LiveTV

Live

Entertainment

പറയാന്‍ ബാക്കി വെച്ച നുണകള്‍...

1982 കാൻ ഫെസ്റ്റിവെലിലെ ജൂറി അം​ഗങ്ങളായിരിക്കെയാണ് ​മൃണാൾ സെന്‍ എഴുത്തുമാന്ത്രികനായ ഗബ്രിയൽ ​ഗാർസ്യാ മാർകേസിനെ കാണുന്നത്. അന്നത്തെ കൂടിക്കാഴ്ചകള്‍ ഓര്‍ത്തെടുക്കുകയാണ് മൃണാള്‍ സെന്‍ തന്റെ ആത്മകഥയില്‍

പറയാന്‍ ബാക്കി വെച്ച നുണകള്‍...

ഗബ്രിയല്‍ ഗാര്‍സിയ മാര്‍കേസിനെ കാനില്‍ വെച്ചാണ് ഞാന്‍ ആദ്യമായി കാണുന്നത്. ഇന്ന്, ഇരുപത്തൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം, 2003 ല്‍ ഞാന്‍ ഈ പുസ്തകം എഴുതിക്കൊണ്ടിരിക്കേ, ആദ്ദേഹത്തിന്റെ തീരുമാനിക്കപ്പെട്ട മൂന്ന് ഭാഗങ്ങളുള്ള ആത്മകഥയുടെ ആദ്യ വാല്യം ''കഥ പറയാന്‍ ജീവിക്കുന്നു''എന്റെ കൈയകലത്തുണ്ട്. എന്റെ പുസ്തകത്തിലെ പുതിയൊരു അധ്യായം തുടങ്ങുന്നതിനായി ഈ ആകര്‍ഷകമായ വരി ജോന്‍ ഫൊന്‍ടെയിനെ* ഓര്‍മിച്ചുകൊണ്ട് അപ്പോള്‍ തന്നെ ഞാന്‍ കടമെടുത്തു: 'പഞ്ചാര നുണയന്‍' പറയാന്‍ ബാക്കിവെച്ച 'കഥകള്‍ പറഞ്ഞുകൊണ്ടേയിരുന്നു'

ഒരാള്‍ മാത്രമുള്ള ന്യൂനപക്ഷമാണ് ഞാനെന്ന് ആ നിമിഷം എനിക്ക് മനസ്സിലായി. ഞാന്‍ ആ നിമിഷം രംഗത്ത് നിന്ന് പിന്‍മാറി. പുറത്തേക്ക് പോകുമ്പോള്‍ ജെറാള്‍ഡീന്‍ കൈയില്‍ അമര്‍ത്തിക്കൊണ്ട് പൂര്‍ണക്ഷമാപണം നടത്തി

82- ലെ കാന്‍ ചലച്ചിത്രോത്സവ ജൂറിയില്‍ എനിക്കൊപ്പം ഗബ്രിയല്‍ ഗാര്‍സിയ മാര്‍കേസും ഉണ്ടായിരുന്നു. ഞങ്ങളെക്കൂടാതെ പ്രശസ്തനായ ഇറ്റാലിയന്‍ നാടകനിര്‍മ്മാതാവും ബെര്‍തോള്‍ട് ബ്രഹതിന്റെ അടുത്ത സുഹൃത്തുമായിരുന്ന ജോര്‍ജിയോ സ്‌ട്രൈലര്‍, ട്വല്‍വ് ആന്‍ഗ്രി മെന്‍ അടക്കം നിരവധി സിനിമകള്‍ സംവിധാനം ചെയ്ത ന്യൂയോര്‍ക്കില്‍ നിന്നുള്ള സിഡ്‌നി ലൂമെറ്റ്, പ്രശസ്ത തിരക്കഥാകൃത്ത് സൂസോ ചെച്ചി ദ'മീകോ, പ്രമുഖ ഫ്രഞ്ച് സംവിധാകന്‍ ഴാന്‍-ഴാക് അന്നോ, ചാര്‍ലി ചാപ്ലിന്റെ മകളും പ്രശസ്ത നടിയുമായ ജെറാള്‍ഡീന്‍ ചാപ്ലിന്‍, കൂടാതെ മറ്റു രണ്ടും പേരും ജൂറിയില്‍ ഉണ്ടായിരുന്നു, ആകെ ഒന്‍പതു പേര്‍.

മൃണാള്‍ സെന്നും മാര്‍ക്കേസും
മൃണാള്‍ സെന്നും മാര്‍ക്കേസും

ഗീതയും ഞാനും ചലച്ചിത്രോത്സവം ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പാണ് കാനിലെത്തിച്ചേര്‍ന്നത്. ഒരു കഫെയില്‍ ആദ്യമായി ഞങ്ങളെ സ്വാഗതം ചെയ്തത് ഹുംബെര്‍തോ സൊലാസ് ആയിരുന്നു. ഹവാനയില്‍ നിന്നുള്ള എന്റെ സുഹൃത്ത്, അദ്ദേഹം സെസീലിയ എന്ന ചലച്ചിത്രവുമായിട്ടാണ് കാനിലെത്തിയിട്ടുള്ളത്. രാവിലെ റോമില്‍ നിന്നുള്ള വിമാനത്തില്‍ പുറപ്പെട്ട അദ്ദേഹം ഒരു മണിക്കൂര്‍ മുന്‍പാണ് ഇവിടെ എത്തിച്ചേര്‍ന്നത്; മത്സരവിഭാഗത്തില്‍ ‘സെസീലിയ’ പ്രദര്‍ശിപ്പിക്കുന്നുണ്ട്. സൊലാസിനെ കാണാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷം തോന്നി, ഗീതയെ അദ്ദേഹത്തിന് പരിചയപ്പെടുത്തിക്കൊടുത്തു. തിരക്കേറിയ കഫെയില്‍ ഒരു മേശയ്ക്ക് ചുറ്റും ഞങ്ങളിരുന്നു -ഞാനും ഗീതയും ഹുംബെര്‍തോയും. പെട്ടെന്ന് തന്നെ ക്ഷമാപണം നടത്തി അല്പം തിരക്കുണ്ടെന്ന് പറഞ്ഞ് അദ്ദേഹം കഫെയില്‍ നിന്ന് പുറത്തിറങ്ങി. മേള കഴിയുന്നത് വരെ ജൂറി അംഗമായ ഞാനുമായുള്ള കൂടിക്കാഴ്ചകള്‍ ഒഴിവാക്കുകയാണ് നല്ലതെന്ന് സൊലാസിന് തോന്നിയിട്ടുണ്ടാകാം. അദ്ദേഹത്തിന്റെ വിവേകം എന്നെ സ്പര്‍ശിച്ചുവെങ്കിലും ആ സാമീപ്യം നഷ്ടപ്പെട്ടതില്‍ എനിക്ക് നിരാശ തോന്നി.

കാന്‍ ചലച്ചിത്രോത്സവമെന്നല്ല, ഏതൊരു മത്സര വിഭാഗമെടുത്താലും അന്തിമഫലനിര്‍ണയങ്ങള്‍ വിവാദരഹിതമാകുന്നത് അപൂര്‍വ്വമായിരിക്കും

ഒരു ദിവസം പകല്‍ ഞങ്ങള്‍ -ഞാനും ഗീതയും- സിനിമാശാലയില്‍ നിന്ന് പുറത്തേക്ക് വരികയായിരുന്നു. പുറകില്‍ നിന്നും മാര്‍കേസ് എന്നെ വിളിച്ചു. ഞങ്ങള്‍ തിരിഞ്ഞപ്പോള്‍ മാര്‍കേസിനെയും ഭാര്യയെയും കണ്ടു. എന്നെ ഒരു ഭാഗത്തേക്ക് മാറ്റിനിര്‍ത്തിക്കൊണ്ട്: ''താങ്കള്‍ക്ക് സിനിമ ഇഷ്ടപ്പെട്ടോ?'' അപ്പോള്‍ ഞങ്ങള്‍ കണ്ടിറങ്ങിയ ഹുംബര്‍ത്തോയുടെ സെസീലിയ ആണ് അദ്ദേഹം ഉദ്ദേശിച്ചത്. കൊളോണിയല്‍ കാലഘട്ടത്തില്‍ നടക്കുന്ന ക്യൂബക്കാരിയായ നായികയും ഉന്നതോദ്യോഗസ്ഥനായ സ്‌പെയിന്‍കാരനും തമ്മിലുള്ള സങ്കീര്‍ണമായൊരു പ്രണയകഥ.

''സിനിമ ഇഷ്ടപ്പെട്ടോ?'' മാര്‍ക്കേസ് വീണ്ടും ചോദിച്ചു.

''ക്ഷമിക്കണം, എനിക്ക് നിങ്ങളുമായി യോജിക്കാനാവില്ല'' ഞാന്‍ പറഞ്ഞു.

'' അതിന് എനിക്ക് ഇഷ്ടപ്പെട്ടോ ഇല്ലയോ എന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞില്ലല്ലോ?''

''താങ്കളുടെ ചോദ്യം! മറ്റെന്ത്! ചോദ്യം സൂചിപ്പിക്കുന്നുണ്ട് ചിത്രത്തോടുള്ള താങ്കളുടെ അനിഷ്ടം''

മാര്‍ക്കേസ് തലകുലുക്കിക്കൊണ്ട് എന്റെ പുറകില്‍ തലോടി.

തൊട്ടടുത്ത ദിവസം വൈകുന്നേരമാണ് സമാപനചടങ്ങ് നടന്നത്. ഒരാളുടെ ശ്രദ്ധേയമായ അസാന്നിദ്ധ്യം ചടങ്ങിനുണ്ടായിരുന്നു- അത് ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസിന്റേതായിരുന്നു

കാനോ അതല്ലെങ്കില്‍ മറ്റേതെങ്കിലും ചലച്ചിത്രമേളയോ ആകട്ടെ, അവാര്‍ഡിന് സിനിമ തെരഞ്ഞെടുക്കുന്നത് എപ്പോഴും സങ്കീര്‍ണമായ ജോലിയാണെന്ന് നമുക്കറിയാം. സങ്കീര്‍ണത കുറക്കാനും അനാവശ്യ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും മറ്റ് ഏത് ചലച്ചിത്രമേളയിലെയും പോലെ ഞങ്ങള്‍ സിനിമകള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചു. ആദ്യ പ്രദര്‍ശനത്തിന് ശേഷം യുക്തിപൂര്‍വ്വം ചില ചിത്രങ്ങള്‍ ഒഴിവാക്കുന്നു. ശ്രദ്ധിക്കേണ്ട സിനിമകളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മൂന്ന് ദിവസത്തിലൊരിക്കല്‍ കൂടിയിരിക്കാനും ഞങ്ങള്‍ തീരുമാനിച്ചു. രണ്ടാമത്തെ കാഴ്ചയില്‍ തന്നെ സാധ്യമാകുന്ന ഒന്നോ രണ്ടോ സിനിമകളെ വീണ്ടും ചര്‍ച്ച ചെയ്യാന്‍ തിരഞ്ഞെടുക്കാനും.

ഇതെല്ലാം ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത സിനിമകള്‍ ഒത്തുനോക്കി വീണ്ടും പരിശോധിക്കാനും എടുത്ത തീരുമാനങ്ങള്‍ തിരുത്താനും അന്തിമഘട്ടത്തില്‍ കടന്ന ചിത്രങ്ങളുടെ തെരഞ്ഞെടുപ്പ് ന്യായമാണെന്ന് ഉറപ്പു വരുത്താനുമാണ്. അറിവുള്ളതും അല്ലാത്തതുമായ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് എത്ര തന്നെ മുന്‍കരുതലുകള്‍ എടുത്താലും കുഴപ്പങ്ങള്‍ അവസാനം തലപൊക്കുക തന്നെ ചെയ്യും. കാന്‍ ചലച്ചിത്രോത്സവമെന്നല്ല, ഏതൊരു മത്സര വിഭാഗമെടുത്താലും അന്തിമഫലനിര്‍ണയങ്ങള്‍ വിവാദരഹിതമാകുന്നത് അപൂര്‍വ്വമായിരിക്കും.

ഗബ്രിയല്‍ ഗാര്‍സിയ മാര്‍കേസ്
ഗബ്രിയല്‍ ഗാര്‍സിയ മാര്‍കേസ്

ആദ്യ യോഗത്തില്‍ തന്നെ ക്യൂബന്‍ ചലച്ചിത്രമായ സെസീലിയ ചര്‍ച്ചക്ക് വെക്കുവാന്‍ ഞാന്‍ തയ്യാറായി. പക്ഷെ, ആര്‍ക്കും ഈ ചിത്രത്തോട് താല്‍പര്യമുള്ളതായി കണ്ടില്ല. ഒരു വാക്കുപോലും ആരും ഈ ചിത്രത്തെക്കുറിച്ച് സംസാരിച്ചില്ല. എനിക്ക് മാത്രമാണ് ഈ ചിത്രം ഇഷ്ടപ്പെട്ടത്. പക്ഷെ ഭ്രാന്തമായ ആഭിമുഖ്യമൊന്നും ഈ ചിത്രത്തോടെനിക്കുണ്ടായിരുന്നില്ല. അതിനാല്‍ അതിന്മേലുള്ള വാദമുപേക്ഷിക്കാന്‍ എനിക്ക് വിഷമം തോന്നിയില്ല. രണ്ടാമത്തെ യോഗത്തില്‍ യോഗമുറിയിലേക്ക് പോകുന്നതിന് മുമ്പ് ജെറാള്‍ഡൈന്‍ ചാപ്ലിന്‍ ഒരു പ്രത്യേക ചലച്ചിത്രത്തെക്കുറിച്ച് വാനോളം പുകഴ്ത്തി. അരികിലേക്ക് മാറ്റി നിര്‍ത്തി അവരുടെ അറിവിലേക്കായി എനിക്കും ആ ചിത്രം ഇഷ്ടപ്പെട്ടതായി പറഞ്ഞു. പക്ഷെ ആ ചിത്രം സംവിധായകന്റെ ഏറ്റവും മികച്ച ചിത്രമൊന്നുമല്ല, എങ്കിലും ഗൗരവത്തിലുള്ള ചര്‍ച്ച ചിത്രം അര്‍ഹിക്കുന്നുണ്ട്. മറ്റ് ചിത്രങ്ങള്‍ക്കില്ലാത്ത ചില സവിശേഷതകളും ഈ ചിത്രത്തിനുണ്ട്.

പറയാന്‍ ബാക്കി വെച്ച നുണകള്‍...

യോഗത്തില്‍ ഞാന്‍ ഈ ചിത്രം ചര്‍ച്ചക്കിടാമെന്നും ജെറാള്‍ഡീനില്‍ നിന്ന് വേണ്ടവിധത്തിലുള്ള പിന്തുണ പ്രതീക്ഷിക്കുന്നുണ്ടെന്നും ഞാന്‍ പറഞ്ഞു. ചെയര്‍മാന്‍ എന്നോട് പ്രത്യേക താല്‍പര്യം കാണിച്ചു; എന്റെ അഭ്യര്‍ഥന അനുവദിച്ച് ചര്‍ച്ച തുടങ്ങാന്‍ സഹായിച്ചു. ആവശ്യത്തിന് സമയമെടുത്തുകൊണ്ടുതന്നെ സിനിമയെക്കുറിച്ച് ചുരുക്കി എന്റെ വാദഗതികള്‍ അവതരിപ്പിച്ചു. നന്നായി സംസാരിച്ചെന്ന് എനിക്ക് തന്നെ തോന്നി. പക്ഷെ ആരെയും ബോദ്ധ്യപ്പെടുത്താന്‍ എനിക്കു കഴിഞ്ഞിട്ടില്ലെന്ന് ചുറ്റുമിരിക്കുന്നവരെ നോക്കിയപ്പോള്‍ എനിക്ക് മനസ്സിലായി. എന്തിനധികം, ജെറാള്‍ഡീന്‍ ഒരിക്കല്‍ പോലും എന്റെ നേരെ നോക്കിയില്ല. പേപ്പറില്‍ എന്തോ കുത്തിവരയ്ക്കുന്ന തിരക്കിലായിരുന്നു അവര്‍. ഒരാള്‍ മാത്രമുള്ള ന്യൂനപക്ഷമാണ് ഞാനെന്ന് ആ നിമിഷം എനിക്ക് മനസ്സിലായി. ഞാന്‍ ആ നിമിഷം രംഗത്ത് നിന്ന് പിന്‍മാറി. പുറത്തേക്ക് പോകുമ്പോള്‍ ജെറാള്‍ഡീന്‍ കൈയില്‍ അമര്‍ത്തിക്കൊണ്ട് പൂര്‍ണക്ഷമാപണം നടത്തി ''ഫെസ്റ്റിവെല്‍ ജൂറിയംഗമാകുന്നത് എന്തൊരു തലവേദനപിടിച്ച ജോലിയാണ്'' അവരെന്നോട് പറഞ്ഞു. കാഴ്ചയില്‍ തന്നെ അവര്‍ അസ്വസ്ഥയാണെന്നെനിക്ക് തോന്നി. ഇതിനുമുമ്പവര്‍ ഒരു ജൂറിയിലും അംഗമായിട്ടില്ലത്രേ. വിഷമിക്കേണ്ട കാര്യമില്ലെന്ന് ഞാനവരോട് പറഞ്ഞു. എനിക്കോ നമ്മള്‍ രണ്ടുപേര്‍ മാത്രമടങ്ങുന്ന ന്യൂനപക്ഷത്തിനോ ഒരു സിനിമയെ രക്ഷപ്പെടുത്താന്‍ കഴിയില്ലെന്ന് ഞാനവര്‍ക്ക് വ്യക്തമാക്കിക്കൊടുത്തു. അതിനെക്കുറിച്ച് മറക്കാം, അതാണ് നല്ലത്, ഞാന്‍ പറഞ്ഞു.

എനിക്കോ നമ്മള്‍ രണ്ടുപേര്‍ മാത്രമടങ്ങുന്ന ന്യൂനപക്ഷത്തിനോ ഒരു സിനിമയെ രക്ഷപ്പെടുത്താന്‍ കഴിയില്ലെന്ന് ഞാനവര്‍ക്ക് വ്യക്തമാക്കിക്കൊടുത്തു

സാന്ദര്‍ഭികമായി ഒരു കുറിപ്പിനെപ്പറ്റി സൂചിപ്പിക്കട്ടെ, ഒരിക്കല്‍ എന്റെ ഒരു കത്തിന് മറുപടിയായി മകന്‍ കുനാല്‍ അയച്ച മറുപടി എനിക്കു ലഭിച്ചു. പൊതു പ്രസ്താവനകളും ഉദാഹരണങ്ങളും മാത്രം അടങ്ങിയ എന്റെ കത്തില്‍ ജനാധിപത്യത്തിന്റെ ചില അവസരങ്ങളിലുള്ള അപകടങ്ങളെപ്പറ്റി ഞാനവനോട് സൂചിപ്പിച്ചിരുന്നു. കുനാല്‍ ഈ അഭിപ്രായത്തോട് യോജിക്കുകയും അതിന് അവന്റേതായ ഉദാഹരണവും നല്‍കി. ''വാനശാസ്ത്ര സംബന്ധമായ അടിസ്ഥാന തത്വങ്ങള്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കേണ്ടി വന്നിരുന്നെങ്കില്‍, ഇപ്പോഴും സൂര്യനാണ് ഭൂമിക്കു ചുറ്റും കറങ്ങുന്നതെന്ന് നമുക്ക് വിശ്വസിക്കേണ്ടിവരുമായിരുന്നു.'' കുനാലിന്റെ വാദം ഞാന്‍ നന്നായി ആസ്വദിച്ചു. ഒരു പടികൂടി കടന്ന് ഞാന്‍ ജനാധിപത്യത്തെക്കുറിച്ച സ്റ്റുവര്‍ട്ട് മില്ലിന്റെ ഉദ്ധരണി അവന് നല്‍കി. ''സാധാരണത്വത്തിന്റെ സര്‍വ്വാധിപത്യം''( ON LIBERTY എന്ന പുസ്തകത്തില്‍ നിന്ന്)

പറയാന്‍ ബാക്കി വെച്ച നുണകള്‍...

അതിനാല്‍, ഒരു ജനാധിപത്യക്രമത്തില്‍, കാനിലോ മറ്റെവിടെയെങ്കിലുമാകട്ടെ -എപ്പോഴൊക്കെ ജൂറിയില്‍ പ്രവര്‍ത്തിക്കേണ്ടി വന്നിട്ടുണ്ടോ, അപ്പോഴെല്ലാം നിര്‍ണിതമായ പരിസരത്തില്‍ അനുവദിച്ചുതന്നിട്ടുള്ള പരിമിതമായ സൗകര്യങ്ങള്‍ നല്ല ധാരണയോടും അത്യന്തം സൂക്ഷ്മതയോടും ഉപയോഗപ്പെടുത്തുക എന്നതല്ലാതെ മറ്റുവഴികളില്ല. മറ്റുള്ളവരുടെ ശരി എന്താണോ അതായിരിക്കും നമ്മുടെയും ശരി. അന്തിമഫലനിര്‍ണ്ണയത്തിനായി ലഭിക്കുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്തുക. അനുകൂലമായും പ്രതികൂലമായും വോട്ടു ചെയ്യുക, അക്കങ്ങളെണ്ണുക- ഇതാണ് അവസാന ആശ്രയം.

മഹാന്മാരായ സംവിധായകര്‍ എപ്പോഴും മഹത്തായ സിനിമകള്‍ നിര്‍മ്മിക്കാന്‍ കടപ്പെട്ടവരെല്ലന്നതാണ് സത്യം. പക്ഷെ ആരാണ് ഒരു ചലച്ചിത്രം മഹത്തായതാണെന്നും അല്ലെന്നും തീരുമാനിക്കുന്നത്?

കാനിലേക്ക് തിരിച്ചുപോകാം. സിനിമകള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് പരിശോധനയും പുന:പരിശോധനയും കഴിഞ്ഞിട്ടും ജൂറിയുടെ അവസാന സെഷന്‍ സാധാരണയില്‍ കവിഞ്ഞ് നീണ്ടുപോയി. സെന്‍ട്രല്‍ ഹോട്ടലിലെ വലിയ സ്വീറ്റില്‍ ആരംഭിച്ച യോഗം അത്യാവശ്യത്തിനുള്ള ചെറിയ ഒഴിവുകളൊഴിച്ചു നിര്‍ത്തിയാല്‍ ഇടവേളകളില്ലാതെ അര്‍ദ്ധരാത്രി രണ്ട് മണി വരെ നീണ്ടു. യോഗസമയം ചുരുക്കാന്‍ യാതൊരു മാര്‍ഗ്ഗവുമില്ല. ചലച്ചിത്രങ്ങള്‍ പരിശോധിക്കപ്പെടുകയും, മൂല്യനിര്‍ണയും നടത്തുകയും അവസാനം ഓരോ അവാര്‍ഡിനുള്ള ചിത്രങ്ങള്‍ ഷോര്‍ട്ട്‌ലിസ്റ്റില്‍ നിന്ന് വേര്‍തിരിക്കുകയും വേണം. അത്ര ചെറുതല്ല സത്യത്തില്‍ ഷോര്‍ട്ട് ലിസ്റ്റ്. ചില പേരുകള്‍ ഇതാ; മിക്കേലാഞ്ചലോ അന്റോണിയോണി, വെര്‍ണെര്‍ ഹെര്‍സോഗ്, ഴാന്‍-ലുക് ഗൊദാര്‍ദ്, കോസ്റ്റാ-ഗാവ്‌റാ, വിം വെന്‍ഡേഴ്‌സ്, താവിയാന്നി സഹോദരന്മാര്‍, എറ്റോറെ സ്‌കോല, ജെര്‍സി സ്‌കോളിമോവ്‌സ്‌കി, കരോലി മാക്, യില്‍മാസ് ഗുനെ മിക്കവരും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രഗത്ഭരായ ചലച്ചിത്ര സംവിധായകര്‍- ഇറ്റലി, വെസ്റ്റ് ജര്‍മ്മനി, ഫ്രാന്‍സ്, യു.കെ, പോളണ്ട്, ഹങ്കറി, തുര്‍ക്കി. ഷോര്‍ട്ട് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയവരിലും ശ്രദ്ധേയരുണ്ട്.

മൃണാള്‍ സെന്‍ കാനില്‍ 
മൃണാള്‍ സെന്‍ കാനില്‍ 

ബ്രിട്ടാനിയ ഹോസ്പിറ്റല്‍ എന്ന ചിത്രവുമായെത്തിയ ലിന്‍ഡ്‌സേ ആന്‍ഡേഴ്‌സന്‍. മഹാന്മാരായ സംവിധായകര്‍ എപ്പോഴും മഹത്തായ സിനിമകള്‍ നിര്‍മ്മിക്കാന്‍ കടപ്പെട്ടവരെല്ലന്നതാണ് സത്യം. പക്ഷെ ആരാണ് ഒരു ചലച്ചിത്രം മഹത്തായതാണെന്നും അല്ലെന്നും തീരുമാനിക്കുന്നത്? ആരാണ് നല്ലതിനും മികച്ചതിനുമിടയിലുള്ള അതിര്‍ത്തിരേഖ വരയ്ക്കുന്നത്? എന്തെങ്കിലും അളവുകോലുണ്ടോ? ഉണ്ടെങ്കിലും ഇല്ലെങ്കിലും മത്സരത്തിനുള്ള ഓരോ ചിത്രത്തെയും വിമര്‍ശനാത്മകമായി സമീപിക്കണമെന്ന തീരുമാനത്തില്‍ ഞങ്ങളെല്ലാവരും എത്തിച്ചേര്‍ന്നു. മുഴുവനായി വിലയിരുത്തുമ്പോള്‍ പൊതുസ്വീകാര്യമായ ചിത്രങ്ങളാണ് ഞങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് ഫലപ്രഖ്യാപനത്തിന് ശേഷം എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞ കാര്യം. അസ്വാരസ്യങ്ങളും അസ്വസ്ഥതകളും വളരെ അപൂര്‍വ്വം ചില ചിത്രങ്ങളുടെ കാര്യത്തില്‍ ഉണ്ടായിരുന്നെങ്കിലും.

‘’വാനശാസ്ത്ര സംബന്ധമായ അടിസ്ഥാന തത്വങ്ങള്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കേണ്ടി വന്നിരുന്നെങ്കില്‍, ഇപ്പോഴും സൂര്യനാണ് ഭൂമിക്കു ചുറ്റും കറങ്ങുന്നതെന്ന് നമുക്ക് വിശ്വസിക്കേണ്ടിവരുമായിരുന്നു.’’ കുനാലിന്റെ വാദം ഞാന്‍ നന്നായി ആസ്വദിച്ചു.

ജൂറിയുടെ തീരുമാനം സര്‍വ്വസ്വീകാര്യമായിരുന്നാലും, ഞങ്ങളില്‍ ഓരോരുത്തര്‍ക്കും ഒരു പ്രത്യേക അവാര്‍ഡിനെക്കുറിച്ചോ അല്ലെങ്കില്‍ മറ്റൊന്നിനെക്കുറിച്ചോ സംശയം നിലനിന്നിരുന്നു. എന്നെ സംബന്ധിച്ച് ഒരു ചിത്രത്തെക്കുറിച്ച് ചില എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. ഇതാണ് ചെറുതോ വലുതോ ആയ എല്ലാ ചലച്ചിത്രോത്സവങ്ങളിലും സംഭവിക്കുന്നത്. കാന്‍ ചലച്ചിത്രോത്സവവും ഇതില്‍ നിന്നൊഴിവല്ല. പക്ഷെ അന്തിമവിശകലനത്തില്‍ സന്തോഷത്തോടെ 'ജനാധിപത്യ' തീരുമാനത്തെ അംഗീകരിക്കുകയല്ലാതെ ഞങ്ങള്‍ക്ക് മറ്റൊന്നും ചെയ്യാനില്ല. അക്കങ്ങളുടെ കളി! പക്ഷെ, മാര്‍ക്കേസിന്റേത് വിചിത്രമായ ഒരു പ്രശ്‌നമായിരുന്നു.

സ്മിതാ പാട്ടീലിനൊപ്പം 
സ്മിതാ പാട്ടീലിനൊപ്പം 

നാലും അഞ്ചും മണിക്കൂറെടുത്ത് സിനിമകള്‍ ഒന്നിനുപുറകെ ഒന്നായി വ്യത്യസ്ത രീതികളില്‍ ഞങ്ങള്‍ ചര്‍ച്ചകള്‍ ചെയ്യുമായിരുന്നു. അങ്ങേയറ്റം വൈവിദ്ധ്യം അംഗങ്ങള്‍ക്കിടയിലുണ്ടായിരുന്നു. ചിലര്‍ ഉച്ചത്തില്‍ സംസാരിക്കുന്നവരാണെങ്കില്‍, മറ്റു ചിലര്‍ വാക്കുകള്‍ സൂക്ഷിച്ചുവെക്കുന്നവരായിരുന്നു. മറ്റു ചിലരാകട്ടെ, തങ്ങളുടെ വാദഗതികള്‍ തുറന്നു പ്രകടിപ്പിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തുന്നവരാണ്. ഹൃദ്യമായ പെരുമാറ്റവും വാക്കുകളുടെ സൂക്ഷ്മതയോടെയുള്ള ഉപയോഗവും മാര്‍ക്കേസിനെ വ്യത്യസ്തനാക്കി. ഉച്ചയൂണിന്റെ സമയത്ത് കടലിലേക്ക് തുറക്കുന്ന ബാല്‍ക്കണിയിലേക്ക് വരാന്‍ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. അവിടെ അപ്പോള്‍ ആരും ഉണ്ടായിരുന്നില്ല, അദ്ദേഹം സംസാരിച്ചു തുടങ്ങി. ''സെസീലിയ ഇഷ്ടപ്പെട്ടുവെന്നല്ലേ താങ്കള്‍ പറഞ്ഞത്?'' അദ്ദേഹം ചോദിച്ചു. ''അതെ, എനിക്കിഷ്ടമായി''. ഞാന്‍ പറഞ്ഞു, ''അതുകൊണ്ടെന്ത്?''

ഇത്തരമൊരു അസംബന്ധ അവകാശവാദം എന്തുകൊണ്ടെന്ന് ഞാനതിശയിച്ചു, പ്രത്യേകിച്ചും കാന്‍ പോലൊരു ചലച്ചിത്രോത്സവത്തില്‍

ആരും ആ ചിത്രത്തെക്കുറിച്ച് പരാമര്‍ശിക്കാത്തത് സങ്കടകരമാണെന്ന് അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണദ്ദേഹം വിഷമിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. കാരണം എനിക്കിഷ്ടപ്പെട്ട ആ ചിത്രം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടിരുന്നില്ല. ഒരിക്കല്‍ കൂടി ആ ചിത്രം കണ്ടു പുറത്തിറങ്ങിയ സമയത്ത് ഞങ്ങള്‍ തമ്മില്‍ നടന്ന സംഭാഷണം അദ്ദേഹത്തെ ഓര്‍മ്മിപ്പിച്ചു. പക്ഷെ അദ്ദേഹത്തിന് വേണ്ടത് സെസീലിയക്ക് ജൂറിയുടെ പരാമര്‍ശമാണ്, അത് ക്യൂബന്‍ സിനിമയ്ക്കുള്ളൊരു ബഹുമതിയായിരിക്കും.

പറയാന്‍ ബാക്കി വെച്ച നുണകള്‍...

ഇത്തരമൊരു അസംബന്ധ അവകാശവാദം എന്തുകൊണ്ടെന്ന് ഞാനതിശയിച്ചു, പ്രത്യേകിച്ചും കാന്‍ പോലൊരു ചലച്ചിത്രോത്സവത്തില്‍. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കുമറിയാവുന്ന കാരണം പറഞ്ഞ് അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്താന്‍ ഞാന്‍ ശ്രമിച്ചു, സെസീലിയെ മറക്കാന്‍ മാര്‍ക്കേസിന് വലിയ വിഷമമുള്ളതായി എനിക്ക് തോന്നിയില്ല. പക്ഷെ ക്യൂബയെ മറക്കുക ബുദ്ധിമുട്ടാണ്. സെസീലിയയെ സമ്മാനര്‍ഹരില്‍ ഉള്‍പ്പെടുത്താതെ ക്യൂബന്‍ സിനിമയെ ബഹുമാനത്തോടെ പരിഗണിക്കുക. പറയേണ്ട കാര്യങ്ങള്‍ പ്രത്യേക തരത്തില്‍ മാര്‍ക്കേസ് ഉച്ചരിച്ചു: ‘ഹുംബെര്‍തോ സൊലാസിന്റെ സെസീലിയയുടെ പ്രദര്‍ശനവേള ക്യൂബന്‍ സിനിമയ്ക്ക് ആദരവ് നല്‍കാനുള്ള സന്ദര്‍ഭമായി ജൂറി കാണുന്നു. സത്യസന്ധമായി പറയട്ടെ, എനിക്കൊട്ടും ബോധിച്ചില്ല’.

''തുറന്ന സംവാദമെങ്കിലും ഈ വിഷയത്തില്‍ നമുക്കായിക്കൂടെ, പറ്റില്ലേ?'' പ്രതിരോധ സ്വരത്തില്‍ അദ്ദേഹം ചോദിച്ചു.

പിന്‍വലിഞ്ഞുകൊണ്ട് ഞാന്‍ പറഞ്ഞു, ''എല്ലാം താങ്കളുടെ ഇഷ്ടം പോലെ''

പക്ഷെ ഞാന്‍ തന്നെ ഈ വിഷയം ഉന്നയിക്കണമെന്ന് മാര്‍ക്കേസ് ആഗ്രഹിച്ചു, ക്യൂബയോട് ഹൃദയബന്ധം പുലര്‍ത്തുന്ന താന്‍ ഈ വിഷയത്തില്‍ നിന്ന് അകലം പാലിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹത്തിന് തോന്നി; താല്‍പര്യത്തോടെയല്ലെങ്കിലും ഞാന്‍ സമ്മതിച്ചു.

ഹുംബെര്‍തോ സൊലാസ്
ഹുംബെര്‍തോ സൊലാസ്

ഉച്ചഭക്ഷണത്തിന് ശേഷമുള്ള യോഗം ആരംഭിച്ചു. ചെയര്‍മാനെ അഭിസംബോധന ചെയ്തുകൊണ്ട് ഞാന്‍ വിഷയം ഉന്നയിച്ചു. അംഗങ്ങള്‍ അസ്വസ്ഥത പ്രകടിപ്പിച്ചു. ജൂറി ചെയര്‍മാന്‍ ചിന്താക്കുഴപ്പത്തിലായി, പ്രസിഡന്റായ റൊബേര്‍ ഫാബ്ര്‌ല് ബ്രെറ്റിനോട് ഈ വിഷയത്തെപ്പറ്റി സംസാരിക്കാന്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ഒട്ടും സമയം നഷ്ടപ്പെടുത്താതെ പ്രസിഡന്റ് ജൂറിയ്ക്ക് മുമ്പിലെത്തി. എല്ലാം നിമിഷ വേഗത്തിലായിരുന്നു. റൊബേര്‍ ഫാബ്ര്‌ല് ബ്രെറ്റ് ചലച്ചിത്രോത്സവത്തിന്റെ കുടുംബാധിപരായിരുന്നു. പത്തുവര്‍ഷത്തോളമായി കാന്‍ ഫെസ്റ്റിവെല്ലിനെ നയിക്കുന്ന മനുഷ്യന്‍. പരിഭ്രാന്തയായി ചെയര്‍മാന്‍ അവതരിപ്പിച്ച നിര്‍ദേശം അദ്ദേഹം ശ്രദ്ധിച്ചു കേട്ടു. വിചിത്രമെന്ന് പറയട്ടെ റൊബേര്‍ ഫാബ്ര്‌ല്‍ ബ്രെറ്റ് അസ്വസ്ഥതയോ അമ്പരപ്പോ പ്രകടിപ്പിച്ചില്ല. അദ്ദേഹം തന്റെ ശബ്ദം ഉയര്‍ത്തി ചോദിച്ചു,

''അരാണിത് പറഞ്ഞത്?''

കൈയുയര്‍ത്താന്‍ എനിക്ക് ഉറ്റ നിമിഷവും വേണ്ടി വന്നില്ല. എന്നിട്ട് പറഞ്ഞു. ''ഞാന്‍''

കാഴ്ചയില്‍ കാരണവരെപ്പോലെ തോന്നിക്കുന്ന, അതുപോലെ സംസാരിക്കുന്ന റൊബേര്‍ അപ്പോള്‍ തന്നെ തന്റെ തീരുമാനം പ്രഖ്യാപിച്ചു, ഒരു സംശയത്തിനുമിടനല്‍കാതെ കാര്യങ്ങള്‍ വ്യക്തമാക്കി.

''മൃണാള്‍'' അദ്ദേഹം പറഞ്ഞു. ''നിങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത് ഒരു ചലച്ചിത്രത്തിന് അവാര്‍ഡ് നല്‍കാനാണ്, അല്ലാതെ രാജ്യത്തിനല്ല. ഇത് മറക്കരുത്.

ചലച്ചിത്രത്തിനാണ്, മനസ്സിലായോ?''അങ്ങിനെ പറഞ്ഞ് അദ്ദേഹം ഞങ്ങളെ ഞങ്ങളുടെ വഴിക്ക് വിട്ടു, ഞങ്ങള്‍ ജോലികളിലേക്ക് മടങ്ങി.

ആ സമയത്ത് ഗീത ഹോട്ടല്‍ മുറിയില്‍ പരിചിതരും അപരിചിതരുമായ ആളുകളുടെ ഫോണുകള്‍ സ്വീകരിക്കുകയായിരുന്നു. ജൂറിയില്‍ നടക്കുന്ന രഹസ്യയോഗങ്ങളെക്കുറിച്ച് അവള്‍ക്കെന്തെങ്കിലും അറിയുമെന്ന് അവര്‍ വിശ്വസിച്ചു. ചില വിവരങ്ങളെങ്കിലും ചോര്‍ന്ന് അവളുടെ അടുത്തെത്തിയിയിരിക്കുമെന്നായിരുന്നു അവരുടെ ധാരണ.

തൊട്ടടുത്ത ദിവസം വൈകുന്നേരമാണ് സമാപനചടങ്ങ് നടന്നത്. ഒരാളുടെ ശ്രദ്ധേയമായ അസാന്നിദ്ധ്യം ചടങ്ങിനുണ്ടായിരുന്നു- അത് ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസിന്റേതായിരുന്നു.

* പ്രശസ്ത അമേരിക്കന്‍ നടി. അതേ വര്‍ഷം നടന്ന ജോന്‍ ഫൊന്‍ടെയിന്‍ അധ്യക്ഷയായ ബെര്‍ലിന്‍ ചലച്ചിത്രോത്സവത്തില്‍ മൃണാള്‍സെന്‍ ജൂറി അംഗമായിരുന്നു. ആദ്യസിനിമയായ റെബേക്കയില്‍ കണ്ടതില്‍ നിന്ന് ജോനിന് ഒരു മാറ്റവുമില്ലെന്ന മൃണാളിന്റെ കമന്റിന് -അവര്‍ മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് മൃണാളിനെ വിളിച്ചു ''പഞ്ചാരനുണയന്‍''

പരിഭാഷ: ഉബൈദുര്‍റഹ്‍മാന്‍