LiveTV

Live

Entertainment

‘ഫഹദിന്റെ ഐഡിയയായിരുന്നു ആ സീന്‍’; അണിയറ കഥ വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

‘ഫഹദിന്റെ ഐഡിയയായിരുന്നു ആ സീന്‍’; അണിയറ കഥ വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

‘ഞാന്‍ പ്രകാശന്‍’ സിനിമയിലെ ആത്മാവിന്‍ ആകാശത്തില്‍ എന്ന ഗാനം ഇന്നലെയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. ഫഹദ് ഫാസിലും ദേവിക സഞ്ജയും മല്‍സരിച്ചഭിനയിച്ച ‘ആത്മാവിന്‍ ആകാശത്തില്‍’ എന്ന ഗാനത്തിന്റെ ചിത്രീകരണ വിശേഷം വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ സത്യന്‍ അന്തിക്കാട്. ചിത്രത്തിലെ നിര്‍ണായകമായ ഒരു രംഗം ഫഹദിന്റെ ഐഡിയയായിരുന്നു എന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്. വല്ലാത്തൊരു ഇമോഷണൽ അനുഭവം ആ സീനിനുണ്ടെന്നും അത്‌ തോന്നണമെങ്കിൽ മനസ്സിലൊരു സംവിധായകൻ വേണമെന്നും സത്യന്‍ അന്തിക്കാട് പറയുന്നു. ഫാസിലിന്റെ രക്‌തമായതുകൊണ്ട് അത്‌ ഫഹദില്‍ നിന്നും സംവിധാനം ചെയ്ത് ഒരു ചിത്രം പ്രതീക്ഷിക്കാവുന്നതാണ് എന്നും സത്യന്‍ പറഞ്ഞു വെക്കുന്നു.

‘ഞാൻ പ്രകാശൻ’ എന്ന സിനിമയിൽ ഒരു നിർണ്ണായക സന്ദർഭത്തിൽ ഒരു കുട്ടിയോടൊപ്പം നടക്കുന്നൊരു ഷോട്ട് പുറകിൽനിന്ന് എടുത്തിട്ടുണ്ട്. ആദ്യ ഷോട്ടിന് ശേഷം ഷാനു ചോദിച്ചു, കുറച്ച് നടന്നതിന് ശേഷം ആ കുട്ടി എന്റെ തോളിലേക്കും ഞാൻ തിരിച്ചും കൈവച്ചാൽ നന്നാകില്ലേ എന്ന്. അതിമനോഹരമായ ഷോട്ട് ആണത്. വല്ലാത്തൊരു ഇമോഷണൽ അനുഭവം ആ സീനിനുണ്ട്. അത്‌ തോന്നണമെങ്കിൽ മനസ്സിലൊരു സംവിധായകൻ വേണം. ഫാസിലിന്റെ രക്‌തമായതുകൊണ്ട് അത്‌ വൈകാതെ പ്രതീക്ഷിക്കാവുന്നതാണ്.
സത്യൻ അന്തിക്കാട്

അതെ സമയം ‘ഞാന്‍ പ്രകാശന്‍’ ചിത്രത്തിന് വന്‍ പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ക്രിസ്മസ് റിലീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ വാരിയതും ‘ഞാന്‍ പ്രകാശന്‍’ ചിത്രമാണ് എന്നാണ് ബോക്സ് ഓഫീസ് കണക്കുകൾ കാണിക്കുന്നത്. 16 വർഷങ്ങൾക്ക് ശേഷമാണ് ശ്രീനിവാസന്റെ തിരക്കഥയിൽ സത്യന്‍ അന്തിക്കാട് ഒരു സിനിമയൊരുക്കുന്നത്. എസ് കുമാറാണ് ‘ഞാന്‍ പ്രകാശന്റെ’ ക്യാമറ. ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാടാണ് ചിത്രം നിര്‍മ്മിച്ചത്.