LiveTV

Live

Entertainment

കാതുകളില്‍,മനസുകളില്‍ ജീവാംശമായി പെയ്തിറങ്ങിയ പാട്ടുകള്‍

കാതുകളില്‍ പുതിയ ഈണങ്ങള്‍ തീര്‍ത്തുകൊണ്ട് ചിലത് സുഗന്ധം പരത്തി അങ്ങിനെ നിന്നു.

കാതുകളില്‍,മനസുകളില്‍ ജീവാംശമായി പെയ്തിറങ്ങിയ പാട്ടുകള്‍

രു പാട് പാട്ടുകള്‍ അങ്ങിനെ വിടര്‍ന്ന് പൂത്തുലഞ്ഞ വര്‍ഷമായിരുന്നു 2018. കാതുകളില്‍ പുതിയ ഈണങ്ങള്‍ തീര്‍ത്തുകൊണ്ട് ചിലത് സുഗന്ധം പരത്തി അങ്ങിനെ നിന്നു. ചിലതാകട്ടെ പെട്ടെന്നൊരു ഓളം തീര്‍ത്ത് വളരെ പെട്ടെന്ന് തന്നെ കൊഴിഞ്ഞുവീണു. ഇപ്പോഴും സുഗന്ധം പരത്തിക്കൊണ്ടിരിക്കുന്ന ആ പാട്ടുകള്‍ ഒന്നു കൂടി ഹൃദയങ്ങളിലേക്ക് ചേര്‍ക്കാം.

1.ജീവാംശമായി താനെ

കണ്ണടച്ചിരുന്ന് ഒരു ചാറ്റല്‍മഴയെ കേള്‍ക്കുന്നതു പോലെയായിരുന്നു ജീവാംശമായി എന്ന പാട്ട് മനസുകളിലേക്ക് പെയ്തു വീണത്. നാട്ടിടവഴികളും നാടന്‍ പ്രണയവും ആ പാട്ടിന്റെ ദൃശ്യങ്ങളെ കൂടുതല്‍ മനോഹരമാക്കി. ടൊവിനോ തോമസും സംയുക്ത മേനോനും അവരുടെ പ്രണയവും നിറഞ്ഞു നിന്ന ഈ പാട്ടിനെ ഇഷ്ടപ്പെടാതിരിക്കാന്‍ ആര്‍ക്കാണ് സാധിക്കുക. ശ്രേയാ ഘോഷാലിന്റെ മധുരശബ്ദം, ഒപ്പം ഹരിശങ്കറും. സംഗീതം നല്‍കിയത് കൈലാസ് മേനോനായിരുന്നു. ബി.കെ ഹരിനാരായണന്റെതായിരുന്നു വരികള്‍. ചിത്രം-തീവണ്ടി.

2. ഒടിയന്റെ പ്രണയം അമ്പ്രാട്ടിയുടെയും

ഒരു നാടന്‍ പാട്ടിന്റെ ശേലായിരുന്നു ഈ പാട്ടിന്. അതുകൊണ്ടാകാം കൊണ്ടോരാം കൊണ്ടോരാം എന്ന ഈ പാട്ട് വളരെ പെട്ടെന്ന് തന്നെ മലയാളിയുടെ കാതുകളെ കീഴടക്കിയത്. ഒടിയന്‍ മാണിക്യന്റെയും പ്രഭയുടെയും പ്രണയമായിരുന്നു പാട്ടിന്റെ പ്രമേയം. ഒപ്പം ഒടിയന്റെ മാന്ത്രിക വിദ്യകളും. സുധീപ് കുമാറും ശ്രേയ ഘോഷാലും ചേര്‍ന്ന് പാടിയ ഈ പാട്ടിന് സംഗീതം നല്‍കിയത് എം.ജയചന്ദ്രനായിരുന്നു. ഗാനരചന-റഫീഖ് അഹമ്മദ്. ചിത്രം-ഒടിയന്‍

3.പൂമുത്തോളെ നീയെരിഞ്ഞ

പൂമുത്തോളെ നീയെരിഞ്ഞ വഴിയില്‍...എന്ത് ഭംഗിയാണല്ലേ ഈ പാട്ട്. പാട്ട് മാത്രമല്ല അത് ചിത്രീകരിച്ചിരിക്കുന്നതും വളരെ മനോഹരമായിട്ടാണ്. വിവാഹ ശേഷമുള്ള പ്രണയമായിരുന്നു ഈ പാട്ടില്‍ നിറഞ്ഞുനിന്നത്. അജീഷ് ദാസന്‍ വരികള്‍ക്ക് ഈണമിട്ടത് രഞ്ജിന്‍ രാജാണ്. പാടിയത് വിജയ് യേശുദാസ്. ചിത്രം-ജോസഫ്.

4. കാതലേ..കാതലെ

കാതല്‍ എന്ന വാക്കിന്റെ മുഴുവന്‍ ഭംഗിയും നിറഞ്ഞു നിന്ന പാട്ടായിരുന്നു വിജയ് സേതുപതി-തൃഷ എന്നിവര്‍ ഒന്നിച്ച 96ലെ കാതലേ കാതലെ എന്ന പാട്ട്. മലയാളിയായ ഗോവിന്ദ് വസന്ത ഈണമിട്ട പാട്ടിനെ തമിഴകം മാത്രമല്ല തെന്നിന്ത്യ മുഴുവനും ഏറ്റെടുത്തു. ചിന്‍മയിയും ഗോവിന്ദ് വസന്തയും ചേര്‍ന്നാണ് പാട്ട് പാടിയത്. കാര്‍ത്തിക നേതയാണ് ഗാനരചന. ചിത്രം-96

5. കായംകുളം കൊച്ചുണ്ണിയുടെ പ്രണയം

കളരിയടവും ചുവടിന്‍...കായംകുളം കൊച്ചുണ്ണിയുടെ ഈ പാട്ടില്‍ കണ്ടത്. ശ്രേയ ഘോഷാലും വിജയ് യേശുദാസും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഷോബിന്‍ കണ്ണങ്ങാട്ടിന്റെ വരികള്‍ക്ക് ഈണമിട്ടത് ഗോപീസുന്ദറാണ്. ചിത്രം-കായംകുളം കൊച്ചുണ്ണി

6.ദൂരെ ദൂരെ ഇതള്‍ വിരിയാനൊരു

മേരിക്കുട്ടിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് ഈ പാട്ടിലുള്ളത്. ദൂരെ ദൂരെ എന്നു തുടങ്ങുന്ന ഈ പാട്ട് പാടിയിരിക്കുന്നത് ബിജു നാരായണനാണ്. സംഗീതം ആനന്ദ് മധുസൂദനന്‍, ഗാനരചന-സന്തോഷ് വര്‍മ്മ. ചിത്രം-ഞാന്‍ മേരിക്കുട്ടി.

7.നീര്‍മാതളപ്പൂവിനുള്ളില്‍

മാധവിക്കുട്ടിയുടെ ജീവിതകഥ വെള്ളിത്തിരയിലെത്തിയപ്പോള്‍ ചിത്രത്തിലെ പാട്ടുകള്‍ക്കെല്ലാം നീര്‍മാതളപ്പൂവിന്റെ ഭംഗിയുണ്ടായിരുന്നു. നീര്‍മാതളപ്പൂവിനുള്ളില്‍ നീഹാരമായി എന്നു തുടങ്ങുന്ന പാട്ടിന് പ്രത്യേകിച്ചും. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയത് എ.ജയചന്ദ്രനാണ്. പാടിയത് പ്രിയഗായിക ശ്രയ ഘോഷാലും. ചിത്രം-ആമി

8.രാസാത്തി എന്നെ വിട്ട് പോകാതെടി..

നന്‍മ നിറഞ്ഞ ചിത്രമായിരുന്നു അരവിന്ദന്റെ അതിഥികള്‍. ചിത്രത്തിലെ ഗാനങ്ങളും ഒന്നിനൊന്ന് മെച്ചമായിരുന്നു. വിനീത് ശ്രീനിവാസന്‍ പാടിയ രാസാത്തി എന്നെ വിട്ട് പോകാതെടി എന്ന പാട്ടും ഹൃദയങ്ങളെ കീഴടക്കും. ഷാന്‍ റഹ്മാനാണ് സംഗീതം. വരികളെഴുതിയത് ബികെ ഹരിനാരായണന്‍.

9.ഇങ്കേം ഇങ്കേം ഇങ്കേം കാവാലേ

പാട്ട് തെലുങ്കാണെങ്കിലും മലയാളികള്‍ ഏറ്റെടുത്ത പാട്ടായിരുന്നു ഗീതാഗോവിന്ദത്തിലെ ''ഇങ്കേം ഇങ്കേം ഇങ്കേം കാവാലേ എന്ന പാട്ട്. ഗോപീസുന്ദര്‍ ഈണമിട്ട ഈ പാട്ട് പാടിയത് സിദ്ധ് ശ്രീറാമാണ്.

10. ചെറുകഥ പോലെ

ഒരു നാടിന്റെ സ്നേഹം മുഴുവന്‍ ഒരു പാട്ടില്‍ നിറഞ്ഞു നില്‍ക്കുന്നത് എങ്ങിനെയെന്നറിയാമോ. എങ്കില്‍ ഈ പാട്ട് കേട്ടാല്‍ മതി. ചെറുകഥ പോലെ എന്നു തുടങ്ങുന്ന ഈ മനോഹര ഗാനം സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെതാണ്. സംഗീതം നല്‍കി പാടിയിരിക്കുന്നത് റെക്സ് വിജയനാണ്. ഹരിനാരായണനാണ് ഗാനരചന.