാടു സംശയങ്ങള്‍ എനിക്കും ഉണ്ടായിരുന്നു. ഏതെങ്കിലും ആണ്‍സുഹൃത്തുക്കള്‍ പറയുമ്പോഴായിരിക്കും ഒരു പെണ്‍കുട്ടി അവള് സുന്ദരിയാണെന്ന് സ്വയം വിശ്വസിക്കുക. പ്രേമം സിനിമയ്ക്കു ശേഷമാണ് എനിക്ക് ഞാന്‍ സുന്ദരിയാണെന്ന തിരിച്ചറിവ് ഉണ്ടായത്. ആ സിനിമയ്ക്കു വേണ്ടി മെയ്ക്കപ്പ് ഇടാനും മുടി സെറ്റ് ചെയ്യാനുമൊക്കെ ഞാന്‍ തയ്യാറായിരുന്നു. പക്ഷേ അതിന്റെ ആവശ്യമില്ലെന്ന് സംവിധായകന് അല്‍ഫോന്‍സ് പുത്രന് പറഞ്ഞു.’ സായി പറഞ്ഞു.

വെറുതെ സുന്ദരിയായി ചമഞ്ഞൊരുങ്ങി പ്രത്യക്ഷപ്പെടുന്നിതിലല്ല കഥാപാത്രമാണ് പ്രധാനപ്പെട്ടതെന്ന ബോധ്യം പ്രേമം എന്ന ചന്ന ചിത്രത്തിലൂടെ തനിക്ക് കിട്ടിയെന്നും സായി പറയുന്നു. ചിത്രം റിലീസ് ചെയ്ത ദിവസം ഏറെ പേടി തോന്നി. സ്ക്രീനിലെ തന്നെ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്നായിരുന്നു അതിന് കാരണം. എന്നാല്‍ ആ കഥാപാത്രത്തെ പ്രേക്ഷകര്‍ സ്വീകരിച്ചു. അത് ഏറെ ആത്മവിശ്വാസം നല്‍കിയെന്നും സായ് പറഞ്ഞു.

പ്രേമത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാന്റെ നായികയായി കലി എന്ന ചിത്രത്തിലാണ് സായ് പല്ലവി പ്രത്യക്ഷപ്പെട്ടത്. ചിത്രം വിജയമായിരുന്നെങ്കിലും പിന്നെ മലയാളത്തില്‍ സായിയെ കണ്ടതേയില്ല. കലിക്ക് ശേഷം തെലുങ്കില്‍ അഭിനയിച്ച ഫിദ എന്ന ചിത്രവും സൂപ്പര്‍ഹിറ്റായിരുന്നു. പിന്നീട് തെലുങ്കിലും തമിഴിലുമായി സായ് പല്ലവിയെ തേടി നിരവധി ചിത്രങ്ങളാണെത്തിയത്. ധനുഷിന്റെ നായികയായി വേഷമിട്ട മാരി 2വാണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിലെ ആനന്ദി എന്ന ഓട്ടോ ഡ്രൈവറുടെ കഥാപാത്രം കയ്യടി നേടി. ധനുഷിനോടൊപ്പമുള്ള ചിത്രത്തിലെ ഡാന്‍സും ശ്രദ്ധേ നേടി.