LiveTV

Live

Entertainment

‘ഇലക്ഷന് തൊട്ടു മുൻപ് ‘ബയോപ്പിക്കുകൾ’ ഇറക്കുന്ന ഇന്ത്യൻ പ്രതിഭാസം’; കമ്മാരസംഭവം പരിഹാസവുമായി മുരളി ഗോപി

‘ഇലക്ഷന് തൊട്ടു മുൻപ് ‘ബയോപ്പിക്കുകൾ’ ഇറക്കുന്ന ഇന്ത്യൻ പ്രതിഭാസം’; കമ്മാരസംഭവം പരിഹാസവുമായി മുരളി ഗോപി

തെരഞ്ഞെടുപ്പിന് മുന്‍പ് വ്യക്തികളെ മഹത്വവല്‍ക്കരിക്കുന്ന ഇല്ലാത്ത കഥകള്‍ കൊണ്ട് ചരിത്രം സൃഷ്ടിക്കുന്ന കമ്മാരന്റെ കഥയാണ് കമ്മാരസംഭവത്തിലൂടെ നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി പറയുന്നത്. ചരിത്ര നുണകളാല്‍ പടച്ചിറക്കിയ സിനിമയിറങ്ങി കമ്മാരന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്നതാണ് കമ്മാരസംഭവം ചിത്രത്തിന്റെ ഇതിവൃത്തം. കുറച്ച് പേര്‍ കൂടിയിരുന്ന് നുണകളെ കോഡിഫൈ ചെയ്യുന്നതാണ് ചരിത്രം എന്ന ലേബലോടെയാണ് കമ്മാരസംഭവം പ്രേക്ഷകരിലേക്ക് എത്തിയത്. ഇതേ ഒരു അവസ്ഥ തന്നെയാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇന്ത്യയില്‍ സംഭവിക്കുന്നതെന്ന് മുരളി ഗോപി പറയുന്നു. ഇലക്ഷന് തൊട്ടു മുൻപ് ‘ബയോപ്പിക്കുകൾ’ ഇറക്കുന്ന ഇന്ത്യൻ പ്രതിഭാസം’ എന്ന അടിക്കുറിപ്പോടെയാണ് നാല് ചിത്രങ്ങളുടെ പോസ്റ്ററുകള്‍ മുരളി ഗോപി പരിചയപ്പെടുത്തുന്നത്.

നാല് ആത്മകഥാംശമുള്ള ചിത്രങ്ങളാണ് തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഇന്ത്യയില്‍ റിലീസിനെത്തുന്നത്. ബാല്‍ താക്കറെയെ വെള്ള പൂശിയുള്ള ‘താക്കറെ’ സിനിമ ഇതിനകം തന്നെ വിമര്‍ശനങ്ങള്‍ കൊണ്ട് ശ്രദ്ധ നേടിയതാണ്. താക്കറെ സിനിമക്കെതിരെ നടന്‍ സിദ്ധാര്‍ത് ട്വറ്ററില്‍ രംഗത്തെത്തിയെതും വലിയ വാര്‍ത്തയായിരുന്നു. മമ്മുട്ടിയുടെ യാത്ര, എന്‍.ടി.ആറിനെ ക്കുറിച്ചുള്ള എന്‍.ടി.ആര്‍ ചിത്രങ്ങളും ബയോപിക്ക് ഗണത്തില്‍ തിയേറ്ററിലെത്തുന്ന ചിത്രങ്ങളാണ്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയും കോണ്‍ഗ്രസ് രാഷ്ട്രീയത്തെയും വിമര്‍ശനാത്മകമായി സമീപിക്കുന്ന ‘ദി ആക്സിഡന്റല്‍ പ്രൈംമിനിസ്റ്ററും’ ഇതേ രൂപത്തില്‍ തിയേറ്ററിലെത്തുന്നവയാണ്. ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് സമയത്തെ ചിത്രത്തിന്റെ റിലീസ് ബി.ജെ.പിയെ സഹായിക്കാനാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഇതേ സന്ദര്‍ഭത്തില്‍ തന്നെ പുറത്തിറങ്ങുന്ന ‘ഉറി’ ചിത്രവും വലിയ വിമര്‍ശനമാണ് നേരിടുന്നത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ നീക്കമാണ് ഇതെന്നാണ് വിലയിരുത്തല്‍.